
പാന്‍ ഇന്ത്യന്‍ തലത്തില്‍ തരംഗം തീര്‍ക്കുന്ന ചിത്രങ്ങള്‍ കേരളത്തിലും നന്നായി ഓടാറുണ്ട്. ബാഹുബലിയും കെജിഎഫും കാന്താരയും പഠാനുമൊക്കെ അതിന് ഉദാഹരണങ്ങള്‍. ആ നിരയിലേക്ക് ഏറ്റവും ഒടുവില്‍ എത്തിരിയിക്കുന്ന ചിത്രമാണ് നാഗ് അശ്വിന്റെ രചനയിലും സംവിധാനത്തിലും വന്‍ താരനിര അണിനിരന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം കല്‍ക്കി 2898 എഡി. മുന്‍ ബിഗ് സ്കെയില്‍ ചിത്രങ്ങളെപ്പോലെ നാഗ് അശ്വിന് ചിത്രവും കേരള ബോക്സ് ഓഫീസില്‍ മികവ് കാട്ടുന്നുണ്ടോ? ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
27, വ്യാഴാഴ്ചയാണ് കല്‍ക്കി 2898 എഡി ലോകവ്യാപകമായി തിയറ്ററുകളിലെത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ചിത്രത്തില്‍ അതിഥിതാരമായി എത്തിയിട്ടുമുണ്ട് ദുല്‍ഖര്‍. കേരളത്തിലെ 285 സ്ക്രീനുകളിലാണ് കല്‍ക്കി റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്റെ കണക്ക് പ്രകാരം ചിത്രം റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 2.85 കോടിയാണ്. രണ്ടാം ദിനമായ വെള്ളിയാഴ്ച നേടിയിരിക്കുന്നത് 2.75 കോടിയും. അതായത് ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രത്തിന്റെ കേരളത്തില്‍ നിന്നുള്ള കളക്ഷന്‍ 5.6 കോടിയാണ്.
ചിത്രം ഏറ്റവുമധികം കളക്റ്റ് ചെയ്തിരിക്കുന്നത് തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നാണ്, സിനിട്രാക്കിന്റെ കണക്ക് പ്രകാരം 85.5 കോടിയാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് ആദ്യ രണ്ട് ദിനങ്ങളില്‍ ചിത്രം നേടിയിരിക്കുന്നത്. കര്‍ണാടകത്തില്‍ നിന്ന് 15.5 കോടിയും തമിഴ്നാട്ടില്‍ നിന്ന് 8.75 കോടിയും ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നിന്ന് 49.6 കോടിയും. അതേസമയം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്ന ആഗോള കളക്ഷന്‍ 298.5 കോടിയാണ്.
Last Updated Jun 30, 2024, 8:32 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]