കോഴിക്കോട് :ജില്ലയിൽ നിപ്പ പോസിറ്റീവ് ആയിരുന്ന ഒമ്പത് വയസ്സുള്ള കുട്ടിയുൾപ്പടെ നാലു പേരെയും അഞ്ച് ദിവസത്തെ ഇടവേളയിൽ രണ്ടുപ്രാവശ്യം പരിശോധന നടത്തിയത് നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നിപ്പ പ്രോട്ടോകോൾ പ്രകാരം തൊണ്ടയിലെ സ്രവം, രക്തം, മൂത്രം എന്നീ മൂന്ന് സാമ്പിളുകളാണ് പരിശോധിച്ചത്. ഈ മൂന്ന് സാമ്പിളും നെഗറ്റീവ് ആണെന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് വെള്ളിയാഴ്ച നാലു പേരെയും ഡിസ്ചാർജ് ചെയ്തത്.കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഒരാളും ഇഖ്റ ഹോസ്പിറ്റൽ ഒരാളും മിംസ് ആശുപത്രിയിൽ കുഞ്ഞ് അടക്കം രണ്ടുപേരുമാണ് ചികിത്സയിൽ ഉണ്ടായിരുന്നത്. ഇഖ്റയിൽ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകൻ നേരത്തെ ഹോസ്റ്റലിൽ ആയിരുന്നു താമസിച്ചത്. ഇദ്ദേഹം പ്രത്യേക സംവിധാനത്തിൽ ഐസൊലേഷൻ തുടരും. മറ്റുള്ളവർ വീടുകളിലേക്ക് മടങ്ങി.
ഈ നാലുപേരും രോഗവിമുക്തരാണ്. പക്ഷേ നിപ്പ പ്രോട്ടോകോൾ പ്രകാരം അടുത്ത 14 ദിവസം ഇവർ ഐസോലേഷനിൽ കഴിയേണ്ടതുണ്ട്. ഐസൊലേഷനിൽ കഴിയുന്നത് പൂർണ്ണ ആരോഗ്യത്തോടെ അവർക്ക് ജീവചര്യകളിലേക്ക് തിരിച്ചു വരുന്നതിനും മറ്റുള്ളവരിൽ നിന്ന് അവർക്ക് അണുബാധ ലഭിക്കാതിരിക്കുന്നതിനും വേണ്ടിയാണ്. ഇവരെ വീട്ടിലേക്ക് വിടുന്നതിനു മുമ്പ് മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ അവരുടെ വീടുകളിൽ പോയി പൊതുശുചിത്വം ഉൾപ്പെടെയുള്ളവ പരിശോധിച്ചു. രോഗികളുമായി വീഡിയോ കോൾ വഴി സംസാരിച്ചതായി മന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]