
ഒറ്റപ്പാലം: പ്രമുഖ ഓൺലൈൻ ഇ കൊമേഴ്സ് വെബ്സൈറ്റുകളുടെ മറവിൽ വ്യാജ ഷോപ്പിംഗ് സൈറ്റുകൾ ഒരുക്കി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ സൈബർ പൊലീസ് നടപടി തുടങ്ങി. ഇത്തരത്തിൽ പണം നഷ്ട്മായവരുടെ പരാതികളിൽ സംസ്ഥാന സൈബർ പൊലീസ് നടത്തിയ പരിശോധനയിൽ 155 വ്യാജ വെബ്സൈറ്റുകളാണ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. ഇവ നീക്കം ചെയ്യാനുള്ള നടപടിയും സൈബർ പൊലീസ് ആരംഭിച്ചു.
പ്രമുഖ ഓൺലൈൻ ഇ കോമേഴ്സ് കമ്പനികൾ സ്മാർട്ട് ഐ ഫോൺ, ലാപ്ടോപ്പ് മുതലായ
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സൈറ്റുകൾ മുഖേന വൻ വിലക്കുറവിൽ വില്പന നടത്തി വരുന്നുണ്ട്. ഇത് മറയാക്കിയാണ് വ്യാജൻമാരുടെ വിളയാട്ടം. സാമ്പത്തിക തട്ടിപ്പു വ്യാപകമാണെന്ന വിവരത്തെ തുടർന്നാണ് പൊലീസ് നടപടി. ഒറ്റനോട്ടത്തിൽ കമ്പനികളുടെ യഥാർഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജൻമാർ സമൂഹമാദ്ധ്യമങ്ങൾ വഴി പരസ്യം നൽകിയാണ് ഇരകളെ വീഴ്ത്തുന്നത്. വ്യാജ സൈറ്റുകൾ സന്ദർശിച്ച് ഉൽപന്നങ്ങൾ ഓർഡർ ചെയ്താൽ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് സൈബർ പൊലീസ് മുന്നറിയിപ്പു നൽകി.
വിലക്കുറവു വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും കൃത്യമായി പരിശോധിച്ചു മാത്രമേ ഉൽപന്നങ്ങൾ ഓർഡർ ചെയ്ത് പണം കൈമാറ്റം ചെയ്യാവൂ എന്നാണു പൊലീസിന്റെ നിർദ്ദേശം.
വെബ്സൈറ്റുകളുടെ ആധികാരികത തിരിച്ചറിയുന്നതിനു വിലാസം സൂക്ഷ്മമായി പരിശോധിക്കണം. എസ്.എം.എസ് വഴിയും സമൂഹമാദ്ധ്യമങ്ങളിലൂടെയും ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഇകൊമേഴ്സ് വെബ്സൈറ്റുകളിൽ പ്രവേശിക്കരുതെന്നും പൊലീസ് മുന്നറിയിപ്പു നൽകുന്നു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായെന്നു ബോധ്യപ്പെട്ടാൽ ഉടൻ 1930 എന്ന നമ്പറിൽ പരാതി അറിയിക്കണം. പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനകം ഈ നമ്പറിൽ പരാതി ലഭിച്ചാൽ തുക തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നു പൊലീസ് പറയുന്നു.
ഓൺലൈൻ ട്രേഡിംഗ് അതീവ ശ്രദ്ധ വേണം
ഓൺലൈൻ ട്രേഡിംഗ് മറയാക്കി സൈബർ ലോകത്ത് തട്ടിപ്പു സംഘങ്ങൾ തേർവാഴ്ച നടത്തുന്നു. ഇത്തരം സാമ്പത്തിക തട്ടിപ്പിന് ഇരയായി പലർക്കും നഷ്ടമായത് ലക്ഷങ്ങളാണ്. ഒറ്റപ്പാലത്ത് കഴിഞ്ഞ ദിവസം റിട്ട.സർക്കാർ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 8.35 ലക്ഷം രൂപയാണു തട്ടിയെടുത്തത്. മകന് വിവാഹാലോചനകൾ ക്ഷണിച്ചു റജിസ്റ്റർ ചെയ്തിരുന്ന മാട്രിമോണിയൽ വെബ്സൈറ്റിൽ നുഴഞ്ഞുകയറിയവരാണു തട്ടിപ്പിനു പിന്നിലെന്നു പൊലീസ് പറയുന്നു. ഇതിൽ പെൺകുട്ടിയുടെ പേരിൽ നൽകിയിരുന്ന പ്രൊഫൈലിലെ മൊബൈൽ ഫോൺ നമ്പറിൽ വിവാഹ ആലോചന സംബന്ധിച്ചു തുടങ്ങിയ ആശയവിനിമയങ്ങളാണു തട്ടിപ്പിൽ കലാശിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ട്രേഡിംഗ് ആപ്പിൽ പണം നി ക്ഷേപിച്ചാൽ മികച്ച ലാഭം ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ചു കഴിഞ്ഞ 2ന് ആദ്യം 40,000 രൂപ ബാങ്ക് അക്കൗണ്ട് വഴി ഇദ്ദേഹം നൽകി. ലാഭവിഹിതം എന്ന നിലയിൽ അന്നുതന്നെ 6000 രൂപ അക്കൗണ്ടിലേക്കു തിരിച്ചു നിക്ഷേപിച്ച് തട്ടിപ്പുകാർ വിശ്വാസം ഉറപ്പിച്ചു.
ഇതിനു പിന്നാലെ 14 വരെയുള്ള ദിവസങ്ങളിൽ വിവിധ ഘട്ടങ്ങളിലായി ബാക്കി തുക കൂടി തട്ടിപ്പുകാർ നിർദേശിച്ച അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. മുതലും ലാഭവും ലഭിക്കാതായതോടെ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി റജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതി ജില്ലാ പൊലീസ് മേധാവി മുഖേന ഒറ്റപ്പാലം പൊലീസിനു കൈമാറിയതോടെയാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. ഉത്തർപ്രദേശിലെ ആഗ്ര, നോയിഡ എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണു പോയതെന്നാണു പൊലീസ് കണ്ടെത്തൽ.