കാലം അതിവേഗം മാറുകയാണ്. അത് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രതിഫലിക്കുന്നുണ്ട്. അതിൽ പ്രണയവും വിവാഹവും എല്ലാം പെടുന്നു. ഡേറ്റിംഗ് ആപ്പുകളും ഡേറ്റും ഒന്നും ഇന്നൊരു പുതിയ കാര്യമേ അല്ല. പലരും ഇന്ന് ഡേറ്റിംഗ് തിരഞ്ഞെടുക്കുന്നത് അവരവർക്ക് യോജിച്ച പ്രണയത്തെയും പങ്കാളികളെയും കണ്ടെത്തുന്നതിന് വേണ്ടിയാണ്. എന്നാൽ, റഷ്യയിൽ നിന്നും ഡേറ്റിംഗുമായി ബന്ധപ്പെട്ട് വളരെ വിചിത്രമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
റഷ്യയിൽ ഒരു യുവാവും യുവതിയും ഡേറ്റിന് പോയി. എന്നാൽ, പൊലീസ് ഇപ്പോൾ ഡേറ്റിന് പോയ യുവതിക്ക് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്താണ് യുവതി ചെയ്ത തെറ്റ് എന്നല്ലേ? നമുക്കറിയാവുന്നത് പോലെ ഡേറ്റിന് പോയാൽ റെസ്റ്റോറന്റിലെ ബില്ല് ആര് കൊടുക്കണം എന്ന കാര്യത്തിൽ എപ്പോഴും ചർച്ച നിലനിൽക്കുന്നുണ്ട്. ചിലർ പറയുന്നത് രണ്ടുപേരും പപ്പാതി കൊടുക്കണം എന്നാണ്. എന്നാൽ, മറ്റ് ചിലർ പറയുന്നത് പുരുഷൻ കൊടുക്കണം എന്നാണ്.
ഏതായാലും ഇവിടെ യുവാവ് യുവതിക്കെതിരെ പൊലീസിൽ പരാതി നൽകിയത് അവൾ ഡേറ്റിന് പോയിട്ട് ബില്ലിലെ പകുതി തുക നൽകാൻ തയ്യാറായില്ല എന്നും പറഞ്ഞാണ്. ഡേറ്റിന് പോയപ്പോൾ യുവാവ് യുവതിയോട് റെസ്റ്റോറന്റിലെ ബിൽ രണ്ടുപേർക്കും പകുതി പകുതിയായി നൽകാം എന്ന് പറഞ്ഞത്രെ. എന്നാൽ, അതിന് തയ്യാറാവാതെ പണമൊന്നും അടക്കാതെ തന്നെ യുവതി അവിടെ നിന്നും പോയി എന്നാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്.
മോസ്കോയിൽ നിന്നുള്ള 28 -കാരനാണ് പരാതി നൽകിയത്. 16000 രൂപയാണ് ഡേറ്റിന് പോയപ്പോൾ റെസ്റ്റോറന്റിൽ ബിൽ വന്നത്. ഒരു ഓൺലൈൻ പോർട്ടലിലാണ് യുവാവ് യുവതിയെ കുറച്ച് ആഴ്ചകൾക്ക് മുമ്പ് കണ്ടത്. പിന്നീട്, സോഷ്യൽ മീഡിയയിൽ കൂടുതൽ പരിചയപ്പെട്ടു. അങ്ങനെ, ഡേറ്റിന് പോകാൻ തീരുമാനിച്ചു. മിറ അവന്യൂവിലെ ഒരു കഫേയാണ് അവർ ഡേറ്റിന് വേണ്ടി തിരഞ്ഞെടുത്തത്.
ഭക്ഷണത്തിന് ശേഷം വെയിറ്റർ ബില്ലുമായി വന്നു. അപ്പോഴാണ് യുവാവ് ബിൽ പകുതി പകുതിയായി വിഭജിക്കണം എന്ന് പറയുന്നത്. എന്നാൽ, യുവതി അതിന് സമ്മതിച്ചില്ല. കൂടുതൽ ഭക്ഷണവും ഡ്രിങ്കും ഓർഡർ ചെയ്തത് യുവാവാണ് എന്നായിരുന്നു അവൾ കാരണമായി പറഞ്ഞത്. പിന്നാലെ, അവൾ കഫേയിൽ നിന്ന് പോവുകയും ചെയ്തു. ശേഷം യുവാവ് ഇത്രയും രൂപ തനിയെ അടച്ചു. അതിനെ തുടർന്നാണ് ഇയാൾ പൊലീസിൽ യുവതിക്കെതിരെ കേസ് കൊടുത്തത്.
Last Updated Sep 29, 2023, 8:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]