ബാകു : ബുധനാഴ്ച കസഖ്സ്ഥാനിൽ തകർന്നുവീണ അസർബൈജാൻ എയർലൈൻസ് വിമാനത്തെ റഷ്യ അബദ്ധത്തിൽ വെടിവച്ചത് തന്നെയെന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്.
റഷ്യയിലെ ചിലർ ദുരന്തത്തിന്റെ യഥാർത്ഥ കാരണം മറയ്ക്കാൻ ശ്രമിച്ചു. ദുരന്തത്തിന്റെ ഉത്തരവാദിത്വം റഷ്യ ഏറ്റെടുക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും നഷ്ടപരിഹാരം വേണമെന്നും അലിയേവ് ആവശ്യപ്പെട്ടു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ കഴിഞ്ഞ ദിവസം അലിയേവിനെ ഫോണിൽ വിളിച്ച് ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ അപകടത്തിന്റെ ഉത്തരവാദി റഷ്യയാണെന്നോ, റഷ്യ വിമാനത്തെ വെടിവച്ചെന്നോ അദ്ദേഹം പറഞ്ഞില്ല. അപകടസമയം മേഖലയിൽ യുക്രെയിൻ ഡ്രോൺ ആക്രമണങ്ങളുണ്ടായെന്നും റഷ്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ അവയെ ചെറുത്തിരുന്നെന്നും പുട്ടിൻ സമ്മതിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും റഷ്യ പറയുന്നു.
അസർബൈജാനിലെ ബാകുവിൽ നിന്ന് തെക്കൻ റഷ്യയിലെ ഗ്രോസ്നിയിലേക്ക് പോയതാണ് വിമാനം. എന്നാൽ, കസഖ്സ്ഥാനിലെ അക്റ്റൗ എയർപോർട്ടിലേക്ക് വഴിതിരിച്ചുവിട്ട വിമാനം കാസ്പിയൻ കടൽത്തീരത്ത് തകർന്നുവീണു. 38 പേർ കൊല്ലപ്പെട്ടു. 29 പേർ രക്ഷപ്പെട്ടു. ഗ്രോസ്നിയിൽ ലാൻഡിംഗിന് ശ്രമിച്ചപ്പോൾ പുറത്ത് സ്ഫോടന ശബ്ദം കേട്ടെന്ന് രക്ഷപ്പെട്ടവർ പറയുന്നു. യുക്രെയിൻ ഡ്രോൺ എന്ന് തെറ്റിദ്ധരിച്ച് റഷ്യ അയച്ച മിസൈൽ വിമാനത്തിന് പുറത്തുവച്ച് പൊട്ടിത്തെറിച്ചിരിക്കാമെന്നും അവശിഷ്ടങ്ങൾ വിമാനത്തിൽ തുളച്ചുകയറിയെന്നുമാണ് കരുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]