
മാന്നാർ: നഷ്ടപ്രതാപത്തിന്റെ ശേഷിപ്പുകളുമായി നിലകൊള്ളുന്ന മധ്യ തിരുവിതാംകൂറിലെ പ്രധാന വാണിജ്യ കേന്ദ്രമായ മാന്നാറിലെ പരമ്പരാഗത വ്യവസായങ്ങളായ വെങ്കലം, വെള്ളി ആഭരണ നിർമ്മാണ മേഖലകൾ പൈതൃകഗ്രാമം പദ്ധതിയിൽ പ്രതീക്ഷയർപ്പിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ആരാധനാലയങ്ങൾക്കാവശ്യമായ മണികൾ, കൊടിമരം, വിഗ്രഹങ്ങൾ, വാർപ്പ്, ഉരുളി എന്നിവയും വീട്ടാവശ്യങ്ങൾക്കുള്ള ഓട്ടുപാത്രങ്ങൾ, നിലവിളക്കുകൾ എന്നിവയാണ് പ്രധാനമായും മാന്നാറിൽ നിർമ്മിച്ചിരുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ എത്തിയ വിശ്വകർമ്മജരുടെ പിന്മുറക്കാരാണ് മാന്നാറിലെ ഒട്ടുപാത്ര നിർമ്മാണ തൊഴിലാളികൾ.
നൂറു കണക്കിന് ഓട്ടുപാത്ര നിർമ്മാണ യൂണിറ്റുകൾ മാന്നാർ കുരട്ടിക്കാട് പ്രദേശത്ത് പണ്ട് ഉണ്ടായിരുന്നെങ്കിൽ ഇന്ന് വിരലിലെണ്ണാവുന്നവ മാത്രമാണുള്ളത്. പരമ്പരാഗത രീതിയിലുള്ള നിർമ്മാണത്തിന് ചെലവ് ഏറിയതും കഠിനാദ്ധ്വാനം ആവശ്യമായ ഈ മേഖലയെ പുതുതലമുറ കൈവിട്ടതും മാന്നാറിലെ ഓട്ടുപാത്ര നിർമ്മാണ മേഖലയുടെ തകർച്ചക്ക് കാരണമായത്. മാന്നാറിന്റെ സമഗ്രവികസനത്തിനായി രാമചന്ദ്രൻനായർ എം.എൽ.എയായിരുന്ന കാലത്താണ് പൈതൃകഗ്രാമം പദ്ധതിയുടെ പ്രഖ്യാപനം വരുന്നത്. സംസ്ഥാന ബജറ്റിൽ 2കോടി രൂപ വകയിരുത്തിയ പദ്ധതിയിലൂടെ പാരമ്പര്യ വ്യവസായമായ വെങ്കലപാത്ര നിർമാണത്തോടൊപ്പം വെള്ളി ആഭരണങ്ങൾ ഉൾപ്പടെയുള്ള വ്യവസായങ്ങളെ ഉയർത്തി കൊണ്ടുവരികയും ഈ സംരംഭങ്ങളെ നിലനിർത്തി പുതിയ തലമുറയെ ആകൃഷ്ടരാക്കാനും ലക്ഷ്യമിട്ടിരുന്നു.
പൈതൃക ഗ്രാമം പദ്ധതിയിൽ പിൽഗ്രിം ടൂറിസംകൂടി സമന്വയിപ്പിച്ച് ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ കൂടി ഉൾപ്പെടുത്തി 35കോടി രൂപയുടെ പദ്ധതി മന്ത്രി സജി ചെറിയാൻ തയ്യാറാക്കിയതോടെ മാന്നാറിന്റെ പ്രതീക്ഷയേറി. മാന്നാറിലെ പരമ്പരാഗത ഓട്, വെള്ളി വ്യവസായങ്ങൾ, കല്ലിശേരിയിലെ മൺപാത്ര നിർമാണം, കരിങ്കൽശില്പ നിർമ്മാണം എന്നിവയുടെ പുനരുദ്ധാരണം, ആധുനികവൽക്കരണം, പരിശീലനം, വിപണനം എന്നിവയും പദ്ധതിയുടെ ഭാഗമായി. നാടിൻ്റെ പെരുമ വർധിപ്പിക്കുന്നതിനൊപ്പം ഇവിടെ നിർമ്മിക്കുന്ന ഉല്പന്നങ്ങൾ വിദേശ മാർക്കറ്റുകളിൽ എത്തിക്കുകയും വിദേശികൾ ഉൾപ്പടെയുള്ള വിനോദസഞ്ചാരികളെ മാന്നാറിലേക്ക് ആകർഷിക്കുവാനും കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പൈതൃക ഗ്രാമംപദ്ധതി യാഥാർത്ഥ്യമാവുന്നതും കാത്തിരിപ്പാണ് മാന്നാറിലെ പരമ്പരാഗത വ്യവസായ മേഖല.
Last Updated Dec 29, 2023, 2:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]