
ബെംഗളുരു: ബെംഗളുരുവിൽ നിർത്തിയിട്ട കാറുകളിൽ കൂട്ടമോഷണം. നാല് കാറുകളിൽ വച്ചിരുന്ന ലാപ്ടോപ്പുകളും ബാഗുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ചില്ല് തകർത്താണ് മോഷ്ടാക്കൾ അടിച്ചെടുത്തത്. ഇന്ദിരാനഗറിലെ 100 ഫീറ്റ് റോഡിലാണ് സംഭവം. മൂന്ന് ലാപ്ടോപ്പുകൾ ഉൾപ്പടെ വില പിടിപ്പുള്ള വസ്തുക്കൾ ആണ് കാറുകളിൽ നിന്നും നഷ്ടമായത്.
ഓഗസ്റ്റ് 22-നാണ് മോഷണം നടന്നത്. എന്നാൽ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെ പുറത്ത് വന്നത്. ബിഎംഡബ്ല്യു അടക്കമുള്ള ആഡംബര കാറുകളുടെ ചില്ലുകൾ തകർത്താണ് മോഷണം നടന്നിരിക്കുന്നത്. ആഡംബരക്കാറുകളെ ലക്ഷ്യമിട്ട് ഒരു സംഘം മോഷ്ടാക്കൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കവർച്ചയാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. സൈലൻസർ ഉള്ള കട്ടർ ഉപയോഗിച്ച് കാറുകളുടെ ചില്ല് തകർത്ത് ഉള്ളിലെ സാധനങ്ങൾ എടുത്ത് മോഷ്ടാക്കൾ കടന്ന് കളയുകയായിരുന്നു.
ഓഗസ്റ്റ് 22 രാത്രി 7.30 ഓടെ തിരക്കുള്ള തെരുവിലായിരുന്നു മോഷണം. സൈലൻസർ ഉള്ള കട്ടർ ഉപയോഗിച്ച് ചില്ല് തകർത്തതിനാൽ ശബ്ദവും ഉണ്ടായില്ല. അതിനാൽ ആരും ശ്രദ്ധിച്ചില്ല. മോഷണ വിവരം ഉടമകളറിഞ്ഞത് പാർക്ക് ചെയ്ത കാറെടുക്കാനെത്തിയപ്പോഴാണ്. കാർ ഉടമകളിൽ ഒരാളായ സൂര്യ എന്ന യുവാവ് സമൂഹമാധ്യമമായ ‘എക്സി’ൽ ദുരനുഭവം പങ്ക് വച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ച് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]