
ചൈനയിൽ ന്യൂമോണിയ പിന്നെയും കൂടുകയാണ്. അതേസമയം ന്യൂമോണിയയുമായി കഴിയുന്ന കുട്ടികൾക്കായി പുതിയ ഒരു പ്രവർത്തനവുമായി എത്തിയിരിക്കുകയാണ് പല പ്രവിശ്യകളിലെയും ആശുപത്രികൾ. ഇവിടെ കുട്ടികൾക്കായി ‘ഹോംവർക്ക് സോണുകൾ’ സജ്ജീകരിച്ചിരിക്കുകയാണ്. ചൈനയിലെ ആശുപത്രികളുടെ ഈ നീക്കം സോഷ്യൽ മീഡിയയിൽ പക്ഷേ വൻ ചർച്ചയ്ക്ക് വഴിവെച്ചു.
ഇത് അസുഖം ബാധിച്ചിരിക്കുന്ന വിദ്യാർത്ഥികളിൽ സമ്മർദ്ദം ചെലുത്താനേ ഉപകരിക്കൂ എന്നായിരുന്നു പലരുടേയും അഭിപ്രായം. എന്നാൽ, മറ്റ് ചിലർ പ്രതിസന്ധികൾക്കിടയിലും പഠനം മുടങ്ങാതിരിക്കാൻ ഇത് സഹായകമാകും എന്ന് അഭിപ്രായപ്പെട്ടു. ആശുപത്രികളിൽ തയ്യാറാക്കിയിരിക്കുന്ന പ്രത്യേകം ‘ഹോംവർക്ക് സോണുകളി’ലിരുന്ന് ഹോംവർക്ക് ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ വ്യാപകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ജിയാങ്സു, അൻഹുയി എന്നിവയുടെ കിഴക്കൻ പ്രവിശ്യകളിലും മധ്യ ഹുബെയ് പ്രവിശ്യകളിലുമുള്ള ആശുപത്രികളിലാണ് കൂടുതലായും ഇത്തരം ഹോംവർക്ക് സോണുകൾ സജ്ജീകരിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇവിടെ പ്രത്യേകം മേശകളും കസേരകളും ഒക്കെ വിദ്യാർത്ഥികൾക്ക് വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളുടെ പരിചരണവും കരുതലും കിട്ടുന്നില്ലേ എന്ന് ഉറപ്പ് വരുത്തുന്നുമുണ്ട്. സൗത്ത് ചൈന മോണിംഗ് പോസ്റ്റി –നോട് ഒരു രക്ഷിതാവ് പറഞ്ഞത് ആശുപത്രിയിലെ ഈ ഹോംവർക്ക് സോൺ കണ്ട് താൻ ആശ്ചര്യപ്പെട്ടുപോയി എന്നാണ്. തന്റെ കുട്ടിയെ ആശുപത്രിയിൽ വച്ച് ഹോംവർക്ക് ചെയ്യിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ, പ്രത്യേകമായി തയ്യാറാക്കിയ ഹോംവർക്ക് സോണും അവിടുത്തെ അന്തരീക്ഷവും ഒക്കെ കണ്ടപ്പോൾ കുട്ടിയോട് ഹോംവർക്ക് ചെയ്യാൻ താൻ പറഞ്ഞു എന്നും രക്ഷിതാവ് പറഞ്ഞു. അതുപോലെ മറ്റൊരു രക്ഷിതാവ് പറഞ്ഞത് ഈ സാഹചര്യം കാരണം കുട്ടികൾ തിരികെ സ്കൂളിലെത്തുമ്പോൾ പിന്നിലായി പോകില്ല എന്നാണ്.
എന്നാൽ, ഈ ഹോംവർക്ക് സോണുകളെ നിശിതമായി വിമർശിച്ചവരും ഉണ്ട്. ഒരാൾ സോഷ്യൽ മീഡിയയിൽ എഴുതിയത് ‘കുട്ടികൾക്ക് ശാരീരികമായി വയ്യാതായെങ്കിൽ ഈ മുതിർന്നവർക്ക് മാനസികമായിട്ടാണ് പ്രശ്നം’ എന്നാണ്. എന്തിനാണ് വയ്യാതിരിക്കുന്ന കുട്ടികൾക്ക് ഹോംവർക്കിന്റെ സമ്മർദ്ദം കൂടി നൽകുന്നത് എന്നും പലരും ചോദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Nov 29, 2023, 8:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]