ജയിലറില്‍ വിനായകന് ഗംഭീര വില്ലനായി പ്രേക്ഷക ഹൃദയം കീഴടക്കിയപ്പോള്‍ ആരെങ്കിലുമൊക്കെ മഹേഷ് കുഞ്ഞുമോനേയും ഓര്‍ത്തുകാണും. മൂക്കിന്റെ ഒരു പ്രത്യേക സ്വിച്ചില്‍ വിനായകന്റെ ശബ്ദം ഒളിപ്പിച്ച, വിനായകന്റെ ശബ്ദം ഏറ്റവും പെര്‍ഫെക്ടായി അവതരിപ്പിച്ചിട്ടുള്ള മിമിക്രി കലാകാരന്. അദ്ദേഹത്തിന്റെ മൂക്കിലും തൊണ്ടയുടെ പലയിടങ്ങളിലുമായി വിനായകന് മാത്രമല്ല, സൈജു കുറുപ്പും വിനീത് ശ്രീനിവാസനും ഫഹദും മുതല്‍ നരേന്ദ്രമോദി വരെയുണ്ട്. അപ്രതീക്ഷിത അപകടത്തിലൂടെ കുറച്ച് കാലമായി വിശ്രമത്തിലായിരുന്ന മഹേഷ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ജയിലര്‍ തരംഗം കെട്ടടങ്ങും മുന്‍പ് വിനായകന്റെ ശബ്ദാനുകരണവുമായി യൂട്യൂബിലെത്തി. പുതുതലമുറ മിമിക്രിക്കാരിലെ കിരീടം വയ്ക്കാത്ത ആ രാജാവിന്റെ തിരിച്ചുവരവ് അപ്രതീക്ഷിതമായ വരവിലെ സര്‍പ്രൈസ് കൊണ്ടും അനുകരണത്തിലെ പെര്ഫെക്ഷന് കൊണ്ടും മഹേഷിന്റെ ഇച്ഛാശക്തി കൊണ്ടും പകരം വയ്ക്കാനാകാത്തതാണ്. എന്തായാലും മൂന്ന് മാസത്തോളമായ ഇടവേളയ്ക്ക് ശേഷം യൂട്യൂബില്‍ മടങ്ങിയെത്തിയ മഹേഷിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കുന്നത്. (Mahesh kunjumon video after an interval mimicry)
മടങ്ങി വരാതിരിക്കാനാകില്ലല്ലോ, മടങ്ങിവരേണ്ടത് എന്റെ ആവശ്യമല്ലേ, വീട്ടില്‍ ഇങ്ങനെ ഇരിക്കാന്‍ കഴിയില്ലല്ലോ എന്നായിരുന്നു ഗംഭീരമായ മടങ്ങിവരവിന് ശേഷം മഹേഷ് കുഞ്ഞുമോന് ട്വന്റിഫോറിന് നല്കിയ പ്രതികരണം. നാല് മാസം കഴിഞ്ഞ് മൂക്കിന് സര്ജറിയുണ്ടന്നും അത് കഴിഞ്ഞാല്‍ മരുന്നുകള്‍ ആരംഭിക്കുമെന്നും അതിന് ശേഷം പല്ലിന്റെ ചികിത്സകള്‍ നടക്കുമെന്നും മഹേഷ് ട്വന്റിഫോറിനോട് പറഞ്ഞു. ഒറ്റ ഇരുപ്പില്‍ വിഡിയോ ചെയ്യാന്‍ തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്ന് മഹേഷ് പറയുന്നു. പലപ്പോഴായാണ് വിഡിയോ ഷൂട്ട് ചെയ്തത്. വിനായകന് ചേട്ടന്റെ ശബ്ദം എനിക്ക് താരതമ്യേനെ എളുപ്പമായിരുന്നുവെന്നും മഹേഷ് കൂട്ടിച്ചേര്‍ത്തു. ജയിലറിലെ വിനായകന് മാത്രമല്ല ഇന്നത്തെ വിഡിയോയില്‍ ബാലയേയും സന്തോഷ് വര്ക്കിയേയുമെല്ലാം പെര്‍ഫെക്ടായി തന്നെ മഹേഷ് അനുകരിച്ചിരുന്നു. വിശ്രമത്തിനിടയിലും മഹേഷ് എടുക്കുന്ന ഈ എഫക്ടിന് കമോണ്ട്ട്രാ മഹേഷേ എന്ന് പറഞ്ഞ് നിറഞ്ഞ പ്രോത്സാഹനം നല്‍കുന്നുണ്ട് യൂട്യൂബ് പ്രേക്ഷകരും മഹേഷിനെ ഇഷ്ടപ്പെടുന്നവരും.
വിഡിയോ കണ്ട് വിനീത് ശ്രീനിവാസനും സൈജു കുറുപ്പും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ബന്ധപ്പെട്ടിരുന്നെന്നും അഭിനന്ദനം അറിയിച്ചിരുന്നെന്നും മഹേഷ് ട്വന്റിഫോറിനോട് പറഞ്ഞു. പരിമിതികള്‍ മറികടക്കാന്‍ നിരന്തരം പ്രാക്ടീസുകളില്‍ മുഴുകുകയാണ് മഹേഷ്. ഇനി അടുത്ത വിഡിയോ വൈകില്ലെന്നും ഇനി തുടര്‍ച്ചയായി വിഡിയോകള്‍ ഉണ്ടാകുമെന്നും മഹേഷ് പറഞ്ഞു. ബുദ്ധിമുട്ടുകള്‍ പലതും ഉണ്ടായിരുന്നു. പക്ഷേ ജയിലര്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സിനിമ ഞാന്‍ മൂന്ന് പ്രാവശ്യം കണ്ടു. ഈ ട്രെന്‍ഡ് കഴിഞ്ഞിട്ട് ഞാന്‍ വിനായകന്റെ ശബ്ദവുമായി വന്നിട്ട് കാര്യമില്ലല്ലോ. ആ ട്രെന്‍ഡ് കഴിഞ്ഞ് പോകില്ലേ. വിഡിയോയുടെ കമന്റുകള്‍ കണ്ട് ശരിയ്ക്കും സന്തോഷം തോന്നിയെന്നും മഹേഷ് കുഞ്ഞുമോന് ട്വന്റിഫോറിനോട് പറഞ്ഞു.
മോദിയേയും പിണറായിയേയും ഒരുവേദിയില്‍ നിര്‍ത്തി പാട്ടുപാടിച്ച, മൂക്കിലെ സ്വിച്ചുകള്‍ മാറ്റിമാറ്റിയിട്ട് ബാബുരാജും സൈജു കുറുപ്പും വിനീത് ശ്രീനിവാസനും വിനായകനും ഒക്കെ വരുത്തിയിരുന്ന, ഒറിജിനലിനേക്കാള്‍ ഒറിജിനലായി സ്പോട്ട് ഡബ്ബ് ചെയ്തിരുന്ന, ഫ്ളവേഴ്സിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന മഹേഷ് കൂടുതല്‍ വിഡിയോകളിലൂടെ പൂര്‍ണ ആരോഗ്യവാനായി മടങ്ങിവരാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. മിമിക്രിയുടെ ഒരേയൊരു രാജാവ് മടങ്ങിയെത്തിയിരിക്കുന്നെന്നും, ഒരു അപകടത്തിനും ഞങ്ങളുടെ മഹേഷിനെ തളര്‍ത്താന്‍ കഴിയില്ലെന്നും ആരാധകര്‍ കമന്റിലൂടെ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]