.news-body p a {width: auto;float: none;}
ന്യൂഡൽഹി: ബംഗ്ളാദേശിൽ ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ വർദ്ധിക്കുന്നതിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. ആശങ്ക പ്രകടിപ്പിച്ചെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ ഭീഷണികളും അക്രമങ്ങളും തടയാൻ നടപടി സ്വീകരിക്കണമെന്ന് ബംഗ്ളാദേശിനോട് ആവശ്യപ്പെട്ടതായും വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാൾ അറിയിച്ചു. ബംഗ്ലാദേശ് ഇടക്കാല സർക്കാർ എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റണം. ആക്രമണങ്ങളും പ്രകോപനങ്ങളും വർദ്ധിക്കുന്ന കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. സംഭവവികാസങ്ങൾ മാദ്ധ്യമങ്ങൾ പെരുപ്പിച്ചുകാട്ടുകയാണെന്ന ബംഗ്ലാദേശിന്റെ വാദം അംഗീകരിക്കാനാകില്ലെന്ന പറഞ്ഞ അദ്ദേഹം
ഇസ്കോണിനെതിരായ നടപടികളിലും ആശങ്ക പ്രകടിപ്പിച്ചു. ആഗോളതലത്തിൽ അറിയപ്പെടുന്ന, സാമൂഹ സേവനത്തിൽ റെക്കാഡുള്ള സ്ഥാപനമാണ് ഇസ്കോൺ. ആത്മീയ നേതാവ് ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കണം. കേസുകൾ നിഷ്പക്ഷമായും സുതാര്യമായും കൈകാര്യം ചെയ്യണം- ജയ്സ്വാൾ വ്യക്തമാക്കി.
ചിന്മയ് കൃഷ്ണ ദാസിന്റെ
ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
അതിനിടെ, ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയ്ക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് സർക്കാർ. ദാസ് അടക്കം ഇസ്കോണുമായി ബന്ധമുള്ള 17 ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ബംഗ്ലാദേശ് ബാങ്കിന്റെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് മരവിപ്പിച്ചു.
30 ദിവസത്തേക്കാണ് നടപടി. ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് നിറുത്തിവയ്ക്കാൻ വിവിധ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ മൂന്ന് ദിവസം സമയവും നൽകി.
എല്ലാ ഇടപാടുകളും പരിശോധിക്കാനാണ് അധികൃതരുടെ നീക്കം. ഇസ്കോണിന്റെ സമീപകാല പ്രവർത്തനങ്ങൾ നിരീക്ഷണത്തിലാണെന്ന് സർക്കാർ കോടതിയിൽ അറിയിച്ചതിന് പിന്നാലെയാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
തിങ്കളാഴ്ച അറസ്റ്റ് ചെയ്യപ്പെട്ട ദാസ് നിലവിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ചിറ്റഗോങ്ങിലെ ജയിലിലാണ്. ഹിന്ദുക്കളടക്കം ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന ആക്രമണങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ദാസ്, പ്രതിഷേധ റാലിക്കിടെ ദേശീയ പതാകയെ അവഹേളിച്ചെന്ന കുറ്റത്തിനാണ് അറസ്റ്റിലായത്.
ഹസീനയ്ക്ക് ഐ.സി.സി
വിചാരണ വേണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതിനിടെ, മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐ.സി.സി) വിചാരണ നടത്താനുള്ള നീക്കവുമായി ബംഗ്ലാദേശ് ഇടക്കാല സർക്കാർ. ഐ.സി.സി പ്രോസിക്യൂട്ടർ കരീം ഖാനുമായി ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് ഇക്കാര്യം ചർച്ച ചെയ്തു.
ആഗസ്റ്റ് 5ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച ഹസീന നിലവിൽ ഇന്ത്യയിലാണ്. പ്രക്ഷോഭത്തിനിടെ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതിലെ പങ്ക് ആരോപിച്ച് ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ ഹസീനക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.