
ഭുവനേശ്വര്‍: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചിട്ടും ഡ്രൈവര്‍ മനഃസാന്നിധ്യം കൈവിടാതിരുന്നതോടെ ഒഴിവായത് വന്‍ അപകടം. തന്റെ ശ്വാസം നിലയ്ക്കും മുന്‍പ് അദ്ദേഹം 48 പേരുടെ ജീവന് സുരക്ഷിതമാക്കി. ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം.
കാണ്ഡമാൽ ജില്ലയിലെ പബുരിയ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാണ്ഡമാലിലെ സാരൻഗഡിൽ നിന്ന് ജി ഉദയഗിരി വഴി സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറിലേക്കുള്ള രാത്രി യാത്രയിലാണ്, ‘മാ ലക്ഷ്മി’ എന്ന ബസിന്റെ ഡ്രൈവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. തനിക്കിനി വാഹനം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയില്ലെന്ന് ഡ്രൈവര്‍ തിരിച്ചറിഞ്ഞു. ഇതോടെ ബസ് മതിലിൽ ഇടിച്ച് നിര്‍ത്തിച്ചു.
കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ സ്റ്റിയറിംഗിന്റെ നിയന്ത്രണം നഷ്ടമായിട്ടും യാത്രക്കാരുടെ ജീവന് പൊലിയാതെ കാത്ത ആ ഹീറോയുടെ പേര് സന പ്രധാന് എന്നാണ്- “തനിക്ക് ഇനി ബസ് ഓടിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. അതിനാൽ ബസ് റോഡരികിലെ മതിലിൽ ഇടിച്ചു നിര്‍ത്തി. ബസ് നിന്നു. ഇതോടെ യാത്രക്കാര്‍ രക്ഷപ്പെട്ടു”- ടികബാലി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഇൻസ്പെക്ടർ കല്യാണമയി സെന്ധ പറഞ്ഞു.
ഡ്രൈവറെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. പിന്നാലെ മറ്റൊരു ഡ്രൈവറെത്തി ബസ് യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം പ്രധാന്റെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]