ലക്നൗ: സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെൻ്റിൽ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് 121 റൺസ് വിജയലക്ഷ്യം. ലക്നൗവിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢ്, 19.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി.
കേരളത്തിനായി കെ എം ആസിഫ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അങ്കിത് ശർമ്മ, വിഘ്നേഷ് പുത്തൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. അമൻദീപ് ഖരെ (41), സഞ്ജീത് ദേശായി (35) എന്നിവർക്ക് മാത്രമാണ് ഛത്തീസ്ഗഢ് നിരയിൽ പിടിച്ചുനിൽക്കാനായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം, ഒടുവിൽ വിവരം ലഭിക്കുമ്പോൾ 5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 74 റൺസെടുത്തിട്ടുണ്ട്. വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച ക്യാപ്റ്റൻ സഞ്ജു സാംസണാണ് (15 പന്തിൽ 43) പുറത്തായത്.
രോഹൻ കുന്നുമ്മൽ (12 പന്തിൽ 24), സൽമാൻ നിസാർ (1) എന്നിവരാണ് ക്രീസിൽ. ഛത്തീസ്ഗഢ് നിരയിൽ അമൻദീപ്, സഞ്ജീത് എന്നിവരെ കൂടാതെ ശശാങ്ക് ചന്ദ്രകർ (17) മാത്രമാണ് രണ്ടക്കം കടന്നത്.
ആയുഷ് പാണ്ഡെ (0), ശശാങ്ക് സിംഗ് (0), അജയ് മണ്ഡൽ (1), പ്രതീക് യാദവ് (4), ആനന്ദ് റാവു (3), ശുഭം അഗർവാൾ (6), രവി കിരൺ (1) എന്നിവർക്കൊന്നും തിളങ്ങാനായില്ല. സൗരഭ് മജുംദാർ (3) പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗിൽ സിക്സറടിച്ചാണ് സഞ്ജു തുടങ്ങിയത്. അഞ്ചാം ഓവറിൽ പുറത്താകുന്നതിനിടെ രണ്ട് ഫോറും അഞ്ച് സിക്സും സഞ്ജുവിൻ്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.
സഞ്ജു നൽകിയ അനായാസ ക്യാച്ച് ഛത്തീസ്ഗഢ് ഫീൽഡർ പാഴാക്കുകയും ചെയ്തിരുന്നു. ടൂർണമെൻ്റിലെ കേരളത്തിൻ്റെ മൂന്നാം മത്സരമാണിത്.
ആദ്യ മത്സരം ജയിച്ച കേരളം രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. കേരളം: സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രോഹൻ കുന്നുമ്മൽ, അഹമ്മദ് ഇമ്രാൻ, വിഷ്ണു വിനോദ്, അബ്ദുൾ ബാസിത്ത്, അങ്കിത് ശർമ്മ, ഷറഫുദ്ദീൻ, സൽമാൻ നിസാർ, എം ഡി നിധീഷ്, വിഘ്നേഷ് പുത്തൂർ, കെ എം ആസിഫ്.
ഛത്തീസ്ഗഢ്: ആയുഷ് പാണ്ഡെ, അമൻദീപ് ഖരെ (ക്യാപ്റ്റൻ), ശശാങ്ക് ചന്ദ്രകർ (വിക്കറ്റ് കീപ്പർ), ശശാങ്ക് സിംഗ്, അജയ് ജാദവ് മണ്ഡൽ, സഞ്ജീത് ദേശായി, ആനന്ദ് റാവു, ശുഭം അഗർവാൾ, പ്രതീക് യാദവ്, രവി കിരൺ, സൗരഭ് മജുംദാർ. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

