
ടോക്കിയോ∙ ബുധനാഴ്ച രാവിലെ റഷ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തിനു പിന്നാലെ ജപ്പാനിൽ
മുന്നറിയിപ്പു പ്രഖ്യാപിച്ചപ്പോൾ പലരുടെയും ഓർമ 25 ദിവസം പിന്നിലേക്കു സഞ്ചരിച്ചു, ഒപ്പം മനസ്സിൽ തെളിഞ്ഞു റയോ തത്സുകി എന്ന പേരും. ജൂലൈ അഞ്ചിനു പുലർച്ചെ 4.15ന് വിനാശകരമായ സൂനാമി വരുമെന്നും കരുതുന്നതിലും വലിയ നാശനഷ്ടങ്ങൾ സൂനാമിയിൽ സംഭവിക്കുമെന്നുമായിരുന്നു മാംഗ ആർടിസ്റ്റ് റയോ തത്സുകി പ്രവചിച്ചിരുന്നത്.
സ്വപ്നത്തിൽ തനിക്കുണ്ടായ അപകടമുന്നറിയിപ്പാണ് അവർ പങ്കുവച്ചത്. പ്രവചനങ്ങൾ മുൻപും കൃത്യമായി ഫലിച്ചിരുന്നതോടെ ജനം ഭയപ്പാടിലായി.
തത്സുകിയുടെ പ്രവചനത്തിനു പ്രാധാന്യം ലഭിക്കാൻ ഒരു കാരണം കൂടിയുണ്ടായിരുന്നു. ജൂണിൽ പതിവിലും അധികം ഭൂകമ്പങ്ങൾ ജപ്പാനിലുണ്ടായി.
രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ഭൂകമ്പങ്ങൾ. ജൂൺ 23ന് 183 ഭൂചലനങ്ങളാണുണ്ടായത്.
ചെറു ചലനങ്ങൾ വരാനിരിക്കുന്ന വലിയ ഭൂകമ്പത്തിന്റെയും സൂനാമിയുടെയും സൂചനയാണെന്നും ജനം ഭയന്നു. ജപ്പാനിലേക്കു യാത്രകളടക്കം വേണ്ടെന്നു വച്ചവരും ധാരാളം.
ജൂലൈ അഞ്ചിന് അപകടമൊന്നും സംഭവിച്ചില്ലെന്ന ആശ്വാസത്തിൽ തത്സുകിയുടെ പ്രവചനം മറന്നുതുടങ്ങിയപ്പോഴാണ് ഇന്ന് ഭൂകമ്പവും പിന്നാലെ സൂനാമിയും എത്തിയത്.
8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റഷ്യയിലെ കാംചത്ക ഉപദ്വീപിനെ പിടിച്ചുകുലുക്കി. പിന്നീടുണ്ടായ സൂനാമി റഷ്യയിലെ തുറമുഖ നഗരമായ കുറിൽസ്കിൽ വലിയ നാശനഷ്ടമുണ്ടാക്കി.
ജപ്പാനില് സൂനാമി മുന്നറിയിപ്പ് നൽകിയ തീരങ്ങളിൽ എല്ലായിടത്തും ഇതിനകം സൂനാമി തിരകൾ എത്തിയിട്ടുണ്ട്. എന്നാൽ വേണ്ടത്ര സുരക്ഷ മുൻകൂട്ടി കണ്ട് സ്വീകരിച്ചതിനാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല.
2011ലെ ഭൂകമ്പത്തിലും സൂനാമിയിലും വലിയ നാശനഷ്ടം സംഭവിച്ചു പ്രവർത്തന രഹിതമായ ഫുക്കുഷിമ ആണവനിലയത്തിലെ തൊഴിലാളികളെയടക്കം ഇന്ന് ഒഴിപ്പിച്ചിരുന്നു. ലോകമെമ്പാടും പത്തോളം രാജ്യങ്ങൾ സൂനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിൽ മിക്ക ഇടങ്ങളിലും ഇതിനകം സൂനാമി തിരകൾ എത്തിയിട്ടുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]