
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അത് തിരിച്ചറിയാൻ മതേതര പാർട്ടികൾക്ക് കഴിയണമെന്നും ഇപി ജയരാജൻ പറഞ്ഞു. ബാബരി പള്ളി തകർത്തത് കോൺഗ്രസിന്റേ കാലത്തല്ലേയെന്നും ജയരാജൻ ചോദിച്ചു.
മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. മതം മതത്തിന്റെ വഴിക്ക്, വിശ്വാസം വിശ്വാസത്തിന്റെ വഴിക്ക്, രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്ക് പോകട്ടെ. ഒരാളുടെ വിശ്വാസത്തിലും രാഷ്ട്രീയം ഇടപെടാൻ പാടില്ല. ഇവിടെ മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കുന്നു. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണത്. ഇതു തിരിച്ചറിയാൻ മതനിരപേക്ഷ പാർട്ടികൾക്ക് കഴിയുമെന്നും ഇപി ജയരാജൻ പറഞ്ഞു. മന്ത്രിമാരുടെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കും. ഏതു വകുപ്പും ആർക്കും ആവശ്യപ്പെടാം. തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. എൽഡിഎഫിന്റെ പരിധിയിൽ വരുന്ന വിഷയമല്ലെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.
അതേസമയം, അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ കോൺഗ്രസ് പങ്കെടുത്തേക്കില്ലെന്നാണ് പുതിയ റിപ്പോർട്ട്. ക്ഷണം കിട്ടിയ പ്രധാന നേതാക്കൾ പോകില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കുന്ന കാര്യത്തിലും തീരുമാനമായില്ല. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ഘടകങ്ങളോട് പരസ്യ പ്രസ്താവന വേണ്ടെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം. അയോധ്യ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിക്കും വിയോജിപ്പുണ്ടെന്ന് നേരത്തെ പുറത്തുവന്നിരുന്നു.
സോണിയ ഗാന്ധിക്കും ഖർഗെയ്ക്കും പുറമെ അധിർ രഞ്ജൻ ചൗധരിക്കാണ് കോൺഗ്രസിൽ നിന്ന് ക്ഷണം കിട്ടിയത്. എന്നാൽ പങ്കെടുക്കുന്നതിൽ വിയോജിപ്പുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് തീരുമാനമായില്ലെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. കോൺഗ്രസ് പങ്കെടുക്കുന്നതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.
Last Updated Dec 29, 2023, 10:52 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]