.news-body p a {width: auto;float: none;}
മുംബയ്: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകളിൽ തങ്ങളുടെ നേതാവും കാവൽ മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെ അസ്വസ്ഥനാണെന്ന തരത്തിലുള്ള പ്രചാരണങ്ങളെ തള്ളി ശിവസേന. മഹായുതി സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കാതെ സ്വന്തം ഗ്രാമത്തിലേക്ക് യാത്രതിരിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ശിവസേന ഇക്കാര്യം അറിയിച്ചത്. അനാരോഗ്യത്തെത്തുടർന്നാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്. ഇന്ന് വീണ്ടും യോഗം ചേരാൻ സാദ്ധ്യതയുണ്ടെന്നും ശിവസേന വ്യക്തമാക്കി.
മന്ത്രിസഭ ചർച്ചകൾക്കായി ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ഷിൻഡെ ജന്മനാടായ സത്താറയിലേക്ക് പോയിരുന്നു. ഈ സാഹചര്യത്തിൽ വകുപ്പ് വിഭജനത്തെക്കുറിച്ചും ചർച്ചകൾ വൈകുകയാണ്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അടുത്ത സഖ്യയോഗം വെള്ളിയാഴ്ച മുംബയിൽ ചേരുമെന്ന് ഏകനാഥ് ഷിൻഡെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അനാരോഗ്യം കാരണമാണ് അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിയാത്തതെന്നാണ് ശിവസേന നേതൃത്വം വ്യക്തമാക്കുന്നത്.
വ്യാഴാഴ്ച രാത്രി ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗത്തിൽ മുഖ്യമന്ത്രിയായി പരിഗണിക്കപ്പെടുന്ന ദേവേന്ദ്ര ഫഡ്നാവിസിനും എൻസിപി നേതാവ് അജിത് പവാറിനുമൊപ്പം ഷിൻഡെയും പങ്കെടുത്തിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം സത്താറയിലേക്ക് മടങ്ങിയത്. ഷിൻഡെ തിരിച്ചെത്തും വരെ ചർച്ചകൾ നിറുത്തിവച്ചിരിക്കുകയാണ്.
ഇന്ന് മടങ്ങിയെത്തിയ ശേഷം ചർച്ചകൾ പുനരാരംഭിക്കുമെന്ന് ശിവസേന നേതാവുമായ ഉദയ് സാമന്ത് പറഞ്ഞു. അതേസമയം ഷിൻഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനത്തിൽ താത്പര്യമില്ലെന്ന് ശിവസേന എംഎൽഎയും വക്താവുമായ സഞ്ജയ് ഷിർസാത്ത് പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന ആൾ ഉപമുഖ്യമന്ത്രിയാകുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും അദ്ദേഹം സർക്കാരിന്റെ ഭാഗമാകണമെന്ന് പാർട്ടി ആഗ്രഹിക്കുന്നുണ്ടെന്നും ഷിർസാത്ത് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആഭ്യന്തര വകുപ്പ് ബിജെപിയും അജിത് പവാറിന്റെ എൻസിപി ധനകാര്യവും നിലനിറുത്താൻ സാദ്ധ്യതയുണ്ട്. നഗരവികസന, പൊതുമരാമത്ത് വകുപ്പുകൾ ഷിൻഡെയുടെ ശിവസേനയ്ക്ക് ലഭിച്ചേക്കും. 22 ക്യാബിനറ്റ് വകുപ്പുകൾ ബി.ജെ.പി കൈയിൽ വയ്ക്കും. ശിവസേനയ്ക്ക് 12ഉം എൻ.സി.പിക്ക് 9ഉം വകുപ്പുകൾ ലഭിക്കുമെന്നുമാണ് സൂചന.