
പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണിൽ തർക്കം തീരുംമുൻപ് മന്ത്രി വീണ ജോർജിൻ്റെ ഭർത്താവിൻ്റെ കെട്ടിടത്തിന് മുന്നിൽ പൊലീസ് കാവലിൽ ഓട നിർമാണം തുടങ്ങിയതിൽ പ്രതിഷേധ മാർച്ചുമായി കോൺഗ്രസ്. മാർച്ച് പൊലീസ് ബാരിക്കേട് വെച്ച് തടഞ്ഞു. നിർമാണം തടഞ്ഞ കോൺഗ്രസ് പ്രവർത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അലൈൻമെൻ്റ് മാറ്റം വരുത്തി ഓട നിർമിക്കുന്നു എന്ന് ആരോപിച്ച് ജോലികൾ ആദ്യം തടഞ്ഞത് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് കെകെ ശ്രീധരൻ ആയിരുന്നു. ശ്രീധരൻമാർക്ക് ഇനി സിപിഎമ്മിൽ രക്ഷയില്ലെന്നും ജില്ലാ കമ്മിറ്റി അംഗത്തെ കോൺഗ്രസിലേക്ക് സ്വാഗതം ചെയുന്നതായും പ്രതിഷേധം ഉദ്ഘാടനം ചെയ്ത കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞു.
ഏഴംകുളം – കൈപ്പട്ടൂർ റോഡ് നിർമ്മാണത്തിൽ കൊടുമൺ സ്റ്റേഡിയം ഭാഗത്താണ് ഓടയുടെ അലൈൻമെന്റിൽ തർക്കം വന്നത്. മന്ത്രി വീണ ജോർജ്ജിന്റെ ഭർത്താവ് ജോർജ്ജ് ജോസഫ് സ്വന്തം കെട്ടിടത്തിന് മുന്നിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഓടയുടെ ഗതിമാറ്റിയെന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസും ആരോപണം ഉന്നയിക്കുകയായിരുന്നു. നിർമ്മാണവും തടഞ്ഞു. ഇതോടെയാണ് വിവാദമായത്. വിവാദമായതോടെ സിപിഎം പഞ്ചായത്ത് പ്രസിഡൻ്റ് ആരോപണത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഡിപിആറും അലൈൻമെൻ്റും കണ്ടിട്ടില്ലെന്നായിരുന്നു പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പരാമർശം. അതേസമയം, ഓടയുടെ അലൈൻമെന്റ് മാറ്റാൻ ഒരുഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മന്ത്രി വീണ ജോർജ്ജിന്റെ ഭർത്താവ് ജോർജ്ജ് ജോസഫ്.
Last Updated Jun 29, 2024, 12:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]