
തിരുവനന്തപുരം: കേരളത്തെ കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രം പണം നല്കുന്നില്ലെന്നത് വ്യാജ പ്രചാരണമാണെന്നു കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും പരസ്പരം പഴിചാരുന്ന പശ്ചാത്തലത്തില്‍ നിജസ്ഥിതി കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി ആവശ്യപ്പെട്ടു. കേരളത്തിന്റെ അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ ചിത്രം ജനങ്ങള്‍ക്ക് അടിയന്തരമായി അറിയേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജനങ്ങളുടെ ആനുകൂല്യങ്ങളാണ് നിഷേധിക്കുന്നത്.
50 ലക്ഷം ക്ഷേമപെന്‍ഷന്‍കാരില്‍ 8.46 ലക്ഷം പേര്‍ക്കു മാത്രമാണ് കേന്ദ്രം പണം നല്കുന്നതെന്നു പറയുന്ന മുഖ്യമന്ത്രിക്ക് ബാക്കിയുള്ളവരുടെ നാലു മാസത്തെ കുടിശിക വരുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ക്ഷേമ പെന്ഷന് നല്കാന് മാത്രമായി പെട്രോളിയം ഉല്പന്നങ്ങള്ക്ക് 2 രൂപ സെസ് ഏര്‍പ്പെടുത്തി പിരിച്ച ശതകോടികള്‍ എവിടെപ്പോയി? ഈ തുക 27 കോടിയുടെ കേരളീയം പരിപാടിക്കും കോടികളുടെ നവകേരള സദസിനുമൊക്കെ വകമാറ്റിയിട്ടുണ്ടോ എന്ന് ധവളപത്രത്തിലൂടെ അറിയാന്‍ കഴിയും.
2023- 24ലെ സിഎജി റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 28, 258 കോടി രൂപയുടെ നികുതി കുടിശികയുണ്ട്. സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തിന്റെ 23% വരുമിത്. ഇതില്‍ ഏറ്റവും കൂടുതല്‍ നികുതി കുടിശികയുള്ളത് ജിഎസ്ടി വകുപ്പിനാണ്- 13,410 കോടി രൂപ. കേരളീയം പരിപാടിക്ക് ഏറ്റവും കൂടുതല്‍ സ്പോണ്‍സറെ സംഘടിപ്പിച്ചു കൊടുത്തതിന് മുഖ്യമന്ത്രി അവാര്‍ഡ് നല്‍കിയത് ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ക്കാണ്. നികുതി പിരിച്ച് ഖജനാവില്‍ അടച്ചില്ലെങ്കിലും കേരളീയം കെട്ടുകാഴ്ചയ്ക്ക് ഏറ്റവും കൂടുതല്‍ പിരിവു നടത്തിയതിനാണ് ഈ അവാര്‍ഡ്. വന്‍കിടക്കാരില്‍നിന്നെല്ലാം പണം പറ്റിയ ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് കുടിശിക പിരിവും ഇനി അസാധ്യമാകും.
നവകേരളം പരിപാടിക്ക് പണം മുടക്കുന്ന സ്വര്‍ണക്കച്ചവടക്കാര്‍, ബാറുടമകള്‍, ക്വാറി ഉടമകള്‍ തുടങ്ങിയവരില്‍നിന്ന് വലിയ തോതില്‍ നികുതി പിരിച്ചെടുക്കാനുണ്ടെന്നു സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണത്തിന്റെ വില 11 മടങ്ങ് വര്‍ധിച്ചിട്ടും ഇപ്പോഴും ഒരു ഗ്രാം സ്വര്‍ണത്തിന് 500 രൂപ മാത്രമാണ് നികുതി. ബാറുകളില്‍ നിന്ന് ശതകോടികള്‍ പിരിച്ചെടുക്കാനുണ്ട്. നികുതി പിരിവില്‍ വലിയ വീഴ്ച വരുത്തിയതോടെ സംസ്ഥാനത്തിനു മുന്നോട്ടു പോകാന്‍ വലിയ തോതില്‍ കടമെടുക്കേണ്ടി വന്നു. 3.90 ലക്ഷം കോടിയാണ് കേരളത്തിന്റെ കടം. ഓരോ കുഞ്ഞും പിറന്നുവീഴുന്നത് ഒരു ലക്ഷത്തിലേറെ കടത്തിലാണ്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ 2011-16 കാലയളവില്‍ മൊത്തം ആഭ്യന്തര വരുമാനവും സഞ്ചിത കടവും തമ്മിലുള്ള അനുപാതം ധനഉത്തരവാദ നിയമപ്രകാരമുള്ള 29 ശതമാനത്തില്‍ താഴെയായിരുന്നു. 2016 മുതല്‍ ഇത് പരിധി വിട്ടെന്നു മാത്രമല്ല 2023-24ല്‍ ഇത് ആശങ്ക ഉയര്‍ത്തുന്ന 36.5 ശതമാനത്തില്‍ എത്തുകയും ചെയ്തു. കേരളം, രാജസ്ഥാന്, ബിഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് പരിധി ലംഘിച്ചത് എന്നാണ് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. 2000 കോടി രൂപ കൂടി കടമെടുക്കാന്‍ കേന്ദ്രാനുമതി ഇപ്പോള്‍ അനുമതി നല്‍കിയതോടെ കേരളത്തിന് ഇനി 50 കോടി രൂപ കോടി മാത്രമേ കടമെടുക്കാനാകൂ. ഡിസംബറോടെ കേരളത്തിന്റെ കട പൂട്ടുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.
കേന്ദ്രസംസ്ഥാന പദ്ധതികളില്‍ ചാപ്പകുത്തി അതിനെ വോട്ടിനായി വിനിയോഗിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാകില്ല. ജനങ്ങള്‍ക്ക് നല്കുന്ന ആനുകൂല്യങ്ങള്‍ ഒരു സര്‍ക്കാരിന്റേയും സൗജന്യമല്ല. അതീവ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന പ്രചാരണത്തിലെ നെല്ലും പതിരും തിരിച്ചറിയാന്‍ ധവളപത്രം അനിവാര്യമാണെന്നും കെ സുധാകരന് ചൂണ്ടിക്കാട്ടി
Last Updated Nov 29, 2023, 3:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]