
തമിഴ് സിനിമയില്‍ സമീപകാലത്ത് ഏറ്റവും വലിയ ഹൈപ്പില്‍ എത്തിയ ചിത്രമായിരുന്നു വിജയ് നായകനായ ലിയോ. വിജയ്യുടെ നായകത്വത്തിനപ്പുറം വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതായിരുന്നു ഈ പ്രീ റിലീസ് ഹൈപ്പിന് കാരണം. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് വിജയ് വരുമോ എന്നതും പ്രേക്ഷകരുടെ ആകാംക്ഷ ആയിരുന്നു. പ്രതീക്ഷയുടെ അമിതഭാരവും പേറി എത്തിയ ചിത്രത്തിന് പക്ഷേ ആദ്യ ദിനം സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിച്ചത്. എന്നാല്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ പല റെക്കോര്‍ഡുകളും തിരുത്തിയിരുന്നു ചിത്രം. ഇപ്പോഴിതാ ഒടിടി റിലീസിലും വലിയ സ്വീകാര്യത നേടിയിരിക്കുകയാണ് ലിയോ.
ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് നവംബര്‍ 24 ന് ആയിരുന്നു. തമിഴിനൊപ്പം മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. നിലവിലെ സ്ഥിതി അനുസരിച്ച് നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ മൂന്നിലും ലിയോയുടെ സാന്നിധ്യമാണ്. ഒന്നാം സ്ഥാനത്ത് ലിയോ ഹിന്ദി പതിപ്പും മൂന്നാം സ്ഥാനത്ത് ലിയോ തമിഴ് പതിപ്പും നാലാം സ്ഥാനത്ത് ലിയോ തെലുങ്ക് പതിപ്പുമാണ്.
ശില്പ ഷെട്ടി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് കോമഡി ഡ്രാമ ചിത്രം സുഖീ ആണ് നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഒരു മലയാള ചിത്രവുമുണ്ട്. ജോജു ജോര്‍ജിനെ നായകനാക്കി എ കെ സാജന് തിരക്കഥയെഴുതി സംവിധാനം ചെയ്ത പുലിമടയാണ് ആ ചിത്രം. നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്താണ് ജോജു ചിത്രം.
Last Updated Nov 29, 2023, 10:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]