
മലപ്പുറം: ഗ്രൂപ്പ് പോര് രൂക്ഷമായ മലപ്പുറത്ത് ഡിസിസിയുടെ ആഭിമുഖ്യത്തിലുള്ള പലസ്തീൻ ഐക്യദാർഡ്യ സമ്മേളനം ഇന്ന് കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാല് മണിക്ക് ടൗൺ ഹാളിൽ നടക്കുന്ന പരിപാടിക്ക് ആര്യാടൻ ഷൗക്കത്ത് അനുകൂലികൾ എത്തില്ലെന്നാണ് വിവരം. ഡിസിസിയെ വെല്ലുവിളിച്ച് അടുത്ത മാസം മൂന്നിന് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഡ്യ സമ്മേളനം പ്രഖ്യാപിച്ചിട്ടുമുണ്ട്.
മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തെ ചൊല്ലിയാണ് മലപ്പുറത്ത് ഗ്രൂപ്പ് തർക്കം രൂക്ഷമായത്. മലപ്പുറത്ത് മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തില്‍ എ പി അനില്‍ കുമാര്‍ എം എല്‍ എയും ഡിസിസി പ്രസിഡന്റ് വി എസ് ജോയിയും ചേര്‍ന്ന് എ ഗ്രൂപ്പിനെ പൂര്‍ണമായും വെട്ടി നിരത്തിയെന്നാണ് പരാതി. തര്‍ക്കത്തെത്തുടര്‍ന്ന് പലയിടത്തും മണ്ഡലം പ്രസിഡന്റുമാര്‍ ചുമതലയേറ്റിരുന്നില്ല. തർക്കമുള്ള ഇടങ്ങളിലെ സ്ഥാനാരോഹണം നീട്ടിവയ്ക്കണമെന്ന കെപിസിസി നിർദ്ദേശം ഡിസിസി അട്ടിമറിച്ചെന്നാണ് എ ഗ്രൂപ്പ് ആരോപണം.
ഇതിനെതിരെയുളള ശക്തി പ്രകടനം എന്ന നിലയക്കാണ് പലസ്തീൻ ഐക്യദാർഡ്യ സദസ് സംഘടിപ്പിക്കാൻ ആര്യാടൻ ഫൗണ്ടേഷൻ തീരുമാനിച്ചത്. നവംബർ മൂന്നിന് ഐക്യദാർഡ്യ സദസ്സ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഈ പരിപാടിക്ക് മുന്നേതന്നെ ഡിസിസി സംഘടിപ്പിക്കുന്ന യോഗം ഇപ്പോള്‍ നിർണായകമായിരിക്കുകയാണ്. ജില്ലിയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളെത്തുമെന്ന് ഔദ്യോഗിക പക്ഷം അവകാശപ്പെടുന്നു.
നേതാക്കളെ ഒപ്പം നിർത്തി എ ഗ്രൂപ്പിന് ശക്തമായ സന്ദേശം നൽകാനാണ് ഡിസിസി നേതൃത്വം ലക്ഷ്യമിടുന്നത്. മൂന്നാം തിയതി പരിപാടി നടത്തരുതെന്ന് നിർദ്ദേശവും കെപിസിസി നൽകിയിട്ടുണ്ടെന്നാണ് ഡിസിസി അവകാശപ്പെടുന്നത്. ഇതിനിടെ ഗ്രൂപ്പ് തർക്കം രൂക്ഷമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയായകുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കെ സി വേണുഗോപാൽ ഉൾപ്പെടെയുളളവരുമായി ലീഗ് നേതൃത്വം ചർച്ച നടത്തുന്നുണ്ട്.
ഡിസിസി നേതൃത്വമായി അകൽച്ചയിലുളള വിമതർ ഇടതുപക്ഷവുമായി സഖ്യത്തിന് ശ്രമിക്കുന്നതായും ആരോപണമുണ്ട്. നിലവിൽ എ ഗ്രൂപ്പിന്റെ പരാതി കെപിസിസിക്ക് മുന്നിലുണ്ടെങ്കിലും നടപടിയൊന്നുമായില്ല. പുനസംഘടനയിലുൾപ്പെടെയുളള അതൃപ്തി പരിഹരിച്ച ശേഷം ചർച്ചമതിയെന്നും സമാന്തരമായി വിളിച്ചുചേർത്ത പലസ്തീൻ ഐക്യദാർഡ്യ സമ്മേളനത്തിൽ നിന്ന് പുറകോട്ടില്ലെന്ന് ആര്യാടൻ ഷൗക്കത്തിനെ അനുകൂലിക്കുന്നവരും നിലപാടെടുക്കുമ്പോൾ പോര് കടുക്കുകയാണ്.
Last Updated Oct 30, 2023, 8:57 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]