
കൊച്ചി: പ്രമുഖ ഐടി വ്യവസായിയില്‍ നിന്ന് ഹണി ട്രാപ്പിലൂടെ 30 കോടി രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ കൊച്ചിയില്‍ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ചാവക്കാട് സ്വദേശി ശ്വേത ബാബുവും ഭര്‍ത്താവ് കൃഷ്ണരാജുമാണ് സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. വ്യാജമായുണ്ടാക്കിയ രഹസ്യ ചാറ്റുകള്‍ പുറത്തു വിടുമെന്നും ബലാത്സംഗം ചെയ്തെന്ന് പറഞ്ഞു പരത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടാൻ ശ്രമിച്ചത്.
വ്യവസായി 50,000 രൂപ പണമായി കൈമാറിയ ശേഷം 10 കോടിയുടെ രണ്ട് ചെക്കുകൾ വീതം നൽകി. ബാക്കി 10 കോടി ബാങ്ക് വഴി അയക്കാമെന്ന് പറഞ്ഞു.
പിന്നീട് വിവരം പൊലീസിന് കൈമാറി. പൊലീസിൻ്റെ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പ്രതികളില്‍ നിന്ന് 10 കോടി രൂപയുടെ 2 ചെക്കുകളും പിടിച്ചെടുത്തു. കഴിഞ്ഞ ഒന്നര വർഷമായി ഇൻഫോപാർക്കിലെ ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു ശ്വേത ബാബു.
ഭർത്താവ് കൃഷ്ണരാജ് ഇൻഫോപാർക്കിൽ റെസ്റ്റോറൻ്റ് നടത്തുകയായിരുന്നു. ഓഫീസിൽ പല ക്രമക്കേടുകളും കണ്ടെത്തിയതിന് പിന്നാലെ ശ്വേത ജോലി രാജിവച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ച സ്ഥാപനത്തിലെ രണ്ട് ഡയറക്ടർമാരെയും രണ്ട് ജീവനക്കാരെയും ഇവർ കൊച്ചിയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. എംജി റോഡിലെ ഹോട്ടലിലെത്തിയ ഇവരോട് സ്ഥാപനമുടമയും താനും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നും ഇത് പുറത്തുപറയുമെന്നും ശ്വേത ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
വിവരം പുറത്തുപറയാതിരിക്കാൻ വ്യവസായി 30 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട ശ്വേത, മുദ്രപത്രത്തിൽ ഒപ്പിട്ട് നൽകണമെന്നും നിബന്ധന വെച്ചു.
പത്ത് കോടി രൂപ കൃഷ്ണരാജിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനും ബാക്കി തുക രണ്ട് ചെക്കുകളായി നൽകാനും ശ്വേത ആവശ്യപ്പെട്ടു. കമ്പനി ഡയറക്ടറിൽ നിന്ന് ശ്വേത രണ്ട് ചെക്കുകൾ എഴുതി വാങ്ങി.
ഇതിന് പിന്നാലെ സ്ഥാപനമുടമ കൊച്ചി സെൻട്രൽ പൊലീസിൽ പരാതി നൽകി. സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇന്നാണ് പ്രതികൾ പിടിയിലായത്.
കൃഷ്ണരാജിനെതിരെ നേരത്തെയും കേസുകളുണ്ട്. ദമ്പതികൾ ഐടി സ്ഥാപനത്തിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]