രാജ്യം മുഴുവൻ 2025നെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. പലയിടത്തും പുതുവർഷാഘോഷവും തുടങ്ങിക്കഴിഞ്ഞു. 2025ൽ പല മേഖലകളിലും വമ്പൻ മാറ്റങ്ങളാണ് വരാൻ പോകുന്നത്. ഇതിൽ ചിലത് സാധാരണക്കാർക്ക് ഇരുട്ടടിയാകുമെന്ന കാര്യത്തിൽ സംശയമില്ല. ഒഴിച്ചുകൂടാൻ പറ്റാത്ത പല സാധനങ്ങൾക്കും വില കുത്തനെ ഉയരാൻ പോകുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
പുതിയ ജിഎസ്ടി നിരക്കുകൾ മുതൽ വിസ നിയമങ്ങളും മൊബൈൽ ഡാറ്റ നിരക്കുകളിലെ മാറ്റങ്ങളുമൊക്കെ 2025 ജനുവരി ഒന്ന് മുതൽ നിങ്ങളുടെ കുടുംബ ബഡ്ജറ്റിനെയും ബാധിച്ചേക്കും. അടുത്ത വർഷത്തെ പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
പാചക വാതക വില
എണ്ണ വിപണന കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതിയാണ് പാചക വാതക വിലയിൽ മാറ്റം വരുത്താറ്. ഗാർഹിക സിലിണ്ടറുകളുടെ (14.2 കിലോ) വില മാസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ ഡൽഹിയിൽ സിലിണ്ടറിന് 803 രൂപയാണ്. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗാർഹിക പാചക വാതക നിരക്കിൽ നിരക്കിലും ഉടൻ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കാർ വില കൂടും
കേരളത്തെ സംബന്ധിച്ച് കാർ ഇല്ലാത്ത വീട് വളരെ ചുരുക്കമാണ്. ഒന്നിലധികം കാറുകളുള്ള നിരവധി വീടുകൾ രാജ്യത്തുണ്ട്. എന്നാൽ കാർ പ്രേമികളെ സംബന്ധിച്ച് അൽപം നിരാശയുള്ള വാർത്തകളാണ് വരുന്നത്.
2025 ജനുവരി ഒന്നു മുതൽ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ്, മഹീന്ദ്ര, ഹോണ്ട, കിയ തുടങ്ങിയ പ്രമുഖ വാഹന നിർമ്മാതാക്കളും ആഡംബര ബ്രാൻഡുകളായ മെഴ്സീഡിയസ് ബെൻസ്, ഔഡി, ബി എം ഡബ്ല്യൂ എന്നിവയും രണ്ട് മുതൽ നാല് ശതമാനം വരെ വില വർദ്ധിപ്പിക്കും. ഉയർന്ന ഉൽപ്പാദനച്ചെലവ്, വർദ്ധിച്ച കൂലി അടക്കമുള്ള ഘടകങ്ങളാണ് വില വർദ്ധനയ്ക്ക് കാരണമെന്നാണ് നിർമാതാക്കാൾ പറയുന്നത്. കാർ വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ വരും വർഷങ്ങളിൽ കൂടുതൽ മുതൽ മുടക്കേണ്ടിവരുമെന്ന് ചുരുക്കം.
റിച്ചാർജിന് ചെലവേറും
ജിയോ, എയർടെൽ, വോഡഫോൺ, ബി എസ് എൻ എൽ തുടങ്ങിയ ടെലികോം ഭീമന്മാർ ഉടൻ തന്നെ ഡാറ്റാ ചാർജ് പ്ലാനുകൾ കൂട്ടിയേക്കും. പുതിയ നിരക്കുകൾ ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും. ടെലികമ്മ്യൂണിക്കേഷൻസ് (റൈറ്റ് ഓഫ് വേ) റൂൾസ് 2024 സെപ്തംബർ 19നാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് അവതരിപ്പിച്ചത്.
ഫിക്സഡ് ഡെപ്പോസിറ്റ് റൂൾസ്
നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളിലെയും (NBFC), ഹൗസിംഗ് ഫിനാൻസ് കമ്പനികളിലെയും (HFC) സ്ഥിര നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ 2025 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
ഈ വർഷം ആദ്യമാണ് പൊതു നിക്ഷേപങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ഇത്തരമൊരു നിർദേശം അവതരിപ്പിച്ചത്. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ അടക്കം ഇതിൽ ഉൾപ്പെടുന്നു.
പെൻഷൻ പിൻവലിക്കലിൽ മാറ്റങ്ങൾ
ഇത് പൊതുജനങ്ങളെ സംബന്ധിച്ച് ആശ്വാസകരമായ കാര്യമാണ്. 2025 ജനുവരി ഒന്നുമുതൽ ലളിതമായ രീതിയിൽ പെൻഷൻ പിൻവലിക്കാൻ സാധിക്കും. വെരിഫിക്കേഷന്റെ പേരിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടാതെ തന്നെ പെൻഷൻകാർക്ക് രാജ്യത്തെ ഏത് ബാങ്ക് ശാഖയിൽ നിന്നും പണം പിൻവലിക്കാൻ കഴിയും. പുതിയ കേന്ദ്രീകൃത പെൻഷൻ പേയ്മെന്റ് സംവിധാനം ഇപിഎഫ്ഒയുടെ 78 ലക്ഷത്തിലധികം ഇപിഎസ് പെൻഷൻകാർക്ക് പ്രയോജനം ചെയ്യുമെന്നാണ് വിവരം.
യു പി ഐ 123 പേ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
യു പി ഐ 123 പേ പണമിടപാട് പരിധി വർദ്ധിപ്പിച്ചു. മുമ്പ്, പരമാവധി ഇടപാട് പരിധി 5,000 രൂപയായിരുന്നു, എന്നാൽ 2025 ജനുവരി ഒന്നുമുതൽ പരിധി 10,000 രൂപയായി ഉയർത്തും.
വാട്സാപ്പ് ലഭിക്കില്ല
കിറ്റ്കാറ്റ് ഒഎസിലോ പഴയ പതിപ്പുകളിലോ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഉപകരണങ്ങളിൽ വാട്സാപ്പ് ഉടൻ പ്രവർത്തനം നിർത്തും. ഈ മാറ്റം സാംസങ്, എൽജി, സോണി, എച്ച്ടിസി, മോട്ടറോള തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ജനപ്രിയ മോഡലുകളെ ബാധിക്കും. പ്രത്യേകിച്ച് 9 മുതൽ 10 വർഷം മുമ്പ് പുറത്തിറങ്ങിയ ഫോണുകളെ ബാധിക്കും.
തായ്ലൻഡ് ഇ വിസ സംവിധാനം
2025 ജനുവരി ഒന്നുമുതൽ, ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി തായ്ലൻഡ് ഇ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയും. മുമ്പ്, ഇ വിസ സംവിധാനം ചില പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ.