സത്യൻ അഭിനയിക്കേണ്ടിയിരുന്ന വേഷം പുതുമുഖമായ മധുവിനു നൽകി: കേരളത്തിൽ ആദ്യമായി സ്റ്റുഡിയോയ്ക്ക് പുറത്ത് പാട്ടുകൾ റെക്കോർഡ് ചെയ്ത് ചരിത്രം സൃഷ്ടിച്ചു: മലയാള സിനിമയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകിയ എൻ.എൻ. പിഷാരടി എന്ന ചലച്ചിത്രകാരനെ ഓർക്കുമ്പോൾ…!
കോട്ടയം: പ്രശസ്ത നടൻ ദേവൻ നിർമ്മിക്കുകയും ഹരിഹരന്റെ സംവിധാനത്തിൽ പ്രേംനസീർ , മധു ,കെ ആർ വിജയ , ശ്രീവിദ്യ തുടങ്ങിയവർ അഭിനയിക്കുകയും ചെയ്ത “വെള്ളം ” എന്ന അക്കാലത്തെ വൻ ബഡ്ജറ്റ് ചിത്രത്തെ പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ….?
മലയാളത്തിന്റെ അക്ഷര കുലപതി എം ടി വാസുദേവൻ നായരാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്.
എൻ എൻ പിഷാരടി എഴുതിയ പ്രശസ്ത നോവലായിരുന്നു വെള്ളം .
സ്വന്തം കഥകൾക്കുവേണ്ടി മാത്രം തിരക്കഥകളെഴുതിയിരുന്ന
എം ടി വാസുദേവൻ നായർ എൻ എൻ പിഷാരടിയുടെ നോവലിന് തിരക്കഥയെഴുതാൻ കാണിച്ച സൗമനസ്യം അദ്ദേഹത്തിന്റെ മഹാ ഭാഗ്യങ്ങളിലൊന്നായിരുന്നു.
കൂടാതെ ആദ്യ ചലച്ചിത്രമായ “നിണമണിഞ്ഞ കാൽപ്പാടുകൾ ” ക്ക് 1963 – ലെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചതും പിഷാരടിയുടെ മറ്റൊരു സൗഭാഗ്യം തന്നെ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയാള സിനിമയെ സമ്പന്നമാക്കിയ മധു എന്ന ഉജ്ജ്വല നടനെ ചലച്ചിത്ര രംഗത്ത് ആദ്യമായി അവതരിപ്പിക്കുന്നതും പിഷാരടിയാണ്. സത്യൻ അഭിനയിക്കേണ്ടിയിരുന്ന വേഷമാണ് തികച്ചും പുതുമുഖമായ മധുവിനെക്കൊണ്ട് അവതരിപ്പിച്ച് അദ്ദേഹം ചലച്ചിത്ര ലോകത്തിന്റെ ആദരവ് പിടിച്ചു പറ്റുന്നത് .
കൂടാതെ “മുൾക്കിരീടം ,മുത്ത് എന്നീ ചിത്രങ്ങളിലൂടെ പ്രതാപ് സിംഗ് എന്ന സംഗീതസംവിധായകനെ മലയാളത്തിൽ പരിചയപ്പെടുത്തുന്നതും പിഷാരടി തന്നെ. കേരളത്തിൽ ആദ്യമായി സ്റ്റുഡിയോയ്ക്ക് പുറത്ത് പാട്ടുകൾ റെക്കോർഡ് ചെയ്ത് ചരിത്രം സൃഷ്ടിച്ചതും എൻ എൻ പിഷാരടിയുടെ തൊപ്പിയിൽ ചാർത്തിയ
പൊൻതൂവലുകളിലൊന്നാണ് .
നിർമ്മാണച്ചെലവ് ചുരുക്കാനുള്ള സൂത്രപ്പണിയായിട്ടായിരുന്നു സ്റ്റുഡിയോയ്ക്ക് പുറത്തുള്ള പാട്ട് റെക്കോർഡിങ് എന്ന ആശയം സംഗീത സംവിധായകൻ പ്രതാപ് സിംഗിന്റെ മുൻപിൽ അദ്ദേഹം അവതരിപ്പിച്ചത് .
പ്രതാപ് സിംഗ് ആ വെല്ലുവിളി ധൈര്യപൂർവ്വം ഏറ്റെടുക്കുകയും പിൽക്കാലത്ത് മലയാള ചലച്ചിത്ര സംഗീതസംവിധാന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജോൺസന്റെ സഹായത്തോടു കൂടി 1976 – ൽ “മുത്ത് ” എന്ന ചലച്ചിത്രത്തിനു വേണ്ടി സ്റ്റുഡിയോയ്ക്ക് പുറത്ത് ആദ്യമായി പാട്ടുകൾ റെക്കോർഡ് ചെയ്ത് പുതിയ പരീക്ഷണം വിജയകരമാക്കി തീർക്കുകയും ചെയ്തു.
തീർന്നില്ല….
രാധാ പി വിശ്വനാഥ് , കെ സതി എന്നീ ഗായികമാരേയും
കെ എസ് നമ്പൂതിരി,
കെ നാരായണപിള്ള എന്നീ ഗാനരചയിതാക്കളേയും മലയാളത്തിൽ പരിചയപ്പെടുത്തുന്നത് പിഷാരടിയുടെ സിനിമകളിലൂടെയാണ് .
