കൊച്ചി: കലൂരിൽ ഉമാ തോമസ് എംഎൽഎയ്ക്ക് വീണ് ഗുരുതര പരിക്കേറ്റ നൃത്ത പരിപാടിയുടെ സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്. മൃദംഗമിഷനും സ്റ്റേജ് നിർമ്മിച്ചവർക്കും എതിരായാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. ജീവന് ഭീഷണിയാകും വിധം അപകടകരമായി സ്റ്റേജ് നിർമ്മിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്.
പതിനാലടിയോളം ഉയരത്തിൽ നിന്ന് വീണ ഉമാ തോമസിന് ഗുരുതരമായ പരിക്കുകളാണ് ഉള്ളതെന്നും പൊതുസുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ പരിപാടിയുടെ സംഘാടകർക്ക് വീഴ്ചയുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. താൽക്കാലിക സ്റ്റേജിന് മുന്നിൽ ഒരാൾക്ക് നടന്നുപോകാൻ പോലും വഴിയുണ്ടായിരുന്നില്ല, സുരക്ഷാ വേലി ഉണ്ടായിരുന്നില്ല എന്നീ വീഴ്ചകൾ പൊലീസ് ചൂണ്ടിക്കാട്ടി.
ഉമാതോമസിന്റെ ചികിത്സയ്ക്കായി മെഡിക്കൽ സംഘം രൂപീകരിച്ചതായി മന്ത്രി പി. രാജീവ് നേരത്തെ അറിയിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം രാത്രി 1.45ഓടെ വിശദമായ ആരോഗ്യ റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചികിത്സയിലുള്ള ആശുപത്രിയിലെ ഡോക്ടർമാരുമായി ആരോഗ്യമന്ത്രി വീണാ ജോർജ് സംസാരിച്ചു.
നിലവിൽ ഉമാതോമസ് വെന്റിലേറ്ററിൽ തുടരുകയാണ്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവേറ്റു. തലച്ചോറിലും മുറിവേറ്റെന്നും നട്ടെല്ലിന് പരിക്കുണ്ടെന്നും കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ അറിയിച്ചു. ബോധം, പ്രതികരണം, ഓർമ്മ എന്നിവയെ ബാധിക്കാവുന്ന ക്ഷതങ്ങളാണ് ഏറ്റിട്ടുള്ളത്. പെട്ടെന്ന് ഭേദമാകുന്ന പരിക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞു,
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]