തൃശ്ശൂർ: സ്വകാര്യ ചാനൽ ചർച്ചയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ഇയാളെ കണ്ടെത്താനായി തൃശ്ശൂരിലെ ബിജെപി ജില്ലാ ഭാരവാഹികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി.
സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ അയനിക്കുന്നിന്റെയും സഹോദരന്റെയും വീടുകളിലായിരുന്നു പരിശോധന. ചാനൽ ചർച്ചയിലെ പരാമർശത്തെ തുടർന്നാണ് പ്രിന്റു മഹാദേവനെതിരെ പോലീസ് കേസെടുത്തത്.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരാമംഗലം പോലീസാണ് കേസെടുത്തിരിക്കുന്നത്. കൊലവിളി, കലാപാഹ്വാനം, സാമൂഹിക വിദ്വേഷം വളർത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രിന്റു മഹാദേവനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
‘രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴും’ എന്നായിരുന്നു ചർച്ചയ്ക്കിടെ പ്രിന്റു മഹാദേവൻ നടത്തിയ വിവാദ പരാമർശം.
പ്രിന്റു മഹാദേവിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണിയിൽ ബിജെപിക്കും ആർഎസ്എസിനുമെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. പ്രിന്റു മഹാദേവനെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.
വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ആശയപരമായ പോരാട്ടത്തിൽ പരാജയപ്പെടുമ്പോഴാണ് ബിജെപി വധഭീഷണിയിലേക്ക് തിരിയുന്നതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര കുറ്റപ്പെടുത്തി.
പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദം ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി, പ്രിന്റു മഹാദേവൻ പങ്കെടുക്കുന്ന ചാനൽ ചർച്ചകൾ ബഹിഷ്കരിക്കാൻ കോൺഗ്രസ് പ്രതിനിധികൾക്ക് കെപിസിസി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ, പ്രിന്റുവിന്റെ വീടിന് മുന്നിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ബാരിക്കേഡുകൾ ഉപയോഗിച്ച് പോലീസ് മാർച്ച് തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]