
‘ജീവിതകാലം മുഴുവൻ മാതാപിതാക്കൾക്ക് ഭാരമായിരിക്കാൻ ആഗ്രഹമില്ല’; സ്ത്രീധന പീഡനത്തെത്തുടർന്ന് ജീവനൊടുക്കി നവവധു
തിരുപ്പൂർ∙ സ്ത്രീധന പീഡനത്തെത്തുടർന്ന് തമിഴ്നാട് തിരുപ്പൂരിൽ നവവധു ജീവനൊടുക്കി. തിരുപ്പൂർ സ്വദേശിനിയായ റിധന്യ (27) ആണ് ഭർത്താവിന്റെ ഭർതൃവീട്ടുകാരുടെയും പീഡനം താങ്ങാനാകാതെ ജീവനൊടുക്കിയത്.
ഞായറാഴ്ച അമ്പലത്തിലേക്കാണെന്നു പറഞ്ഞ് കാറെടുത്തിറങ്ങിയ റിധന്യ വഴിയോരത്ത് വാഹനം നിർത്തി കീടനാശിനി ഗുളികകൾ കഴിക്കുകയായിരുന്നു. ഏറെ നേരമായി കാർ വഴിയോരത്ത് കിടക്കുന്നതു കണ്ടതോടെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
ജീവനൊടുക്കുന്നതിനു മുൻപ് ഭർതൃവീട്ടുകാരുടെ പീഡനം വിവരിച്ച് യുവതി പിതാവ് അണ്ണാദുരൈയ്ക്ക് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു.
ഭർത്താവ് തന്നെ ശാരീരികമായും ഭർതൃവീട്ടുകാർ മാനസികമായും പീഡിപ്പിക്കുന്നുവെന്നും മാതാപിതാക്കൾക്കു ഭാരമായിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുന്നതെന്നും സന്ദേശത്തിൽ റിധന്യ പറയുന്നുണ്ട്. ‘‘എനിക്ക് അവരുടെ മാനസിക പീഡനം സഹിക്കാൻ കഴിയുന്നില്ല. ഇതിനെക്കുറിച്ച് ആരോട് പറയണമെന്ന് അറിയില്ല.
ജീവിതം ഇങ്ങനെയായിരിക്കുമെന്നും ഞാൻ വിട്ടുവീഴ്ച ചെയ്യണമെന്നും പലരും പറയുന്നു. എന്റെ കഷ്ടപ്പാട് അവർക്ക് മനസ്സിലാകുന്നില്ല.
എന്റെ ചുറ്റുമുള്ള എല്ലാവരും അഭിനയിക്കുകയാണ്, ഞാൻ എന്തിനാണ് നിശബ്ദയായിരിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ജീവിതകാലം മുഴുവൻ മാതാപിതാക്കൾക്കു ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് ഈ ജീവിതം ഇഷ്ടമല്ല.
ഇത് ഇങ്ങനെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. അവൻ എന്നെ ശാരീരികമായി പീഡിപ്പിക്കുമ്പോൾ അവർ എന്നെ മാനസികമായി ആക്രമിക്കുകയാണ്.
അച്ഛനും അമ്മയുമാണ് എന്റെ ലോകം. എന്റെ അവസാന ശ്വാസം വരെ അച്ഛൻ എന്റെ പ്രതീക്ഷയായിരുന്നു.
ഞാൻ അച്ഛനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അച്ഛന്റെ കഷ്ടപ്പാട് എനിക്ക് മനസ്സിലാകും.
ക്ഷമിക്കണം അച്ഛാ. എല്ലാം കഴിഞ്ഞു.
ഞാൻ പോവുകയാണ്’’ – ശബ്ദസന്ദേശത്തിൽ റിധന്യ പറഞ്ഞു. ഈ വർഷം ഏപ്രിലിൽ ആയിരുന്നു 28കാരൻ കവിൻ കുമാറുമായി റിധന്യയുടെ വിവാഹം. 100 പവൻ സ്വർണവും 70 ലക്ഷം വിലവരുന്ന ആഡംബര കാറും ആണ് മാതാപിതാക്കൾ വിവാഹസമ്മാനമായി നൽകിയത്.
റിധന്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലെത്തിച്ചു. മകൾക്ക് നീതി വേണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളും മറ്റു ബന്ധുക്കളും രംഗത്തെത്തി.
സംഭവത്തിൽ റിധന്യയുടെ ഭർത്താവ് കവിൻ കുമാർ, മാതാപിതാക്കളായ ഈശ്വരമൂർത്തി, ചിത്രാദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് കൂടുതൽ അന്വേഷണം നടക്കുകയാണ്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് @BalbirKumar23/x എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]