
തിരുവനന്തപുരം: ദേശീയ പാത വികസനത്തിന് സ്ഥലം ഏറ്റെടുത്തതിൽ കൃത്രിമം കാണിച്ച് പണം തട്ടിയ സംഭവത്തിൽ തിരുവനന്തപുരത്തെ മുൻ തഹസിൽദാർക്കും വില്ലേജ് അസിസ്റ്റന്റിനും കഠിന തടവ്. 2004-2006 കാലഘട്ടത്തിൽ തലസ്ഥാനത്തെ പട്ടം മുതൽ കേശവദാസപുരം വരെയുള്ള ഹൈവേ വികസനത്തിന് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. അന്ന് നാഷണൽ ഹൈവേ ഭൂമി ഏറ്റെടുക്കൽ വിഭാഗം തഹസിൽദാറായിരുന്ന ദിവാകരൻ പിള്ള, കവടിയാർ വില്ലേജ് അസിസ്റ്റന്റ് എസ്. രാജഗോപാൽ എന്നിവർക്കെതിരാണ് തിങ്കളാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.
ഹൈവേ വികസനത്തിനായി ഒരു സ്വകാര്യ വ്യക്തി തന്റെ സ്ഥലം സൗജന്യമായി വിട്ടുനൽകിയിരുന്നു. എന്നാൽ ഈ സ്ഥലം മറ്റൊരു വ്യക്തിയുടെ ഉടമസ്ഥയിലുള്ളതാണെന്ന തരത്തിൽ തഹസിൽദാറും വില്ലേജ് അസിസ്റ്റന്റും ചേർന്ന വ്യാജ രേഖയുണ്ടാക്കിയെന്നാണ് കണ്ടെത്തിയത്. യഥാർത്ഥ ഉടമ അറിയാതെയായിരുന്നു ഇതെല്ലാം. തുടർന്ന് വ്യാജ രേഖ പ്രകാരമുള്ള ഉടമയിൽ നിന്ന് ഭൂമി പണം നൽകി ഏറ്റെടുക്കുകയാണെന്ന് കാണിച്ച് 12,60,910 രൂപയാണ് രണ്ട് പേരും ചേർന്ന് വെട്ടിച്ചെടുത്തത്.
സംഭവത്തിൽ പിന്നീട് തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നാലെ അന്വേഷണം നടക്കുകയും ചെയ്തു. കേസിൽ ഒന്നാം പ്രതിയായ തഹസിൽദാർ ദിവാകരൻ പിള്ളയ്ക്ക് വിവിധ വകുപ്പുകളിലായി12 വർഷം കഠിനതടവാണ് കോടതി വിധിച്ചത്. ഇതിന് പുറമെ 2,35,000 രൂപ പിഴയും ഒടുക്കണം. രണ്ടാം പ്രതിയായ വില്ലേജ് അസിസ്റ്റന്റ് എസ്. രാജഗോപാലിന് പല വകുപ്പുകളിലായി ആറ് വർഷം കഠിന തടവുണ്ട്. ഇയാൾ 1,35,000 രൂപ പിഴയും ഒടുക്കണം. ശിക്ഷാ വിധി പുറത്തുവന്നതോടെ ഒന്നാം പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലടച്ചു.
തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് മുൻ ഡിവൈഎസ്പി രാജേന്ദ്രനാണ് ഈ തട്ടിപ്പിൽ കേസ് രജിസ്റ്റർ ചെയ്തത്. അന്ന് വിജിലൻസ് ഇൻസ്പെക്ടറായിരുന്ന ഉജ്ജ്വൽ കുമാർ അന്വേഷണം പൂർത്തിയാക്കി. മുൻ ഡി.വൈ.എസ്.പിയും നിലവിലെ ഇന്റലിജൻസ് വിഭാഗം പോലീസ് സൂപ്രണ്ടുമായ ആർ. മഹേഷ് കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് ഇന്ന് വിധി വന്നത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]