
ബെംഗളൂരു: രേണുക സ്വാമി കൊലപാതക കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രശസ്ത കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. കർണാടക ഹൈക്കോടതിയാണ് ആറ് ആഴ്ചത്തേക്ക് ജാമ്യം അനുവദിച്ചത്. ശസ്ത്രക്രിയക്ക് വേണ്ടി ജാമ്യം നൽകണമെന്ന് കാട്ടിയാണ് ദർശൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനുള്ള മെഡിക്കൽ രേഖകളും ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ചാണ് ദർശന് കോടതി ജാമ്യം അനുവദിച്ചത്.
നട്ടെല്ലിനും കാലിനും ശസ്ത്രക്രിയ ആവശ്യമെന്ന് കാട്ടിയാണ് ദർശൻ ഹൈക്കോടതിയെ സമീപിച്ചത്. മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലാണ് ദർശൻ ചികിത്സ തേടുക. ഇതിന് കോടതിയുടെ അനുമതി ലഭിച്ചു. നിലവിൽ ബെല്ലാരിയിലെ സെൻട്രൽ ജയിലിലാണ് ദർശനുള്ളത്. ഇടക്കാല ജാമ്യ ഉത്തരവ് ഇന്ന് ജയിലിൽ ലഭിച്ചാൽ ഇന്ന് തന്നെ ദർശൻ പുറത്തിറങ്ങും. അല്ലെങ്കിൽ നാളെയാകും ജയിൽ മോചനം. ജസ്റ്റിസ് വിശ്വജിത് ഷെട്ടിയുടെ ബഞ്ചാണ് ദർശന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദർശനടക്കം 17 പേരാണ് ഇപ്പോള്‍ ജയിലിലുള്ളത്. ഇതില്‍ ദര്‍ശന്റെ സുഹൃത്തായ നടി പവിത്ര ഗൗഡയും പെടുന്നു. ദര്‍ശന്റെ ആരാധകനായ രേണുകസ്വാമി (33) പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതാണ് ദർശനെ പ്രകോപിപ്പിച്ചതെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് പൊലീസ് നൽകുന്ന വിവരം. ജൂൺ 9 ന് സുമനഹള്ളിയിലെ ഒരു അപ്പാർട്ട്മെന്റിന് അടുത്തുള്ള അഴുക്കുചാലിലാണ് രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]