
ബംഗളൂരു: ലോകമാകെയുള്ള മനുഷ്യർ കൊവിഡ് എന്ന മഹാമാരിക്കെതിരെ പൊരുതാനായി ആദ്യം സ്വീകരിച്ച മാർഗങ്ങളിലൊന്നായിരുന്നു ലോക്ഡൗൺ. ലോകമാകെ സമ്പർക്കം കുറയുമ്പോൾ രോഗസാദ്ധ്യത കുറയും എന്ന ചിന്തയായിരുന്നു ഇതിന്പിന്നിൽ. ഇക്കാലത്ത് മനുഷ്യസഞ്ചാരം തീരെ കുറഞ്ഞതോടെ പല കൗതുകകരമായ കാര്യങ്ങളും നമുക്ക് അനുഭവിക്കാനായിരുന്നു.
ചന്ദ്രനിലും മാറ്റം :മൈലുകൾക്കകലെയുള്ള ഹിമാലയ പർവത നിരകളെ വടക്കേ ഇന്ത്യയിൽ പലയിടത്തും കാണാനായി. അപൂർവമായി പോലും നാട്ടിലിറങ്ങാത്ത ജന്തുക്കൾ നാട്ടിലിറങ്ങി. പ്രകൃതി മനുഷ്യനിർമ്മിതികളെ കീഴടക്കുന്ന സംഭവങ്ങളും ഉണ്ടായി. ഇതെല്ലാം ഭൂമിയിൽ നടന്ന കാര്യങ്ങളാണ്. ഭൂമിക്ക് പുറത്തും ലോക്ഡൗൺ കാരണം മാറ്റമുണ്ടായി എന്ന കൗതുകകരമായ കണ്ടെത്തലുമായി രംഗത്തുവരികയാണ് രണ്ട് ഇന്ത്യൻ ഗവേഷകർ. അതെ 2020 ഏപ്രിൽ-മേയ് മാസങ്ങളിലെ ലോക്ഡൗൺ നമ്മുടെ ഉപഗ്രഹമായ ചന്ദ്രനിൽ മാറ്റങ്ങളുണ്ടാക്കി.
താപനിലയിലെ കുറവ്: റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ പ്രതിമാസ ഗവേഷണ റിവ്യൂ പരിപാടിയിൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫിസിക്സ് റിസർച്ച് ലബോറട്ടറിയിലെ കെ ദുർഗാ പ്രസാദ്, ജി അമ്പിളി എന്നിവരുടെ ചന്ദ്രന്റെ പ്രതലത്തിലെ ആറ് വ്യത്യസ്ത സ്ഥലങ്ങളിലെ രാത്രികാല താപനില വിശകലനം ചെയ്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2017 മുതൽ 2023 വരെയുള്ള കാലയളവാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.
ശേഖരിച്ചത് 12 വർഷത്തെ വിവരങ്ങൾ:2009 മുതൽ ചന്ദ്രനിലെ പ്രകൃതിയും ഉപരിതലവും പഠനവിധേയമാക്കുന്ന നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്ററിൽ(എൽആർഒ) നിന്നുമുള്ള ഡാറ്റ ഉപയോഗിച്ച് പഠിച്ചപ്പോൾ ലോക്ഡൗൺ കാലത്ത് എട്ട് മുതൽ 10 കെൽവിൻ വരെ അളവിൽ കുറഞ്ഞ കാലാവസ്ഥ ഉണ്ടെന്ന് കണ്ടെത്തി. ’12 വർഷത്തെ വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചു. എന്നാൽ ഏഴ് വർഷത്തെ വിവരങ്ങളാണ് ഉപയോഗിച്ചത്. 2020 ലോക്ഡൗണിന് മൂന്ന് വർഷം മുൻപുള്ളതും അതിന് മൂന്ന് വർഷം ശേഷമുള്ളതും.’ ടൈംസ് ഓഫ് ഇന്ത്യയോട് ദുർഗാ പ്രസാദ് വ്യക്തമാക്കുന്നു.
ഭൂമിയിൽ നിന്നും മനുഷ്യന്റെ പ്രവർത്തനഫലമായി വിവിധ വികിരണങ്ങൾ പുറമേയ്ക്ക് പോകാറുണ്ട്. എന്നാൽ ലോക്ഡൗൺ കാലത്ത് ഈ വികിരണങ്ങളിൽ കാര്യമായ കുറവുണ്ടായത് കാരണം താപനിലയിൽ മാറ്റമുണ്ടായി. ഹരിതഗൃഹ വാതകങ്ങളും, ഖര,ദ്രാവക രൂപത്തിൽ അന്തരീക്ഷത്തിൽ മനുഷ്യർ മൂലം എത്തുന്ന എയറോസോളുകൾ എന്നിവയും കുറഞ്ഞു. ഇത് ഭൂമിയിലെ താപനിലയിൽ കുറവുണ്ടാക്കി. ഇത് ബഹിരാകാശത്തേക്ക് ഭൂമിയിൽ നിന്നുള്ള താപം പുറന്തള്ളുന്നതിൽ കുറവുവരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചന്ദ്രനിലെ സൈറ്റ് 2ൽ 96.2 കെൽവിൻ ആയിരുന്നു ലോക്ഡൗൺ കാലത്തെ താപനില. സൈറ്റ് 1ൽ 2022ൽ അതേസമയം 143.8 കെൽവിൻ ആണ് രേഖപ്പെടുത്തിയത്. 2020ലായിരുന്നു താപനിലയിൽ ഇവിടെ കുറവ് വന്നത്. 2021,2022 കാലങ്ങളിൽ ക്രമേണ ചൂട് കൂടിവരുന്നതും പഠനത്തിൽ പറയുന്നുണ്ട്. സൂര്യന്റെ ചൂടിലെ അളവുകളും മറ്റ് വിവിധ ഘടകങ്ങളും നിരീക്ഷിച്ച ശേഷമാണ് ഈ നിഗമനത്തിൽ ഗവേഷകർ എത്തിയത്. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ വരുംകാലത്ത് നടത്തേണ്ടത് ആവശ്യമാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.