ന്യൂഡൽഹി: മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തരുതെന്ന് സുപ്രീം കോടതി. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട മൂന്ന് ഹർജികളിൽ വാദം കേൾക്കവേയായിരുന്നു കോടതിയുടെ പരാമർശം.
മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി, രാജ്യസഭാ എംപിയും മുൻ ടിടിഡി ചെയർമാനുമായ വൈ വി സുബ്ബ റെഡ്ഡി, ചരിത്രകാരനായ വിക്രം സമ്പത്ത് എന്നിവർ സമർപ്പിച്ച ഹർജികൾ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. വാദപ്രതിവാദങ്ങൾക്കൊടുവിൽ ലഡുവുണ്ടാക്കാൻ മൃഗക്കൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചുവെന്നതിന് തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നതും പരിശോധന നടത്തിയ ലാബ് റിപ്പോർട്ട് ‘ഫാൾസ് പോസിറ്റീവ്’ ആയതും കോടതി നിരീക്ഷിച്ചു.
ലഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മത്സ്യ എണ്ണ, പന്നിക്കൊഴുപ്പ്, ഗോമാംസം തുടങ്ങിയവ കണ്ടെത്തിയതായുള്ള ഗുജറാത്ത് ലാബ് റിപ്പോർട്ടിനെക്കുറിച്ചും ഇതിൽ അന്വേഷണം നടത്താൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉത്തരവിട്ടതും കോടതി പരാമർശിച്ചു.
‘നിങ്ങൾക്ക് ഭരണഘടനാപരമായ ചുമതലയുള്ളപ്പോൾ, രാഷ്ട്രീയത്തിൽ നിന്ന് ദൈവങ്ങളെ മാറ്റി നിർത്തേണ്ടതുണ്ട്. നിങ്ങൾ അന്വേഷണത്തിനായി ഉത്തരവിട്ടിരിക്കുന്ന സാഹചര്യത്തിൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പോകേണ്ട ആവശ്യമെന്തായിരുന്നു? ലാബ് റിപ്പോർട്ട് പുറത്തുവന്നത് ജൂലായിലാണ്. നിങ്ങളുടെ ആരോപണം വന്നത് സെപ്തംബറിലും. റിപ്പോർട്ട് വ്യക്തവുമല്ല. മതവികാരങ്ങളെ ബഹുമാനിക്കണം’- കോടതി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലെ വൈഎസ്ആർ കോൺഗ്രസിന്റെ ഭരണസമയത്ത് തിരുമല ലഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകൾ ഉപയോഗിച്ചാണ് നിർമിച്ചത്. നെയ്യ് ഉപയോഗിക്കുന്നതിന് പകരം അവർ മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചത്. എന്നാലിപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നത്. ക്ഷേത്രത്തിൽ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ട്. ഇത് ലഡുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്’- എന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പരാമർശം. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.