മലപ്പുറം: പുതുവത്സരാഘോഷത്തിന്റെ കൊഴുപ്പിൽ മതിമറന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ജാഗ്രത. എട്ടിന്റെ പണി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ആഘോഷ കാലത്ത് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങൾ മുന്നിൽ കണ്ട് പൊലീസുമായി സഹകരിച്ച് വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ജില്ലാ ആർ.ടി.ഒ ബി.ഷഫീക്ക് നിർദ്ദേശം നൽകി.
പുതുവത്സര രാത്രികളിൽ റോഡുകളിൽ കർശന പരിശോധനയുണ്ടാവും. ആഘോഷത്തിമർപ്പിൽ അമിതാവേശക്കാർ ചീറിപ്പായാനുള്ള സാദ്ധ്യത പരിഗണിച്ച് 30, 31 തീയതികളിൽ ജില്ലയിലെ പ്രധാന അപകട മേഖലകൾ, ദേശീയ സംസ്ഥാനപാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന ഊർജ്ജിതമാക്കുന്നത്. പൊലീസിന് പുറമെ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗവും, മലപ്പുറം ആർ.ടി.ഒ ഓഫീസ്, തിരൂരങ്ങാടി, പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി സബ് ആർ.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ രാത്രികാല പരിശോധന ശക്തമാക്കും.
ലൈസൻസ് പോവും
മദ്യപിച്ചുള്ള ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത, രണ്ടിലധികം ആളുകളെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്നൽ ലംഘനം തുടങ്ങിയ കുറ്റങ്ങൾക്ക് പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദ് ചെയ്യും.
രൂപ മാറ്റം നടത്തിയ വാഹനങ്ങൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറ്റിയിട്ടുള്ള വാഹനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
മറ്റുള്ളവരുടെ ഡ്രൈവിംഗിന് ബാധിക്കുന്ന രീതിയിൽ വിവിധ വർണ്ണ ലൈറ്റുകൾ ഉപയോഗിക്കുന്നവർക്ക് എതിരെയും ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെയും എയർ ഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെയും കർശന നടപടിയെടുക്കും.
ശബരിമല തീർത്ഥാടന കാലം നിലനിൽക്കുന്നതിനാൽ പുതുവത്സര ദിനത്തിൽ റോഡ് തടസങ്ങളൊഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. റോഡ് നിയമ പാലനം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും റോഡ് സുരക്ഷ പരിശീലിക്കുന്നതിനും ട്രാഫിക് നിയമങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാനും മാതാപിതാക്കൾ പരമാവധി ശ്രമിക്കണം.
ആർ.ടി.ഒ ബി.ഷഫീഖ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]