സൂറിച്ച്: ലോക ചാംപ്യന്മാരായ അര്‍ജന്റീന പുതിയ ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അല്പസമയം മുമ്പാണ് പുതിയ ഫിഫ റാങ്കിംഗ് പുറത്തുവന്നത്. തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ബ്രസീല്‍ മൂന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് വീണു. ഈ ഇന്റര്‍ നാഷണല്‍ ബ്രേക്കില്‍ ബ്രസീല്‍ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. ഇതാണ് ബ്രസീലിന് റാങ്കിംഗില്‍ തിരിച്ചടിയായത്. 2023 ഏപ്രിലിലെ റാങ്കിംഗിലാണ് അര്‍ജന്റീന ബ്രസീലിനെ മറികടന്ന് ഒന്നാമതെത്തിയത്.
അര്‍ജന്റീനയ്ക്ക് പുതിയ റാങ്കിംഗില്‍ 1855 പോയിന്റാണ് ഉള്ളത്. 1845 പോയിന്റുള്ള ഫ്രാന്‍സ് രണ്ടാം സ്ഥാനത്ത് തുടരുന്നു. 28 പോയിന്റ് നഷ്ടപ്പെട്ടാണ് ബ്രസീല്‍ അഞ്ചാം സ്ഥാനത്തേക്ക് വീണത്. ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്കെത്തി. ബെല്‍ജിയമാണ് നാലാം സ്ഥാനത്ത്. നെതല്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, സ്പെയ്ന്‍, ഇറ്റലി, ക്രൊയേഷ്യ എന്നിവര്‍ ആറ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. 17-ാം സ്ഥാനത്തുള്ള ജപ്പാനാണ് ഏഷ്യന്‍ സ്ഥാനങ്ങളില്‍ മുന്നില്‍. പുതിയ റാങ്കിംഗില്‍ ഇന്ത്യ 102-ാം സ്ഥാനത്ത് തുടരുന്നു.
അതേസമയം, ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ അര്‍ജന്റൈന്‍ ആരാധകരോട് മോശമായി പെരുമാറിയ ബ്രസീലിയന്‍ പൊലീസിന്റെ നടപടി കടുത്ത ശിക്ഷാവിധി ഉണ്ടായേക്കും. മാരക്കാനയില്‍ മത്സരം തുടങ്ങും മുന്‍പേ ബ്രസീലിയന്‍ ആരാധകര്‍ അര്‍ജന്റൈന്‍ ആരാധകരെ ആക്രമിക്കുകയായിരുന്നു. ബ്രസീലിയന്‍ പൊലീസും അര്‍ജന്റൈന്‍ ആരാധകരെ മര്‍ദിച്ചു. ഇതില്‍ പ്രതിഷേധിച്ച് അര്‍ജന്റൈന്‍ ടീം കളിക്കളം വിട്ടുപോയിരുന്നു. ഈ പശ്ചാത്തലത്തില്‍ ബ്രസീലിനെതിരെ കടുത്ത നടപടി ഉണ്ടായേക്കും.
ഹോം മത്സരങ്ങളില്‍ നിന്ന് കാണികളെ വിലക്കുക, പിഴ ചുമത്തുക, ഇതുമല്ലെങ്കില്‍ ഒരു പോയിന്റ് വെട്ടിക്കുറയ്ക്കുകഎന്നിവയിലൊരു നടപടിയാണ് ബ്രസീലിനെ കാത്തിരിക്കുന്നത്. തുടര്‍ച്ചയായ മൂന്ന് മത്സരത്തില്‍ തോറ്റ ബ്രസീല്‍ മേഖലയില്‍ ആറാം സ്ഥാനത്താണിപ്പോള്‍. പോയിന്റ് വെട്ടിക്കുറയ്ക്കുന്നത് ഈ സാഹചര്യത്തില്‍ ബ്രസീലിന് കനത്ത തിരിച്ചടിയാവും. മത്സരത്തില്‍ ബ്രസീല്‍ പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുന്‍ ലോക ചാംപ്യന്മാരുടെ പരാജയം. നിക്കോളാസ് ഒട്ടൊമെന്‍ഡിയാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയിരുന്നത്.
Last Updated Nov 30, 2023, 8:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]