
മഡഗാസ്കറിൽ തുടങ്ങുന്ന മൺസൂൺ കാറ്റ്, ലാ നിനാ ആകാതെ ഇത്രയും മഴ; മേഘ രേഖയിലും കൂമ്പാര മേഘങ്ങളിലും പെയ്തിറങ്ങുന്ന കാലവർഷം
കേരളത്തിൽ സംഭവിക്കുന്ന അതിശക്തമയായ മഴയ്ക്ക് കാരണമെന്ത്. ലാ നിനാ പ്രതിഭാസമാണോ വലിയ മഴയ്ക്ക് പിന്നിൽ.
കൂമ്പാര മേഘങ്ങൾ കേരളതീരത്ത് ആശങ്ക സൃഷ്ടിക്കുകയാണോ. മേയിൽ തന്നെ മൺസൂൺ മഴ ഇത്രയും ശക്തിയാർജിക്കാൻ കാരണമെന്ത്.
വിഷയത്തെ കുറിച്ച് മനോരമ ഓൺലൈനോട് സംസാരിക്കുകയാണ് കാലാവസ്ഥ വിദഗ്ധനായ ഡോ.എസ് അഭിലാഷ്. കൊച്ചിയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ചിന്റെ ഡയറക്ടറാണ് അദ്ദേഹം.
ഇത് പ്രീ മൺസൂണല്ല, മൺസൂൺ തന്നെ
ജൂണിലാണ് മൺസൂൺ തുടങ്ങുന്നതെങ്കിലും മേയ് മാസം പകുതിയിൽ മൺസൂൺ തുടങ്ങിയാലും അതിനെ മൺസൂൺ മഴയായി കണക്കാക്കണം. മേയ് മാസത്തിലെ പ്രീമൺസൂൺ മഴയിൽ കൂട്ടേണ്ട
മഴയല്ല ഇത്തവണ പെയ്തത്. ജൂൺ മുതൽ സെപ്റ്റംബർ 30 വരെ ലഭിക്കുന്ന മഴയെയാണ് പൊതുവെ മൺസൂൺ മഴയെന്ന് പറയുന്നത്.
നേരത്തെ മഴ വരുന്ന വർഷങ്ങളിൽ മേയിൽ ലഭിക്കുന്ന മഴ കൂടുതൽ ആകും. കുറച്ച് കാലമായി മേയ് മാസത്തിൽ മഴ കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പ്രധാനപ്പെട്ട കാരണം മൺസൂൺ നേരത്തെ വരുന്നതോ ന്യൂനമർദം മേഖലയിൽ കൂടുതലായി വരുന്നതോ ആണ്.
മലപ്പുറം ജില്ലയിലെ അയ്യപ്പനോവ് വെള്ളച്ചാട്ടം (ചിത്രം ∙ മനോരമ)
മഡഗാസ്കർ മുതൽ മലബാർ വരെ
മൺസൂൺ എന്നത് വലിയ കാലാവസ്ഥാ വ്യൂഹമാണ്. മഡഗാസ്കർ ദ്വീപിന് സമീപത്തുനിന്ന് ഉത്ഭവിക്കുന്ന കാറ്റാണ് തെക്ക് പടിഞ്ഞാറൻ കാറ്റായി ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ തീരത്തേക്ക് എത്തുന്നത്.
മഡഗാസ്കറിനു സമീപത്തെ മസ്കറിൻ എന്ന അതിമർദ മേഖലയിൽ നിന്നാണ് ഈ കാറ്റ് ഉത്ഭവിക്കുന്നത്. ആ അതിമർദ മേഖലയെ നിയന്ത്രിക്കുന്ന ധാരാളം ഘടകങ്ങൾ ഉണ്ട്.
അതിൽ പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങൾ പസഫിക് സമുദ്രത്തിലെയും പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും അന്തരീക്ഷത്തിലെ സ്ഥിതിയാണ്.
ഈ 3 ഘടകങ്ങളും ഇക്കുറി അനുകൂലമായി മാറി. ഇതോടെ മസ്കറിനിലെ അതിമർദ മേഖല ശക്തിയുള്ള അതിമർദ മേഖലയായി രൂപം മാറി.
