
കൊച്ചി:ആലുവയില്‍ വാക്കുതർക്കത്തിനിടെ അനുജന് ജ്യേഷ്ഠനെ വെടിവച്ച് കൊന്നു.
വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
എടയപ്പുറം തൈപ്പറമ്പില്‍ വീട്ടില്‍ പോള്‍സണ്‍(48) ആണ് ദരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനുജന് തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടില്‍ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ അയല്‍വാസികളുമായി ബന്ധം പുലർത്താറില്ല.
അച്ഛന് ജോസഫിന്റെ എയര്‍ഗണ്‍ ആണ് പോള്‍സനെ കൊല്ലാന്‍ ഉപയോഗിച്ചത്.
ഇന്നലെ വ്യഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത് . വാക്കുതര്‍ക്കത്തിനിടയില്‍ എയര്‍ഗണ്ണുപയോഗിച്ച് തോമസ് പോള്‍സനെ വെടിവക്കുകയായിരുന്നു.
പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തോമസിന്റെ ബൈക്ക് വ്യാഴാഴ്ച രാവിലെ പോള്‍സണ്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസില്‍ പരാതി നല്കി. ഇതേചൊല്ലി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ എയര്‍ഗണ്‍ ഉപയോഗിച്ച് തോമസ് പോള്‍സനെ വെടിവെക്കുകയായിരുന്നു.
തോമസ് തന്നെ ഇക്കാര്യം പൊലീസിനെ അറിയിച്ചു. ഹൈക്കോടതി ജീവനക്കാരനാണ് പ്രതി തോമസ്. ക്യാന്‍സര്‍ ബാധിതനായിരുന്നു മരണപ്പെട്ട പോള്‍സണ്‍.