കണ്ണൂർ∙ കണ്ണപുരത്ത് സ്ഫോടനം നടന്ന വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്കിന്റെ ഇടപാടുകൾ ദുരൂഹം. സ്ഫോടക വസ്തുക്കൾ കൊണ്ടുവന്ന് ഉഗ്രശേഷിയുള്ള പടക്കങ്ങളും ബോംബിന് സമാനമായ വസ്തുക്കളും ഉണ്ടാക്കി വിൽക്കുകയാണ് ഇയാൾ ചെയ്തിരുന്നത്.
തകർന്ന വീടിനു സമീപത്തുനിന്നും കണ്ടെത്തിയതു ബോംബു പോലെ പൊട്ടാൻ ശേഷിയുള്ള സ്ഫോടക വസ്തുക്കളാണ്.
ഉത്സവങ്ങൾക്കുവേണ്ടിയെന്നു പറഞ്ഞാണ് നേരത്തേ അനൂപ് സ്ഫോടക വസ്തുക്കൾ നിർമിച്ചിരുന്നതെങ്കിലും ആർക്കാണു വിറ്റിരുന്നതെന്നുൾപ്പെടെയുള്ള കാര്യങ്ങൾ ദുരൂഹമാണ്. സ്ഫോടക വസ്തു നിരോധന നിയമപ്രകാരം ഏഴ് കേസുകളിൽ പ്രതിയാണ് അനൂപ്.
2022ൽ വിവാഹ പാർട്ടിക്ക് നേരെ ബോംബെറിഞ്ഞു യുവാവിനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ കൂട്ടു പ്രതിയാണ്. 2016ൽ പൊടിക്കുണ്ടിൽ അനൂപ് സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു നിരവധിപ്പേർക്ക് പരുക്കേൽക്കുകയും വീടുകൾ തകരുകയും ചെയ്തു.
ഈ കേസിൽ നിന്നുൾപ്പെടെ അനൂപ് സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടുവെന്ന് ആരോപണമുണ്ടായിരുന്നു.
മൂന്നു മാസത്തേക്കെന്നു പറഞ്ഞാണ് ഒരുവർഷം മുമ്പ് അനൂപ് വീട് വാടകയ്ക്ക് എടുത്തതെന്നു വീട്ടുടമസ്ഥൻ ഗോവിന്ദന്റെ ഭാര്യ ദേവി പറഞ്ഞു. തൊഴിലാളികൾക്കു താമസിക്കാനാണ്, മൂന്നോ നാലോ പേരുണ്ടാകുമെന്നും അനൂപ് പറഞ്ഞു.
മൂന്നു മാസത്തേക്കായതിനാൽ കരാർ എഴുതിയില്ല. ആധാർ കാർഡ് മാത്രമാണു വാങ്ങിയത്.
ഏതാനും ആഴ്ചകൾക്കു മുമ്പ് വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സ്ഫോടക വസ്തുക്കളോ അസ്വാഭാവികമായോ ഒന്നും കണ്ടില്ല. എല്ലാം നല്ല വൃത്തിയായി സൂക്ഷിച്ചിരുന്നു.
വാടകയും കൃത്യമായി നൽകുന്നുണ്ടായിരുന്നു. ഇന്നലെ രാത്രി പൊലീസ് വിളിച്ചു പറയുമ്പോഴാണ് സ്ഫോടനം നടന്നത് അറിയുന്നത്.
തുടർന്ന് വീടിന് അടുത്തള്ളയാളെ വിളിച്ച് ഉറപ്പു വരുത്തി. രാത്രിയിൽ അവിടേക്ക് പോകാൻ സാധിക്കാത്ത അവസ്ഥയായിരുന്നു.
നേരം പുലർന്നപ്പോൾ വീടിന്റെ അവസ്ഥ കണ്ട് ഹൃദയം തകർന്നുവെന്നും ദേവി പറഞ്ഞു.
വീട്ടിനുള്ളിൽ എന്താണ് നടന്നിരുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് നാട്ടുകാരും പറഞ്ഞു. ഏതെങ്കിലുമൊക്കെ സമയത്താണ് ആളുകൾ വരുന്നതും പോകുന്നതും.
മിക്കപ്പോഴും ഹെൽമറ്റ് ധരിച്ചുവരുന്നതിനാൽ ആരാണെന്ന് തിരിച്ചറിയാൻ സാധിക്കുമായിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. സ്ഫോടനത്തിൽ മരിച്ച ചാലാട് സ്വദേശി മുഹമ്മദ് അഹ്സം, അനൂപിന്റെ ഭാര്യാ സഹോദരനാണ്.
ഇയാൾ മുമ്പ് കാൽടെക്സിൽ ഹോട്ടൽ നടത്തിയിരുന്നു. പിന്നീട് വസ്ത്രവ്യാപാരം ഉൾപ്പെടെ പല ജോലികളും ചെയ്തു.
തുടർന്നാണ് അനൂപിന്റെ കൂടെ സഹായിയായി ചേർന്നത്. എന്നാൽ ഇയാൾക്ക് സ്ഫോടക വസ്തുക്കൾ നിർമിക്കുന്നതിൽ വൈദഗ്ധ്യം ഉണ്ടോ എന്ന കാര്യവും അറിയില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]