ലാ നിനാ ആയിട്ടില്ല, പക്ഷേ
ശാന്ത സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം മാറിയതും ഇതിൽ നിർണായകമായി.
നിലവിൽ എൽ നിനോയിൽ നിന്ന് മാറി നിഷ്പക്ഷ അവസ്ഥയിലാണ് ശാന്ത സമുദ്രം. എന്നാൽ ലാ നിനായിൽ എത്തിയിട്ടുമില്ല.
പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ അന്തരീക്ഷം ലാ നിനായ്ക്ക് സമാനമായ അവസ്ഥയിലാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ അന്തരീക്ഷ സ്ഥിതിയും ഏതാണ്ട് ഇതിന് സമാനമാണ്.
ഇതെല്ലാം ഒത്തുവന്നതോടെയാണ് ശരാശരിയിലും കൂടുതൽ മഴ മേയ് മാസത്തിൽ തന്നെ ലഭിച്ചത്. ഇല്ലിക്കൽ കല്ല് (Photo : Special Arrangement)
പിടിച്ച് വലിച്ച് ന്യൂനമർദം
കഴിഞ്ഞ കുറച്ച് കാലങ്ങളായി മൺസൂണിന്റെ തുടക്കത്തിൽ ചക്രവാത ചുഴികൾ അറബിക്കടലിൽ രൂപപ്പെടുന്നുണ്ട്.
തുടർന്ന് ന്യൂനമർദമോ അതിതീവ്ര ന്യൂനമർദമോ ആയി മാറുന്നു. ചിലഘട്ടങ്ങളിൽ ചുഴലിക്കാറ്റുകളായും ഇത് മാറുന്നു.
ഇത്തരം ശക്തിയാർന്ന ന്യൂനർദങ്ങളും മൺസൂൺ കാറ്റിനെ ശ്തിയായി പിടിച്ചുവലിക്കും. ഇക്കുറിയും അങ്ങനെ സംഭവിച്ചു.
അതുകൊണ്ടാണ് തെക്ക് അറബിക്കടലിൽ നിന്ന് വളരെ വേഗത്തിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തേക്ക് മൺസൂൺ വ്യാപിച്ചത്. കന്യാകുമാരി മുതൽ ഗോവ വരെയുള്ള തീരത്ത് ഒറ്റ ദിവസം കൊണ്ട് മഴ ശക്തമായത്.
ഡോ.എസ്.അഭിലാഷ് (Photo : Special Arrangement)
ആഗോള താപനവും മഴയും
ശാന്തസമുദ്രത്തിലെ അന്തരീക്ഷം ഇപ്പോൾ നിഷ്പക്ഷ അവസ്ഥയിലാണ്. മൺസൂണിന് ശേഷമേ ഇത് ലാനിനയിലേക്ക് മാറുമോയെന്ന് പറയാൻ സാധിക്കൂ.
മഴ കുറയാൻ നിലവിൽ സാഹചര്യമില്ല. എൽ നിനോ വന്നാൽ മാത്രമെ ശരാശരിയിലും കുറവ് മഴ രേഖപ്പെടുത്തുക.
നിഷ്പക്ഷ അവസ്ഥയും ലാനിനയും ശക്തമായ മഴ കൊണ്ടുവരും. അതിനാൽ മഴ കുറയാനുള്ള സാഹചര്യം നിലവിൽ ഇല്ല.
ലാനിനാ വന്നാൽ അതിശക്തമായ മഴയായിരിക്കും ലഭിക്കുക. ന്യൂട്രൽ ഫേസിലേക്കു ശാന്തസമുദ്രത്തിലെ അന്തരീക്ഷ സ്ഥിതി മാറിയെന്ന് കരുതി ലാനിനാ ആകണമെന്നില്ല.
ചിലപ്പോഴ് എൽനിനോയിലേക്ക് തന്നെ തിരികെ പോകാം. എന്നാൽ വരും വർഷങ്ങളിൽ ലാനിനാ പ്രതീക്ഷിക്കാം.