പെരുമ്പാവൂരിനടുത്തുള്ള മേത്തല എന്ന ഗ്രാമത്തിൽ ജനിച്ച ഈ ചലച്ചിതകാരനെ സാഹിത്യ രംഗത്ത് കൈപിടിച്ചുയർത്തിയത് കൗമുദി ബാലകൃഷ്ണൻ ആയിരുന്നു. പിഷാരടിയുടെ സാഹിത്യ രചനകളെ തന്റെ കൗമുദി വാരികയിലൂടെ പ്രോത്സാഹിപ്പിക്കാൻ ബാലകൃഷ്ണൻ ഒട്ടും മടി കാണിച്ചില്ല.എന്നാൽ അവസരങ്ങൾ ബുദ്ധിപൂർവ്വം ഉപയോഗിക്കാൻ കഴിയാത്തതിനാൽ ചലച്ചിത്ര സംവിധാന രംഗത്ത് പ്രതീക്ഷിച്ച വിജയം പിഷാരടിക്ക് നേടിയെടുക്കാൻ കഴിഞ്ഞില്ല .
ആറു സിനിമകൾ സംവിധാനം ചെയ്യുകയും രണ്ട് സിനിമകൾ നിർമ്മിക്കുകയും ചെയ്ത പിഷാരടിയുടെ
ആദ്യചിത്രമായ ” നിണമണിഞ്ഞ കാൽപ്പാടുകൾ ” പാറപ്പുറത്തിന്റെ ഏറെ പ്രശസ്തമായ നോവലാണ് .
ഈ ചിത്രത്തിൽ പി ഭാസ്കരൻ എഴുതി ബാബുരാജ് സംഗീതം നൽകി പി ബി ശ്രീനിവാസ് പാടി അനശ്വരമാക്കിയ
“മാമലകൾക്കപ്പുറത്ത്
മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട് …”
എന്ന ഗാനം ഇന്നും ലോകത്തെമ്പാടുമുള്ള
മറുനാടൻ മലയാളികൾ ഗൃഹാതുരത്വത്തോടെ മൂളി നടക്കാറുണ്ട് .
വിരലിലെണ്ണാവുന്ന ചിത്രങ്ങളെ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും ഇദ്ദേഹത്തിന്റെ ചിത്രങ്ങളും ചിത്രങ്ങളിലെ ഗാനങ്ങളുമെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു.
കെ പി ഉദയഭാനു പാടിയ
” അനുരാഗ നാടകത്തിൻ
അന്ത്യമാം രംഗം തീർന്നു
അരങ്ങിതിലാളൊഴിഞ്ഞു
കാണികൾ വേർപിരിഞ്ഞു …..”
എന്ന ഗാനത്തിന്റെ ദുഃഖഭാവം സമ്മാനിക്കുന്ന വേദന മലയാളത്തിലെ അപൂർവ്വം ഗാനങ്ങളിലേ അനുഭവപ്പെട്ടിട്ടുള്ളൂ !
“പടിഞ്ഞാറ് മാനത്തുള്ള
പനിനീർപ്പൂ ചാമ്പക്കാ …”
( നിണമണിഞ്ഞ കാൽപ്പാടുകൾ )
“വിമൂക ശോകസ്മൃതികളുയർത്തി …”
( ചിത്രം മുത്ത് – രചന കെഎസ് നമ്പൂതിരി – സംഗീതം പ്രതാപ് സിംഗ് – ആലാപനം യേശുദാസ്.)
“കുളി കഴിഞ്ഞു കോടി മാറ്റിയ … ”
(ചിത്രം മുൾക്കിരീടം – രചന
പി ഭാസ്കരൻ – സംഗീതം
പ്രതാപ് സിംഗ് – ആലാപനം എസ് ജാനകി )
“ആകാശഗംഗയിൽ ഞാനൊരിക്കൽ നീരാടി നിന്നൊരു നേരം … ”
( ചിത്രം റാഗിംഗ് – രചന പിജെ ആൻറണി – സംഗീതം എം കെ അർജുനൻ – ആലാപനം
എസ് ജാനകി )
“സൗരയൂഥപഥത്തിലെന്നോ
സംഗമപ്പൂവിരിഞ്ഞു …”
(ചിത്രം വെള്ളം – രചന മുല്ലനേഴി – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )
എന്നീ ഗാനങ്ങളെല്ലാം എൻ എൻ പിഷാരടിയുടെ ഭാവനയിലൂടെയാണ് വെള്ളിത്തിരയിൽ നിറഞ്ഞുനിന്നത്.
2008 ആഗസ്റ്റ് 30ന് ഈ ലോകത്തോട് യാത്ര പറഞ്ഞ എൻ എൻ പിഷാരടിയുടെ ഓർമ്മദിനമാണിന്ന്.
മലയാള സിനിമക്ക് ഒട്ടേറെ കനത്ത സംഭാവനകൾ നൽകിയ ഈ ചലച്ചിത്രകാരനെ ഇന്ന് ഓർമ്മിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ പ്രിയ ഗാനങ്ങളിലൂടെ പ്രണാമമർപ്പിക്കുകയും ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]