അഹമ്മദാബാദ്: സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ ത്രിപുരയ്ക്കെതിരെ ജാർഖണ്ഡിന് തകർപ്പൻ ജയം. വെടിക്കെട്ട് സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ ഇഷാൻ കിഷന്റെ കരുത്തിലാണ് ജാർഖണ്ഡ് എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.
50 പന്തുകളിൽ നിന്ന് 113 റൺസുമായി ഇഷാൻ പുറത്താവാതെ നിന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ത്രിപുര ഏഴ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടി.
മറുപടി ബാറ്റിംഗിൽ ജാർഖണ്ഡ് 17.3 ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. വിജയലക്ഷ്യം പിന്തുടർന്ന ജാർഖണ്ഡിന് 32 റൺസെടുക്കുന്നതിനിടെ ഉത്കർഷ് സിംഗ് (5), കുമാർ കുശാഗ്ര (6) എന്നിവരെ നഷ്ടമായെങ്കിലും, പിന്നീട് ക്രീസിൽ ഒന്നിച്ച ഇഷാൻ കിഷൻ – വിരാട് സിംഗ് സഖ്യം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ഇരുവരും ചേർന്ന് 153 റൺസിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി. വിരാട് സിംഗ് 40 പന്തിൽ 53 റൺസുമായി മികച്ച പിന്തുണ നൽകി.
10 ഫോറും എട്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. നേരത്തെ, വിജയ് ശങ്കർ (41 പന്തിൽ 59), ബിക്രം കുമാർ (29 പന്തിൽ 42), മുറ സിംഗ് (21 പന്തിൽ 42) എന്നിവരുടെ പ്രകടനമാണ് ത്രിപുരയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
ഹനുമാ വിഹാരി (6), ശ്രിദദം പോൾ (2), സെന്തു സർക്കാർ (7) തുടങ്ങിയ മറ്റ് താരങ്ങൾക്ക് തിളങ്ങാനായില്ല. അഭിഷേകിന്റെ സെഞ്ചുറി മികവിൽ പഞ്ചാബിന് കൂറ്റൻ ജയം സയ്യിദ് മുഷ്താഖ് അലി ടി20യിലെ മറ്റൊരു മത്സരത്തിൽ ബംഗാളിനെതിരെ പഞ്ചാബ് 113 റൺസിന്റെ വമ്പൻ വിജയം ആഘോഷിച്ചു.
ഹൈദരാബാദിൽ നടന്ന മത്സരത്തിൽ അഭിഷേക് ശർമയുടെ (52 പന്തിൽ 148) ഇടിവെട്ട് സെഞ്ചുറിയുടെ ബലത്തിൽ പഞ്ചാബ് 311 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ബംഗാളിന് മുന്നിൽ വെച്ചത്. മറുപടി ബാറ്റിംഗിൽ അഭിമന്യൂ ഈശ്വരൻ സെഞ്ചുറി നേടിയെങ്കിലും (66 പന്തിൽ 130*) ബംഗാളിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
പഞ്ചാബിനായി ഹർപ്രീത് ബ്രാർ നാല് വിക്കറ്റ് വീഴ്ത്തി. അഭിമന്യൂ ഈശ്വരൻ ഒറ്റയ്ക്ക് പൊരുതിയെങ്കിലും മറ്റ് ബാറ്റർമാരിൽ നിന്ന് പിന്തുണ ലഭിച്ചില്ല.
ആകാശ് ദീപ് (7 പന്തിൽ 31) മാത്രമാണ് ബംഗാൾ നിരയിൽ രണ്ടക്കം കടന്ന മറ്റൊരു താരം. അഭിഷേക് പോറൽ (6), കരൺ ലാൽ (1), ഷഹ്ബാസ് അഹമ്മദ് (0), സുദീപ് കുമാർ ഗരാമി (4) എന്നിവരെല്ലാം പെട്ടെന്ന് പുറത്തായി.
14 ഫോറും എട്ട് സിക്സറുകളും ഉൾപ്പെട്ടതായിരുന്നു ഈശ്വരന്റെ ഇന്നിംഗ്സ്. നെഹൽ വധേരയും ഗുർനൂർ ബ്രാറും പഞ്ചാബിനായി രണ്ട് വിക്കറ്റുകൾ വീതം നേടി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