ശക്തമായ മഴയും. അന്തരീക്ഷ താപനിലയിൽ 1.2 ഡിഗ്രി സെൽഷ്യസ് വർധന സംഭവിച്ചതും കൂടുതൽ മഴ കിട്ടുന്നതിന് കാരണമാണ്.
ആഗോള താപത്തിന്റ ഭാഗമായി താപനില കൂടുന്നത് അതിതീവ്രമഴയക്ക്ുള്ള സാധ്യത കൂട്ടും. ആഗോള താപനം കൊണ്ടുള്ള താപ വർധനവ് കൂടുതലും അതിതീവ്ര മഴയ്ക്ക് സാഹചര്യം ഒരുക്കുന്നു.
മാവേലിക്കര ഗവ.ആയുർവേദ ആശുപത്രിക്കു സമീപം റോഡരികിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞു കാറിനു മുകളിൽ വീണപ്പോൾ (ചിത്രം ∙ മനോരമ)
ഇത് വെറും തുടക്കം മാത്രം
മൺസൂണിന്റെ തുടക്കം മാത്രമാണ് ഇത്. അടുത്ത നാല് മാസക്കാലം നമ്മൾക്ക് വിശാലമായ മൺസൂൺ ഉണ്ട്.
അതിനിടയിൽ ന്യൂനമർദങ്ങളും ചക്രവാത ചുഴികളും സൈക്ലോണുകളും വരാം. എല്ലാം മഴയ്ക്ക് അനുകൂലമാണ്.
ഇത്രയും മഴ കിട്ടിയ സാഹചര്യത്തിൽ ന്യൂനമർദങ്ങള് കൂടി വന്നാൽ അത് പ്രശ്നങ്ങൾ സൃഷ്ടിക്കും. 2020 മുതലുള്ള പഠനങ്ങളിൽ അറബിക്കടലിലെ ന്യൂനമർദങ്ങൾ കൂടുന്നതിനെ കുറിച്ച് പറയുന്നുണ്ട്.
കിഴക്കൻ അറബിക്കടലിൽ മേയ് മാസത്തിൽ സൈക്ലോണിന് അനുകൂലമാകുന്ന അന്തരീക്ഷ ഘടകവും സമുദ്ര ഘടകവും ഉണ്ടാകുന്നുണ്ടെന്നും പഠനങ്ങൾ പറയുന്നു.
കാറ്റിന് വേഗം പകർന്ന് ‘മേഘരേഖ’യും
ഇപ്പോൾ സംഭവിച്ചികൊണ്ടിരിക്കുന്ന ശക്തമായ കാറ്റ് വലിയ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ചെറിയ സമയത്തേക്ക് സംഭവിക്കുന്ന ഈ ശക്തമായ കാറ്റിന് കാരണം സ്കോൾ വിൻഡ് അഥവാ മേഘരേഖയാണ്.
ഒരേ വരിയിൽ കുറേയെറെ മേഘക്കൂട്ടങ്ങൾ വരുന്ന സമയത്ത് കാറ്റിന്റെ വേഗത പെട്ടെന്ന് വർധിക്കും. ഈ മേഘരേഖ വരുന്ന സമയത്താണ് കാറ്റിന്റെ ശക്തി വർധിക്കുന്നത്.
മേഘങ്ങളിൽ നിന്ന് താഴേക്ക് വരുന്ന കാറ്റിന്റെ വേഗം കൂടി ആകുന്നതോടെ കാറ്റ് വലിയ രീതിയിൽ മേഘരേഖ കാരണം വർധിക്കും. പക്ഷേ ഇത് മിന്നൽ ചുഴിയായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്.
എന്നാൽ ഈ കാറ്റ് മേഘരേഖ കാരണം രൂപപ്പെടുന്നതാണ്. കനത്ത കാറ്റിൽ ചെന്ത്രാപ്പിന്നിയിൽ മരം കടപുഴകി വീണു.
ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടപ്പോൾ (ചിത്രം ∙ മനോരമ)
കൂമ്പാര മേഘത്തിൽനിന്നു താഴേക്ക് വരുന്ന തണുത്ത കാറ്റും 10-15 മിനിറ്റ് വരെ നീണ്ടുനിൽക്കും. സാധാരണ മൺസൂൺ കാറ്റ് 50-60 കിലോമീറ്റർ വേഗതിയിൽ വീശും.
ഇതിന്റെ കൂടെ കൂമ്പാര മേഘങ്ങളിൽ നിന്ന് താഴേക്ക് വീശുന്ന കാറ്റ് കൂടി ആകുന്നതോടെ കേരള തീരത്ത് 70-80 കിലോമീറ്റർവരെ കാറ്റിന് വേഗം കൈവരും. ഇതോടെ നാശനഷ്ടം വരുന്നു.
ചില അവസരങ്ങളിൽ ഇടി–മിന്നിൽ സാധ്യതയും കൂടുന്നു. മേഘരേഖ നൗകാസ്റ്റ് ഉപയോഗിച്ച് പ്രവചിക്കാൻ സാധിക്കും.
മൂന്ന് മണിക്കൂർ മുൻപുള്ള പ്രവചനം മേഘരേഖയിൽ സാധ്യമാണ്. എന്നാൽ മിന്നൽ ചുഴി പ്രവചിക്കാൻ പലപ്പോഴും സാധിക്കാറില്ല.
അറബിക്കടലിലെ കൂമ്പാര മേഘങ്ങൾ
കിഴക്കൻ അറബിക്കടലിൽ കേരളത്തോട് ചേർന്ന് കിടക്കുന്ന മേഖലയിൽ മേഘങ്ങളുടെ കട്ടി കൂടുന്നുതും അതിന്റെ ഘടനമാറുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആഗോള താപനത്തിന്റെ ഭാഗമായി സമുദ്രവും അന്തരീക്ഷവും ഒരുപോലെ ചുടൂപിടിക്കുന്നതിനാലാണ് ഇത്തരം കൂമ്പാര മേഘങ്ങൾ രൂപപ്പെടുന്നത്.
തെക്ക് കിഴക്കൻ അറബിടക്കലിൽ സൈക്ലോൺ ഉണ്ടാകാനും കൂമ്പാര മേഘങ്ങൾ ഉണ്ടാകാനും സാധ്യത കൂടുതലാണ്. കൂമ്പാര മേഘങ്ങളിൽ നിന്നാണ് ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ മഴയുണ്ടാകുക.
തുടർന്ന് ലഘു മേഘവിസ്ഫോടനങ്ങളും സംഭവിക്കും. പണ്ട് മൺസൂൺ സമയത്ത് ഇടിമിന്നൽ സംഭവിക്കാറില്ലായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല.
കൂമ്പാരമേഘങ്ങളാണ് ഇതിന് കാരണം. തിരുവനന്തപുരത്തു വഴിയോര കച്ചവടം നടത്തുന്നയാളുടെ കുട
ശക്തമായ കാറ്റിലും മഴയിലും പറന്നു പോയപ്പോൾ പിടിച്ചു നിർത്താൻ ശ്രമിക്കുന്നു. (ചിത്രം ∙ മനോരമ)
മുൻപ് കേരളത്തിന്റെ തീരത്ത് 6-7 കിലോമീറ്റർ വരെ ഉയരമുള്ള മേഘങ്ങളാണ് രൂപപ്പെട്ടിരുന്നതെങ്കിൽ ഇന്ന് അത് മാറി.
12-15 കിലോമീറ്റർ ഉയരമുള്ള മേഘങ്ങൾ ഉണ്ടാകുന്നു. സമുദ്രനിരപ്പിൽ നിന്ന് ഒരു കിലോമീറ്റർ ഉയരത്തിലാണ് ഇത്തരം വലിയ മേഘങ്ങൾ രൂപപ്പെടുന്നത്.
മേഘങ്ങവുടെ വലിയ കൂട്ടം തന്നെ കേരളതീരത്ത് എത്തുന്നു. ഇതെല്ലാം ശക്തമായ മഴയ്ക്ക് കാരണമാകുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]