
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെ കുറിച്ച് പരാതികൾ കൂടുന്നുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. അശ്രദ്ധയോടെയുള്ള ഡ്രെെവിംഗ്, കണ്ടക്ടറുടെ മോശം പെരുമാറ്റം എന്നിങ്ങനെയാണ് കൂടുതൽ പരാതികളെന്നും മന്ത്രി വ്യക്തമാക്കി. ഈ രീതികൾ മാറ്റിയില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.
‘ഒരുപാട് പരാതികൾ എനിക്കും എന്റെ ഓഫീസിലും ലഭിച്ചിരുന്നു. പരാതികളിൽ ബഹുഭൂരിപക്ഷവും സ്വിഫ്റ്റിലെ ഡ്രെെവർമാർക്കും കണ്ടക്ടർമാർക്കും എതിരെയാണ്. അശ്രദ്ധയോടെയുള്ള ഡ്രെെവിംഗ്, കണ്ടക്ടറുടെ മോശം പെരുമാറ്റം എന്നിങ്ങനെയാണ് കൂടുതൽ പരാതികളും. ഓരോ ദിവസത്തെയും കണക്കെടുത്താൽ മൂവായിരത്തിലേറെ ബസുകളിലെ കെഎസ്ആർടിസി ഡ്രെെവർമാരേക്കാൾ അപകടമുണ്ടാക്കുന്നത് വളരെ തുച്ഛമായ ബസുകളുള്ള സ്വിഫ്റ്റിലെ ഡ്രെെവർമാരാണ്. മരണം സംഭവിച്ച അപകടങ്ങളിലെ കണക്ക് നോക്കിയാലും ഇങ്ങനെ തന്നെയാണ്.
ഈ രീതികൾ മാറ്റിയില്ലെങ്കിൽ കർശന നടപടിയെടുക്കും. ബസിൽ കയറുന്നവരോട് ഡ്രെെവറായാലും കണ്ടക്ടർ ആയാലും മര്യാദയോടെ പെരുമാറണം. ജനങ്ങളാണ് യജമാനന്മാർ. അവർ ബസിൽ കയറിയില്ലെങ്കിൽ ജീവനക്കാർക്ക് ശമ്പളം ഉണ്ടാകില്ല. ഒരു കരണവശാലും മര്യാദയില്ലാത്ത സംസാരങ്ങൾ പാടില്ല.
അപകടമുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്തവും ചെലവും നിങ്ങൾ വഹിക്കണം. കെഎസ്ആർടിസി പെെസയൊന്നും ചെലവാക്കില്ല. വണ്ടി ഇടിച്ച് കഴിഞ്ഞാലും ജനങ്ങളോട് ചട്ടമ്പിത്തരമൊന്നും കാണിക്കേണ്ട. കൃത്യമായ നിയമനടപടികൾ സ്വീകരിക്കണം’, – കെ ബി ഗണേശ് കുമാർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]