ആളൊഴിഞ്ഞ ഗ്യാലറികളുടെ നിശ്ശബ്ദതയും സ്കോര്‍ബോര്‍ഡില്‍ കാര്യമായ ചലനങ്ങളില്ലാതെ മന്ദഗതിയില്‍ നീങ്ങുന്ന മത്സരങ്ങളും ഒരു കാലത്ത് വനിതാ ക്രിക്കറ്റിന്റെ പതിവ് കാഴ്ചയായിരുന്നു. പുരുഷ ലോകകപ്പുകളില്‍ മാത്രം ആവേശം നിറയുകയും വനിതാ ലോകകപ്പ് ആരുമറിയാതെ കടന്നുപോവുകയും ചെയ്ത നാളുകള്‍.
ഇംഗ്ലണ്ടും ഓസ്ട്രേലിയയും കിരീടം പങ്കിട്ടെടുത്തിരുന്ന ആ കാലഘട്ടത്തിന് വലിയൊരു മാറ്റം കുറിച്ചത് 2017-ലെ വനിതാ ഏകദിന ലോകകപ്പാണ്. വനിതാ ലോകകപ്പുകളുടെ ചരിത്രത്തില്‍ അത്രയധികം കാണികളെ ആകര്‍ഷിച്ച മറ്റൊരു ടൂര്‍ണമെന്റ് അതിന് മുന്‍പ് ഉണ്ടായിട്ടില്ല.
അവിടെനിന്നുള്ള വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ച അവിശ്വസനീയമാണ്. ആരാധകര്‍ നല്കാൻ മടിച്ച അംഗീകാരം അവര്‍ കളിമികവുകൊണ്ട് നേടിയെടുത്തു എന്ന് പറയുന്നതാവും കൂടുതല്‍ ശരി.
വനിതാ ബിഗ് ബാഷ് ലീഗ്, വിമണ്‍സ് പ്രീമിയര്‍ ലീഗ് തുടങ്ങിയ ടൂര്‍ണമെന്റുകള്‍ വനിതാ ക്രിക്കറ്റിന്റെ നിലവാരം ഗണ്യമായി ഉയര്‍ത്തി. അതിന്റെയെല്ലാം പാരമ്യമായിരിക്കും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത ലോകകപ്പ് എന്ന കാര്യത്തില്‍ സംശയമില്ല.
കാരണം, ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. സ്കോറിങ്ങിലെ ഷിഫ്റ്റ് കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ നിന്ന് പുതിയ ലോകകപ്പിലേക്ക് എത്തുമ്പോള്‍ ക്രിക്കറ്റിന്റെ നിലവാരത്തിലും സ്കോറിങ്ങിലുമുണ്ടായ മാറ്റം വളരെ വലുതാണ്.
ലോകകപ്പ് സൈക്കിളുകള്‍ തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. ഒരു ലോകകപ്പ് കഴിഞ്ഞ് അടുത്ത ലോകകപ്പ് ഫൈനല്‍ വരെയുള്ള കാലയളവാണ് ഒരു സൈക്കിളായി കണക്കാക്കുന്നത്.
2000 മുതല്‍ 2005 വരെയുള്ള സൈക്കിളില്‍ വനിതാ ക്രിക്കറ്റില്‍ 300-ല്‍ അധികം റണ്‍സ് പിറന്നത് വെറും രണ്ട് തവണ മാത്രമായിരുന്നു. എന്നാല്‍ 2022 മുതല്‍ 2025 വരെയുള്ള സൈക്കിളില്‍ ഈ സംഖ്യ 34 ആയി ഉയര്‍ന്നു.
2000-05 കാലഘട്ടത്തിലെ ശരാശരി റണ്‍റേറ്റ് 3.59 ആയിരുന്നെങ്കില്‍ നിലവിലെ സൈക്കിളില്‍ അത് അഞ്ചിന് മുകളിലാണ്; ചരിത്രത്തിലാദ്യമായി. ഉയര്‍ന്ന സ്കോറുകള്‍ പിറക്കുന്ന മത്സരങ്ങള്‍ വര്‍ധിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഈ മാസം നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ പിറന്നത് 781 റണ്‍സാണ്. ബെത്ത് മൂണിയുടെയും സ്മൃതി മന്ദനയുടെയും തകര്‍പ്പൻ ബാറ്റിങ്ങാണ് കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.
