തിരുവനന്തപുരം: പ്രത്യേക ഇനം വവ്വാലുകളില്‍ അപൂര്‍വ്വമായി കണ്ടുവരുന്ന നിപ വൈറസിന്റെ പ്രസ്തുത വകഭേദം ഏത് രീതിയിലാണ് മനുഷ്യനിലേക്ക് എത്തുന്നത് എന്നത് ഇന്നും ഐസിഎംആറിനും ഉത്തരമില്ലാത്ത ചോദ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇത് കണ്ടെത്തുന്നതിനും നിപ അണുബാധ കാരണം മനുഷ്യജീവന് നഷ്ടപ്പെടുന്ന സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുമായി വണ്‍ ഹെല്‍ത്ത് പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ജില്ലയിലേക്ക് വ്യാപിപ്പിക്കുകയും ഗവേഷണപ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ട്രൂനാട്ട് ടെസ്റ്റുകള്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ ഹൈറിസ്ക് മേഖലകളിലും സ്ഥാപിക്കാനുള്ള ഉദ്യമം തുടങ്ങിയിട്ടുണ്ടെന്നും അതിനുള്ള പരിശീലനം ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.
നിപ ബാധയില്‍ ശ്രദ്ധ കുറയ്ക്കാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തന്നെ സമ്പര്‍ക്കം ഉണ്ടായി രണ്ടാഴ്ചയ്ക്കു ശേഷവും രോഗികളെ കണ്ടെത്തിയിട്ടുള്ള അനുഭവങ്ങളുണ്ട്. നിപ രോഗത്തിന്റെ ഇന്‍ക്യൂബേഷന്‍ സമയത്തിന്റെ പരിധി 21 ദിവസമാണ്. എങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി പുതിയ രോഗികള്‍ ഇല്ല എന്നത് ആശ്വാസം പകരുന്ന വസ്തുതയാണെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ ഉണ്ടായ നിപ പ്രതിരോധത്തിന്റെ ചില പ്രത്യേകതകള്‍ കൂടി മന്ത്രി ചൂണ്ടിക്കാണിക്കുന്നുണ്ട്.
വീണാ ജോര്‍ജിന്റെ കുറിപ്പ്: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറെ ആശ്വാസമുള്ള ദിവസമാണ് ഇന്ന്. ഒമ്പതു വയസുകാരന് ഉള്‍പ്പെടെ ചികിത്സയിലുണ്ടായിരുന്ന നാല് പേരും അഞ്ച് ദിവസത്തെ ഇടവേളയില്‍ നടത്തിയ രണ്ട് പരിശോധനയിലും നെഗറ്റീവായി രോഗമുക്തരായതായി സ്ഥിരീകരിച്ചിരിക്കുന്നു. നാല് പേരും വീട്ടിലേക്ക് മടങ്ങുകയാണ്. നാല് പേരോടും വീഡിയോ കോളിലൂടെ സംസാരിച്ചു. ആ മകനൊപ്പം ഉമ്മയും ഉണ്ടായിരുന്നു. ഇവര്‍ എല്ലാവരും പൂര്‍ണമായും രോഗവിമുക്തരായിട്ടാണ് വീടുകളിലേക്ക് മടങ്ങുന്നത്. മാരകമായ ഒരു രോഗത്തിനെതിരെ പടപൊരുതി വിജയിച്ചവരാണ് അവര്‍. അതേസമയം തന്നെ ഇവര്‍ക്ക് ഉടനടി മറ്റെന്തെങ്കിലും അണുബാധയോ രോഗങ്ങളോ ഉണ്ടാകുന്നത് തടയേണ്ടതും വളരെ അത്യാവശ്യമാണ്. അതിനാലാണ് വീടുകളില്‍ ഇവര്‍ മാറി താമസിക്കണം എന്നും ഇവര്‍ താമസിക്കുന്ന വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുള്ളത്. രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുന്ന എല്ലാവര്ക്കും ആശംസകള്‍ അറിയിക്കുന്നു. നമ്മുടെ ശ്രദ്ധ കുറയ്ക്കാറായിട്ടില്ല, കാരണം കേരളത്തില്‍ തന്നെ സമ്പര്‍ക്കം ഉണ്ടായി രണ്ടാഴ്ചയ്ക്കു ശേഷവും രോഗികളെ കണ്ടെത്തിയിട്ടുള്ള അനുഭവങ്ങളുണ്ട്. നിപ രോഗത്തിന്റെ ഇന്‍ക്യൂബേഷന്‍ സമയത്തിന്റെ പരിധി 21 ദിവസമാണ്. എങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി പുതിയ രോഗികള്‍ ഇല്ല എന്നത് ആശ്വാസം പകരുന്ന വസ്തുതയാണ്.
