
ഇന്ത്യയ്ക്കും ‘ബങ്കർ ബസ്റ്റർ’; അഗ്നി 5 മിസൈലിന്റെ പുത്തൻ പതിപ്പ് വികസിപ്പിക്കാൻ ഡിആർഡിഒ, ഭൂഗർഭകേന്ദ്രങ്ങളെ തുളച്ചിറങ്ങും
ന്യൂഡൽഹി∙ ഭൂഗർഭ കേന്ദ്രങ്ങളിൽ തുളച്ചുകയറാൻ കഴിയുന്ന, അഗ്നി 5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരിഷ്ക്കരിച്ച പതിപ്പ് ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിക്കുന്നു. ഭൂമി തുരന്ന് സ്ഫോടനം നടത്തുന്ന ബങ്കർ ബസ്റ്റർ ബോംബുകൾ ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരെ യുഎസ് ഉപയോഗിച്ചിരുന്നു.
ഇതിനു പിന്നാലെയാണ്, ഇന്ത്യയും ഇത്തരം ആയുധം വികസിപ്പിക്കുന്ന കാര്യം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്.
നിലവിലുള്ള അഗ്നി 5 മിസൈലിന് 5,000 കിലോമീറ്ററിലധികം ദൂരപരിധിയും പരമ്പരാഗത പോർമുനകളുമാണുള്ളത്.
നവീകരിച്ച പതിപ്പിന് 7,500 കിലോ ഭാരമുള്ള ബങ്കർ ബസ്റ്റർ പോർമുന വഹിക്കാൻ കഴിയും. മിസൈലിന് ശക്തിയേറിയ കോൺക്രീറ്റ് പാളികൾക്കടിയിലുള്ള ശത്രുകേന്ദ്രങ്ങളെ ലക്ഷ്യമിടാനാകും.
80 മുതൽ 100 മീറ്റർ വരെ ഭൂമിക്കടിയിലേക്ക് തുളച്ചുകയറാൻ കഴിയുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. യുഎസിന്റെ പക്കലുള്ള ആയുധങ്ങൾക്ക് തുല്യമായ ആയുധങ്ങൾ നിർമിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്ന് ഇറാനിലെ ഫൊർദോ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിലും ഇസ്ഫഹാനിലെയും നതാൻസിലെയും ആണവ കേന്ദ്രങ്ങളിലും ജൂൺ 22ന് യുഎസ് ആക്രമണം നടത്തിയിരുന്നു. ബി 2 ബോംബർ ഉപയോഗിച്ചായിരുന്നു ആക്രമണം.
ഒന്നര മണിക്കൂറിനുള്ളിൽ ആക്രമണം നടത്തി ബോംബറുകൾ മടങ്ങി. പുലർച്ചെ 2.10നു നടന്ന ‘ ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’ യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ബി 2 ബോംബർ ആക്രമണമായിരുന്നെന്നാണ് യുഎസ് പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടത്.
ബങ്കർ ബസ്റ്റർ ബോംബുകൾ പ്രയോഗിക്കാൻ യുഎസ് വിമാനങ്ങളെ ആശ്രയിക്കുമ്പോൾ ഇന്ത്യ മിസൈലുകളാണ് വികസിപ്പിക്കുന്നത്.
രണ്ട് വകഭേദങ്ങൾ അഗ്നി 5 മിസൈലിനുണ്ടാകും. ഭൂമിക്ക് മുകളിലേയും ഭൂമിക്ക് അടിയിൽ ആഴത്തിലുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ ഇവയ്ക്കാകും.
ഹൈപ്പർസോണിക് മിസൈലുകളാണ് വികസിപ്പിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]