
ആലപ്പുഴ: ‘ആവേശം’ സിനിമാ മോഡലിൽ കാറിനുള്ളിൽ സ്വിമ്മിംഗ് പൂള് തയ്യാറാക്കി കുളിച്ച് യാത്ര ചെയ്ത യൂട്യൂബർ സഞ്ജു ടെക്കിക്കും കൂട്ടർക്കുമെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനം കസ്റ്റഡിയിലെടുത്ത ആലപ്പുഴ എൻഫോഴ്സ്മെൻ്റ് ആർടിഒ വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ തീരുമാനിക്കുകയും ഡ്രൈവറുടെയും ലൈസൻസ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. സഞ്ജു ഉള്‍പ്പെടെ എല്ലാവർക്കും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹിക സേവനം ശിക്ഷയായി നൽകും.
യൂട്യൂബിൽ 4 ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിംഗ് പൂളൊരുക്കിയത്. കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക് ടർപോളിൻ കൊണ്ട് സ്വിമ്മിംഗ് പൂൾ തയ്യാറാക്കി. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ഇതിൻ്റെ ദൃശ്യങ്ങൾ ട്യൂബിൽ പോസ്റ്റ് ചെയ്തു. യാത്രക്കിടെ ടര്പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു. എൻജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്സ്മെൻ്റ് വിഭാഗം കാർ കസ്റ്റഡിയിലെടുത്തു.
സഞ്ജു ഉള്‍പ്പെടെ എല്ലാവരേയും ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഡ്രൈവറുടെ ലൈസൻസ് ഒരു വര്‍ഷത്തേക്ക് സസ്പെൻ്റ് ചെയ്തു. വാഹനത്തിൽ രൂപമാറ്റം വരുത്തിയതിന് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കും. എല്ലാവര്ക്കും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹിക സേവനം ശിക്ഷയായി നൽകും.
:
Last Updated May 29, 2024, 5:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]