മുംബൈ: ഏഷ്യാ കപ്പ് ട്രോഫിയുടെ കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുമ്പോൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) യോഗത്തിൽ എസിസി അധ്യക്ഷനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വിയെ ചോദ്യം കൊണ്ട് മൂടി ഇന്ത്യ. ഇന്ത്യൻ ടീം നഖ്വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്, അദ്ദേഹം ട്രോഫി ഹോട്ടലിലേക്ക് കൊണ്ട് പോവുകയായിരുന്നു.
ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് എസിസി യോഗത്തിൽ പങ്കെടുത്തത്. ടുര്‍ണമെന്റില്‍ വിജയിച്ച ടീം ഇന്ത്യക്ക് ട്രോഫി കൈമാറാത്തത് അദ്ദേഹം ചോദ്യം ചെയ്തു.
ട്രോഫി എസിസിയുടെ സ്വത്താണെന്നും നഖ്വി അതിൽ വ്യക്തിപരമായി ഒരു അവകാശവും ഇല്ലെന്നും രാജീവ് ശുക്ല തുറന്നടിച്ചു. ട്രോഫി ശരിയായ രീതിയിൽ ഇന്ത്യയ്ക്ക് കൈമാറേണ്ടതുണ്ടെന്നും എസിസി ഉടൻ തന്നെ ഇക്കാര്യം പരിശോധിക്കണമെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടു.
ബിസിസിഐയും നഖ്വിയും തമ്മിൽ ചൂടേറിയ വാഗ്വാദം തന്നെ യോഗത്തില്‍ തുടര്‍ന്നുണ്ടായി. ഇന്ത്യയെ അഭിനന്ദിക്കാൻ മടി ഏഷ്യാ കപ്പിന്റെ പോസ്റ്റ്-മാച്ച് പ്രസന്റേഷനിലെ കാര്യങ്ങളിൽ തന്നെ ഒരു കാർട്ടൂൺ പോലെ ചിത്രീകരിച്ചുവെന്ന് നഖ്വി ആരോപിച്ചു.
ഇന്ത്യൻ ടീം ട്രോഫി സ്വീകരിക്കില്ലെന്ന് രേഖാമൂലം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. ബിസിസിഐ പ്രതിനിധി തുടർന്നും ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ, ഈ വിഷയം മറ്റൊരു വേദിയിൽ ചർച്ച ചെയ്യാമെന്ന് നഖ്വി പറഞ്ഞു.
യോഗത്തിൽ, ഇന്ത്യയുടെ വിജയത്തിന് നഖ്വി ആദ്യം അഭിനന്ദനം അറിയിക്കാൻ വിസമ്മതിച്ചു. എന്നാൽ, ബിസിസിഐ പ്രതിനിധി അശിഷ് ഷെലാറിന്റെ നിർബന്ധത്തിന് വഴങ്ങി അവസാനം അദ്ദേഹത്തിന് അഭിനന്ദനം അറിയിക്കേണ്ടി വന്നു.
ട്രോഫി ഇന്ത്യക്ക് കൈമാറണമെന്ന് ബിസിസിഐ ശക്തമായി വാദിച്ചു, എസിസി ഓഫീസിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി. എന്നാൽ, നഖ്വി തന്റെ നിലപാടിൽ ഉറച്ചുനിന്നു, ഈ വിഷയം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞു.
ട്രോഫി ഇന്ത്യക്ക് കൈമാറാൻ അദ്ദേഹം ഇതുവരെ സമ്മതിച്ചിട്ടില്ല, ഇത് ബിസിസിഐയെ ചൊടിപ്പിച്ചു. ട്രോഫി തങ്ങളുടേതാണെന്നും, ഇതിൽ ചർച്ചയ്ക്ക് ഒന്നുമില്ലെന്നും ബിസിസിഐ നിലപാട് വ്യക്തമാക്കി.
ഈ വിഷയത്തിൽ ബിസിസിഐ ഐസിസിയിൽ ഔദ്യോഗിക പരാതി സമർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ ഏഷ്യ കപ്പ് കിരീടവും മെഡലുകളും ഇന്ത്യൻ ടീമിന് കൈമറാൻ പാക് ആഭ്യന്തര മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്വി പുതിയ ഉപാധി മുന്നോട്ടുവെച്ചുവെന്നുള്ള റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു.
ട്രോഫിയും മെഡലുകളും സ്വകാര്യ ചടങ്ങില്‍ വെച്ച് മാത്രമെ കൈമാറൂവെന്നും അത് താന്‍ തന്നെയാകും കൈമാറുകയെന്നും നഖ്വി ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാക് ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്സിന്‍ നഖ്വിയില് നിന്ന് സ്വകാര്യ ചടങ്ങില്‍ പോലും കിരീടം ഏറ്റുവാങ്ങാന്‍ ഇന്ത്യൻ ടീമോ ബിസിസിഐ പ്രതിനിധകളോ തയാറാവില്ലെന്നുറപ്പാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]