
സില്‍ഹേറ്റ് – ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്റ് പൊരുതുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന് സെഞ്ചുറിയടിച്ചതോടെ രണ്ടാം ദിനം എട്ടിന് 266 റണ്‍സിലെത്തി ന്യൂസിലാന്റ്. രണ്ട് വിക്കറ്റ് ശേഷിക്കെ 44 റണ്‍സ് പിന്നിലാണ് സന്ദര്‍ശകര്‍.
വില്യംസന്റെ (104) ഇരുപത്തൊമ്പതാം ടെസ്റ്റ് സെഞ്ചുറിയാണ് ഇത്. വില്യംസന്റേതുള്പ്പെടെ തയ്ജുല്‍ ഇസ്ലാം നാല് വിക്കറ്റ് സ്വന്തമാക്കി. 175 റണ്‍സെടുക്കുമ്പോഴേക്കും അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് പരുങ്ങവെ ഗ്ലെന്‍ ഫിലിപ്സുമൊത്ത് (42) വില്യംസന് ആറാം വിക്കറ്റില്‍ 78 റണ്‍സ് സ്കോര്‍ ചെയ്തു. ഡോണ്‍ ബ്രാഡ്മാന്, വിരാട് കോലി എന്നിവരും 29 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 63 ലുള്ളപ്പോള്‍ വില്യംസനെ തയ്ജുല്‍ ഇസ്ലാം മിഡ് വിക്കറ്റില്‍ കൈവിട്ടിരുന്നു.
നേരത്തെ പലതവണ ഭാഗ്യം കടാക്ഷിച്ച ഡാരില്‍ മിച്ചല്‍ 41 റണ്‍സെടുത്തു. മിച്ചലും വില്യംസനും നാലാം വിക്കറ്റില്‍ 66 റണ്‍സ് ചേര്‍ത്തു. തയ്ജുല്‍ ഇസ്ലാമിന്റെ ബൗളിംഗില്‍ മിച്ചലിനെ നൂറുല്‍ ഹസന് സ്റ്റമ്പ് ചെയ്തപ്പോഴാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്.
രാവിലെ ആദ്യത്തെ പന്തില്‍ ബംഗ്ലാദേശിന്റെ അവസാന വിക്കറ്റ് ന്യൂസിലാന്റ് സ്വന്തമാക്കി. ശരീഫുല്‍ ഇസ്ലാമിനെ (13) ടിം സൗതി വിക്കറ്റിന് മുന്നില്‍ കുടുക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
