
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിന് സ്റ്റെതസ്കോപ്പ് ചിഹ്നം അനുവദിച്ചു. അന്തിമ പട്ടികയായപ്പോൾ പാലക്കാട് 10 സ്ഥാനാർത്ഥികളാണ് ഉള്ളത്. ആർ രാഹുൽ എന്ന് പേരായ രണ്ട് പേരടക്കമാണ് പത്രിക നൽകിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രമേഷ് കുമാര്‍ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് മത്സരത്തിൽ നിന്ന് പിന്മാറി. കെ. ബിനുമോള്‍ (സി.പി.ഐ.എം) നേരത്തെ പത്രിക പിന്‍വലിച്ചിരുന്നു.
പാലക്കാട് കോൺഗ്രസിന് വേണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ കൈപ്പത്തി ചിഹ്നത്തിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ താമര ചിഹ്നത്തിലും മത്സരിക്കുന്നുണ്ട്. കോൺഗ്രസ് വിട്ടുവന്ന ഡോ.പി.സരിനെ സിപിഎം ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരത്തിനിറക്കിയത്. ഡോക്ടറും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ സരിൻ ഓട്ടോറിക്ഷ ചിഹ്നത്തിനാണ് പ്രഥമ പരിഗണന നൽകിയത്. എന്നാൽ രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികൾ ഓട്ടോറിക്ഷ ചിഹ്നം ആവശ്യപ്പെട്ടതോടെ മൂന്ന് പേർക്കുമായി നറുക്കെടുപ്പ് നടത്തി. ഇതിൽ സരിന് സ്റ്റെതസ്കോപ്പാണ് ചിഹ്നമായി കിട്ടിയത്.
വയനാട്ടിൽ 16 സ്ഥാനാർത്ഥികൾ
ഉപതെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ വയനാട്ടിൽ 16 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. കോൺഗ്രസിന് വേണ്ടി പ്രിയങ്ക ഗാന്ധിയും എൽഡിഎഫിന് വേണ്ടി സിപിഐ നേതാവ് സത്യൻ മൊകേരിയും ബിജെപി സ്ഥാനാർത്ഥിയായി നവ്യ ഹരിദാസുമാണ് മത്സര രംഗത്തുള്ളത്. ഇന്ന് സമയം അവസാനിക്കുന്നത് വരെ ആരും പത്രിക പിൻവലിക്കാൻ തയ്യാറായില്ല.
ചേലക്കരയിലും ചിത്രം തെളിഞ്ഞു
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ആറ് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. എൽഡിഎഫിന് വേണ്ടി മുൻ എംഎൽഎ യു.പ്രദീപും യുഡിഎഫിന് വേണ്ടി മുൻ എംപി രമ്യ ഹരിദാസും മത്സരിക്കുന്ന ഇവിടെ ബിജെപിയുടെ ബാലകൃഷ്ണനും മത്സര രംഗത്തുണ്ട്. പിവി അൻവറിൻ്റെ ഡിഎംകെയ്ക്ക് വേണ്ടി എൻകെ സുധീർ മത്സരിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. സുധീറിന് ചിഹ്നമായി ഓട്ടോറിക്ഷ അനുവദിച്ചു. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് ഒരാൾ പത്രിക പിൻവലിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]