
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു പിന്നാലെ റജിസ്ട്രേഷൻ നമ്പരില്ലാത്ത കാർ; ഡാഷ് ബോർഡിൽ വാക്കിടോക്കി, 5 പേർ പിടിയിൽ
കോഴിക്കോട് ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിനു പിന്നാലെ സഞ്ചരിച്ച റജിസട്രേഷൻ നമ്പരില്ലാത്ത കാറും യാത്രക്കാരും പൊലീസ് പിടിയിൽ. വാഹനത്തിൽ സഞ്ചരിച്ച അഞ്ചു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
കാറിൽ സഞ്ചരിച്ചവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി 10.15 വെങ്ങാലിപ്പാലത്തിനു സമീപമാണ് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ അവസാനം സഞ്ചരിക്കുന്ന ആംബുലൻസിന് തൊട്ടുപിന്നിലായി വാഹനവ്യൂഹത്തിന്റെ അതേവേഗത്തിൽ സഞ്ചരിച്ച റജിസ്ട്രേഷൻ നമ്പരില്ലാത്ത കാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് വെസ്റ്റ്ഹിൽ ചുങ്കത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് വഴിയൊരുക്കാൻ നിയോഗിച്ച പൊലീസ് സംഘം കാർ തടയുകയായിരുന്നു. കാർ പരിശോധനയ്ക്കിടെ ഡാഷ് ബോർഡിനു മുകളിലായി വാക്കിടോക്കി കണ്ടെത്തി.
വിഐപി വാഹനവ്യൂഹത്തിന് പിന്നാലെ റജിസ്ട്രേഷൻ നമ്പരില്ലാതെ വേഗത്തിൽ സംശയകരമായി സഞ്ചരിച്ചതു കൂടി കണക്കിലെടുത്ത് ഇവരെ 10.45 ന് അറസ്റ്റ് രേഖപ്പെടുത്തി നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. മലപ്പുറം തിരൂർ സ്വദേശി സി.പി.നസീബ്, വാഴക്കാട് സ്വദേശി ജ്യോതിബാസ്, പാലത്തോൾ സ്വദേശി മുഹമ്മദ് ഹാരിസ്, പെരിന്തൽമണ്ണ സ്വദേശി ഫൈസൽ, പാലക്കാട് ആമയൂർ സ്വദേശി മുഹമ്മദ് കുട്ടി എന്നിവരെയാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും കണ്ണൂരിൽ ഒരു ഇവന്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ടാണ് ഇവർ പോയതെന്നും കണ്ടെത്തി. ചോദ്യംചെയ്യലിനുശേഷം സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചതായും പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]