തൊടുപുഴ: ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി അലിയാക്കുന്നേൽ ഹമീദിനുളള ശിക്ഷ ഇന്ന് വിധിക്കും. കഴിഞ്ഞ ദിവസം തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ഹമീദ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
മകൻ മുഹമ്മദ് ഫൈസൽ, മകന്റെ ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റിൻ, അസ്ന എന്നിവരെ തീകൊളുത്തികൊന്നത് ഹമീദാണെന്ന് കോടതി കണ്ടെത്തി. പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.
കുടുംബ വഴക്കും സ്വത്ത് തർക്കവും കാരണം 2022 മാർച്ച് 18 നാണ് വീട്ടിനുളളിൽ കിടന്നുറങ്ങുകയായിരുന്ന നാലു പേരെയും ഹമീദ് പെട്രോൾ ഒഴിച്ച് ജീവനോടെ കത്തിച്ചത്. വീട്ടിലെ കിടപ്പുമുറി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് ഹമീദ് തീകൊളുത്തിയത്.
വീട്ടിലെ വാട്ടർ ടാങ്ക് കാലിയാക്കിയ ശേഷം ജനൽ വഴി പെട്രോൾ നിറച്ച കുപ്പികൾ തീകൊളുത്തി അകത്തേക്ക് എറിയുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ എത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ ആരെയും രക്ഷിക്കാൻ സാധിച്ചില്ല.
71 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വാദം പൂർത്തിയായത്. സംഭവത്തിന് ദൃക്സാക്ഷികളുടേത് ഉൾപ്പെടെയുളള മൊഴികൾ പ്രോസിക്യൂഷന് അനുകൂലമായി.
ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ശ്വാസ തടസ്സം ഉൾപ്പെടെ ഉള്ള അസുഖങ്ങൾ ഉണ്ടെന്നും പ്രതി ഹമീദ് കോടതിയെ അറിയിച്ചു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻറെ മറ്റൊരു വാദം.
എന്നാൽ പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നൽകണമെന്നാണ് പ്രൊസിക്യൂഷൻ വാദിച്ചത്. നാലു പേരെ ജീവനോടെ കത്തിച്ച ആളാണ് പ്രതി.
നിഷ്കളങ്കരായ രണ്ട് കുട്ടികളെ പോലും വെറുതെ വിട്ടില്ല. പൊതുസമൂഹത്തിൻ്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണിതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