കഴിഞ്ഞ ലോകകപ്പ് സൈക്കിളില്‍ നിന്ന് ഇപ്പോഴത്തേതിലേക്ക് എത്തുമ്പോള്‍ മറ്റ് ടീമുകളുടെ റണ്‍നിരക്കിലുണ്ടായ വളര്‍ച്ച കുറവാണെങ്കില്‍ ഇന്ത്യയുടെ കാര്യം അങ്ങനെയല്ല. ശരാശരി റണ്‍റേറ്റ് 4.6-ല്‍ നിന്ന് 5.6 ആയി ഉയര്‍ത്താൻ ഇന്ത്യക്ക് സാധിച്ചു, 21 ശതമാനത്തിന്റെ വര്‍ധന.
ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായത് ശ്രീലങ്കയ്ക്കാണെങ്കിലും ഇന്ത്യയെപ്പോലെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാൻ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ന്യൂസിലൻഡ് ഒഴികെയുള്ള എല്ലാ ടീമുകളും ഈ സൈക്കിളില്‍ ശരാശരി റണ്‍റേറ്റ് മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പിച്ചുകളിലാണ് ഉയര്‍ന്ന സ്കോറുള്ള മത്സരങ്ങള്‍ കൂടുതലായി നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ഏകദിന ലോകകപ്പ് ഒരു റണ്‍ ഉത്സവം തന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
എന്നാല്‍, വനിതാ ക്രിക്കറ്റിലെ കൂറ്റൻ സ്കോറുകള്‍ക്ക് കാരണം അനുകൂലമായ പിച്ചുകള്‍ മാത്രമല്ല. എല്ലാ ടീമുകളും അവരുടെ ബാറ്റിങ് ഡെപ്ത് വര്‍ധിപ്പിച്ചു എന്നതാണ് മറ്റൊരു പ്രധാന ഘടകം.
ഒരുകാലത്ത് മിതാലി രാജ്, അഞ്ജും ചോപ്ര എന്നിവരില്‍ ഒതുങ്ങിയിരുന്ന ഇന്ത്യൻ ബാറ്റിങ് നിര പിന്നീട് മിതാലി, സ്മൃതി, ഹര്‍മൻപ്രീത് എന്നിവരിലേക്ക് മാറി. എന്നാല്‍ ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്നത്തെ ഇന്ത്യൻ ടീമില്‍ എട്ടാം നമ്പറില്‍ വരെ വിശ്വസിച്ച് ഇറക്കാവുന്ന ബാറ്റര്‍മാരുണ്ട്.
ഇതിന്റെ ഫലമായി ഡെത്ത് ഓവറുകളിലെ സ്കോറിങ് നിരക്കും ഗണ്യമായി ഉയര്‍ന്നു. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ് തുടങ്ങിയ ടീമുകളുടെ ഡെത്ത് ഓവറുകളിലെ ശരാശരി റണ്‍റേറ്റ് ഈ സൈക്കിളില്‍ ഏഴിന് മുകളിലാണ്.
ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകളുടേത് മാത്രമാണ് ആറിന് താഴെയുള്ളത്. സ്പിന്നർമാരുടെ വളർച്ച ബാറ്റിങ്ങില്‍ മാത്രമല്ല, ബൗളിങ്ങിലും തന്ത്രങ്ങള്‍ മാറിയിട്ടുണ്ട്.
അതില്‍ പ്രധാനം സ്പിന്നര്‍മാരുടെ ആധിപത്യം വര്‍ധിച്ചു എന്നതാണ്. 2022-ന് ശേഷം 40-ല്‍ അധികം വിക്കറ്റ് നേടിയ പത്ത് ബൗളര്‍മാരില്‍ എട്ടുപേരും സ്പിന്നര്‍മാരാണ്.
ഇന്ത്യയിലെ പിച്ചുകളേക്കാള്‍ ശ്രീലങ്കയിലെ പിച്ചുകളിലായിരിക്കും ലോകകപ്പില്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കുക. ഇത്തവണത്തെ ലോകകപ്പ് വനിതാ ക്രിക്കറ്റിലെ ഒരു പുതിയ നാഴികക്കല്ലാകുമെന്ന് ഉറപ്പാണ്.
ഗ്യാലറികളിലെ നിശ്ശബ്ദതയുടെ കാലം കഴിഞ്ഞു. ഇനി ഇരിപ്പിടങ്ങള്‍ നിറയും, സ്കോര്‍ബോര്‍ഡില്‍ അതിവേഗം മാറ്റങ്ങള്‍ വരും, ആവേശം അലതല്ലും.
ഈ മുന്നേറ്റം ഇനിയും തുടരും… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]