ഈ സാഹചര്യത്തില്‍ ഇത്തവണ ഉണ്ടായ നിപ പ്രതിരോധത്തിന്റെ ചില പ്രത്യേകതകള്‍ കൂടി ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. പൊതുവില്‍ മരണനിരക്ക് വളരെ കൂടുതലുള്ള ബംഗ്ലാദേശീയന്‍ നിപ്പയുടെ വകഭേദമാണ് കേരളത്തില്‍ കണ്ടുവരുന്നത്. ഇപ്പോഴത്തെയുള്‍പ്പെടെ കേരളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ നിപ അണുബാധകളിലും, അതോടൊപ്പം വവ്വാലുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളിലും ഇതേ തരത്തില്‍പ്പെട്ട വൈറസിനെ തന്നെയാണ് പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തിയിട്ടുള്ളത്. സാധാരണ രോഗബാധിതരാകുന്നവരില്‍ 70% മുതല്‍ 90% വരെ ആളുകളുടെ മരണത്തിന് കാരണമാകാവുന്ന വൈറസ് വകഭേദമാണിത്. എന്നാല്‍ ഇത്തവണ കോഴിക്കോട് ഉണ്ടായ രോഗാണുബാധയില്‍ ആറുപേരില്‍ രണ്ടുപേരെയാണ് നമുക്ക് നഷ്ടമായത്, അതായത് 33.3% എന്ന താരതമ്യേന കുറഞ്ഞ മരണനിരക്കാണ് നമുക്കുള്ളത്. രോഗികളെ താരതമ്യേന നേരത്തെ കണ്ടെത്താനും ആന്റിവൈറല്‍ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കാനും കഴിഞ്ഞതായിരിക്കാം മരണനിരക്ക് കുറഞ്ഞതിന് കാരണം.
ഇത്തവണയുണ്ടായ നിപ ബാധയുടെ മറ്റൊരു സവിശേഷത ആദ്യ രോഗിയില്‍ നിന്നല്ലാതെ മറ്റൊരാളിലേക്ക് രോഗപ്പകര്‍ച്ച ഉണ്ടായില്ല എന്നതാണ്. അതായത് രോഗാണുബാധ തിരിച്ചറിഞ്ഞ സെപ്റ്റംബര്‍ 11 ന് ശേഷം ഒരു രോഗി പോലും ഉണ്ടാകുന്നത് തടയാന്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. ആദ്യ രോഗി ഉള്‍പ്പെടെ ആറ് രോഗികളില്‍ അഞ്ചു രോഗികളെയും കണ്ടെത്തിയത് സര്‍ക്കാര്‍ സംവിധാനം നേരിട്ടോ അല്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് സ്വകാര്യ ആശുപത്രികളില്‍ നിന്ന് അയച്ച സാമ്പിളുകളില്‍ നിന്നോ ആണ് എന്ന വസ്തുതയും നമ്മുടെ സംവിധാനങ്ങളുടെ കാര്യക്ഷമത തെളിയിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാളും മിംസ് ആശുപത്രിയില്‍ രണ്ടാളും ഇക്രയില്‍ ഒരാളുമാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ ഒമ്പതു വയസ്സുകാരന് ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു. നിപ പോസിറ്റീവായി വെന്റിലേറ്ററിലായിരുന്ന രോഗി ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്നത് വളരെ വലിയ ആശ്വാസമാണ്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ചികിത്സയിലും അഹോരാത്രം പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുകയും ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു.
കൂടുതല്‍ രോഗികളെ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ടുള്ള മറ്റൊരു പ്രധാനപ്പെട്ട ഗുണം നിപയെ പ്രതിരോധിക്കാന്‍ ഭാവിയില്‍ ഇത് വളരെ ഗുണം ചെയ്യും എന്നതാണ്. മുന്‍പുണ്ടായ രണ്ട് നിപ അണുബാധകളില്‍ നിന്നായി മൂന്നുപേര്‍ രോഗാവസ്ഥയുടെ കടന്നുപോയതിന് ശേഷം രക്ഷപ്പെട്ടിട്ടുണ്ട്, ഇത്തവണ മാത്രം നാലുപേരും. അങ്ങനെ ഏഴ് പേര് നമ്മുടെ നാട്ടില്‍ നിപ രോഗത്തിന്റെ പിടിയില്‍ നിന്നും രോഗബാധ ഉണ്ടായതിന് ശേഷവും രക്ഷപ്പെട്ടിട്ടുണ്ട്. രോഗബാധയെ കഴിയുന്നത്ര നേരത്തെ കണ്ടെത്തി പ്രതിരോധിക്കുന്നതിനായി, രോഗാണുബാധ അത് ആദ്യം പ്രത്യക്ഷപ്പെടുന്ന ഇടത്ത് തന്നെ വേഗത്തില്‍ കണ്ടെത്താന്‍ ട്രൂനാട്ട് ടെസ്റ്റുകള്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ ഹൈറിസ്ക് മേഖലകളിലും സ്ഥാപിക്കാനുള്ള ഉദ്യമം തുടങ്ങി കഴിഞ്ഞു. അതിനുള്ള പരിശീലനം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. നമ്മുടെ നാട്ടിലെ ചില പ്രത്യേക ഇനം വവ്വാലുകളില്‍ അപൂര്‍വ്വമായി കണ്ടുവരുന്നതായി തെളിവുകളുള്ള നിപ വൈറസിന്റെ പ്രസ്തുത വകഭേദം ഏത് രീതിയിലാണ് മനുഷ്യനിലേക്ക് എത്തുന്നത് എന്നത് ഇന്നും ഐസിഎംആറിനും ഉത്തരമില്ലാത്ത ചോദ്യമാണ്. അത് കണ്ടെത്തുന്നതിനും നിപ അണുബാധ കാരണം മനുഷ്യജീവന് നഷ്ടപ്പെടുന്ന സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുമായി വണ്‍ ഹെല്‍ത്ത് പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ജില്ലയിലേക്ക് വ്യാപിപ്പിക്കുകയും ഗവേഷണപ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുകയും ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]