
ഉത്തരേന്ത്യയിൽ കനത്ത മഴ: 2 മരണം, വെള്ളപ്പൊക്കത്തിൽ കുടുങ്ങി 162 വിദ്യാർഥികൾ; അതിസാഹസിക രക്ഷാപ്രവർത്തനം
ഡൽഹി∙ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡിഷ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഹിമാചലിൽ 10 ജില്ലകളിലും ഉത്തരാഖണ്ഡിൽ 7 ജില്ലകളിലും അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുള്ള മണ്ണിടിച്ചിലിൽ കാണാതായവരിൽ 2 പേരുടെ മൃതദേഹം കണ്ടെത്തി.
7 പേർക്കായി തിരച്ചിൽ തുടരുകയാണ്.
ജാർഖണ്ഡിലെ ജംഷദ്പുരിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒറ്റപ്പെട്ടുപോയ സ്കൂളിലെ വിദ്യാർഥികളെ അതിസാഹസികമായി രക്ഷപ്പെടുത്തി.
162 വിദ്യാർഥികളാണ് പ്രളയത്തിൽ കുടുങ്ങിയത്. ഒരുനില കെട്ടിടത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്കൂൾ ആണിതെന്നാണു വിവരം.
സ്കൂൾ വെള്ളത്തിൽ മുങ്ങിത്തുടങ്ങിയതോടെ അധ്യാപകർ ചേർന്ന് വിദ്യാർഥികളെ സ്കൂളിന്റെ മുകളിലേക്കു കയറ്റി സുരക്ഷിതരാക്കി. കുട്ടികൾ കുടുങ്ങിക്കിടക്കുന്നതറിഞ്ഞതോടെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് ചാർ ധാം തീർഥാടന യാത്ര നിർത്തിവച്ചിരിക്കുകയാണ്.
തീർഥാടകരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. യമുനോത്രി, ഗംഗോത്രി ഹൈവേകളിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
രുദ്രപ്രയാഗ്, ഡെറാഡൂൺ, തെഹ്രി, പൗരി, ചമ്പാവത്, ബാഗേശ്വർ, ഉദം സിങ് നഗർ, ഹരിദ്വാർ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒഡീഷയിൽ കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബിയാസ് നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മാണ്ഡിയിലെ പാണ്ഡോ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു.
36,000 ക്യുസെക്സിലധികം വെള്ളമാണ് പുറത്തേക്കൊഴുക്കിയത്. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് @15bnNdrf/x എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]