
തുടർച്ചയായ ഒരു മാസത്തോളം ഓൺലൈൻ ഗെയിമിംഗില്‍ ഏർപ്പെട്ട വിദ്യാർത്ഥി മരിച്ചു. മാരത്തൺ ലൈവ് സ്ട്രീം ഗെയിമിംഗ് സെഷനുകളിൽ ഒരു മാസത്തോളം തുടർച്ചയായി ഏർപ്പെട്ട ചൈനീസ് ബിരുദ വിദ്യാർഥിക്കാണ് ദാരുണാന്ത്യം. എന്നാൽ, വിദ്യാർത്ഥിയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഗെയിമിംഗ് കമ്പനി നിരസിക്കുകയും മാനുഷിക പരിഗണന എന്ന പേരിൽ മരണപ്പെട്ട വിദ്യാർത്ഥിയുടെ മാതാപിതാക്കൾക്ക് 5,000 യുവാൻ (58,00 രൂപ)വാഗ്ദാനം ചെയ്യുകയും ചെയ്തു. വാർത്ത പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വിമർശനമാണ് ഈ കമ്പനിക്കെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്നത്.
മധ്യചൈനയിലെ ഹെനാൻ പ്രവിശ്യയിലെ പിംഗ് ഡിംഗ് ഷാൻ വൊക്കേഷണൽ ആന്റ് ടെക്നിക്കൽ കോളേജിലെ ലി ഹാവോ എന്ന യുവാവ് ആണ് നവംബർ 10 ന് മരണപ്പെട്ടത്. ആറുമാസത്തെ ഇന്റേൺഷിപ്പിനായി ഒക്ടോബർ പകുതിയോടെയാണ് ലീ ഹാവോ ഒരു ഗെയിമിംഗ് കമ്പനിയിൽ ജോലിക്ക് കയറിയതെന്ന് ലീ ഹാവോയുടെ പിതാവ് പറയുന്നു. ഇതോടെ പ്രൊഫഷണൽ ഗെയിമിംഗില്‍ ആകൃഷ്ടനായ ഇയാൾ ഇന്റേൺഷിപ്പ് അവസരങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിരുന്നു. ഒക്ടോബർ അവസാനത്തോടെ 3,000 യുവാൻ (35,000 രൂപ) തനിക്ക് പ്രതിമാസ ശമ്പളം ലഭിക്കുമെന്ന് യുവാവ് മാതാപിതാക്കളെ അറിയിച്ചിരുന്നു. എന്നാൽ ജോലിക്ക് കയറി ഒരു മാസത്തിനുള്ളിൽ ഗെയിമിഗിനിടയിൽ തന്റെ മകൻ മരണപ്പെടുകയായിരുന്നു എന്നാണ് ലീ ഹാവോയുടെ പിതാവ് ആരോപിക്കുന്നത്.
ഒക്ടോബർ 15 നും നവംബർ 10 നും ഇടയിൽ ലി 89 ലൈവ്-സ്ട്രീമിംഗ് സെഷനുകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. നവംബർ 5-ന് ശേഷം, രാത്രി മുഴുവൻ നീണ്ട തത്സമയ-സ്ട്രീമിംഗ് സെഷനുകൾ ലീ നടത്തിയിരുന്നു. ഇത് മരണത്തിന്റെ തൊട്ടുമുൻപ് വരെയും ലീ തുടർന്നിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാൽ യുവാവിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും കൃത്യമായ രീതിയിൽ തന്റെ ജോലി ഭാരം ക്രമീകരിക്കാൻ യുവാവിന് സാധിക്കാതെ വന്നതാണ് ഇത്തരത്തിൽ ഒരു അപകടത്തിന് കാരണമായതെന്നും അതിന് തങ്ങൾ ഉത്തരവാദികളല്ലെന്നുമാണ് കമ്പനിയുടെ വാദം. എന്നാൽ, കമ്പനി വാഗ്ദാനം ചെയ്ത മാസ ശമ്പളം ലഭിക്കണമെങ്കിൽ പ്രതിമാസം കുറഞ്ഞത് 240 മണിക്കൂർ ലൈവ് സ്ട്രീമിംഗ് ആവശ്യമാണെന്ന് തൊഴിൽ കരാറിൽ പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് തന്റെ മകൻ ഇത്തരമൊരു സാഹസം ചെയ്തതെന്നുമാണ് ലിയുടെ പിതാവ് പറയുന്നത്. ഏതായാലും ചൈനീസ് സാമൂഹിക മാധ്യമങ്ങളിലെല്ലാം ഈ കമ്പനിക്കെതിരെ രൂക്ഷ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.
Last Updated Nov 30, 2023, 3:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]