
ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കിനെ ബാധിക്കുന്ന സുപ്രധാന തീരുമാനമാണ് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം ഏതാനും ദിവസം മുമ്പ് വിമാന കമ്പനികൾക്ക് നൽകിയത്. ഒരു വിഭാഗം ഉപഭോക്താക്കൾക്ക് ഇത് ഗുണകരമായി ഭവിക്കുമ്പോൾ മറ്റൊരു വിഭാഗം യാത്രക്കാർക്ക് അധിക പണം നൽകേണ്ടി വരുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
സാധാരണ ഗതിയിൽ ചില വിമാന കമ്പനികൾ ടിക്കറ്റിനൊപ്പം ചേർക്കുന്ന ചില സേവനങ്ങളുടെ കാര്യത്തിലാണ് സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ സർക്കുലർ. പല ഉപഭോക്താക്കൾക്കും ആവശ്യമില്ലാത്തതായിരിക്കും ഇത്തരം സേവനങ്ങളിൽ പലതും. അധിക സേവനങ്ങൾ ടിക്കറ്റിനൊപ്പം കൂട്ടിച്ചേർക്കാതെ ഓരോ യാത്രക്കാരനും ആവശ്യമുള്ള സേവനങ്ങൾ പ്രത്യേകം തെരഞ്ഞെടുക്കാനുള്ള അവസരം നൽകണമെന്നാണ് ഡിജിസിഎ നിർദേശിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ അധിക സേവനങ്ങളെല്ലാം എടുത്തുമാറ്റിയാൽ അടിസ്ഥാന ടിക്കറ്റ് നിരക്കിൽ കുറവ് വന്നേക്കും. ടിക്കറ്റിനൊപ്പം ചില സേവനങ്ങൾ കൂടി സ്വമേധയാ കമ്പനികൾ ഉൾപ്പെടുത്തിയ ശേഷം യാത്രക്കാർക്ക് അവ വേണ്ടെങ്കിൽ മാത്രം ഒഴിവാക്കുന്ന രീതിയുണ്ട്. ഇതിന് പകരം, അടിസ്ഥാന തുകയിൽ ഒരു അധിക സേവനവും ഉൾപ്പെടുത്താതെ ഇരിക്കുകയും പിന്നീട് ആവശ്യമുള്ള സേവനങ്ങൾ മാത്രം തെരഞ്ഞെടുത്ത് കൂട്ടിച്ചേർത്ത് അതിനുള്ള തുക കൂടി കൊടുക്കാനും അനുവദിക്കണമെന്ന് സാരം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ എന്തൊക്കെ അധിക സേവനങ്ങളാണോ വേണ്ടത് അത് മാത്രം തെരഞ്ഞെടുക്കാനും അതിന് മാത്രം പണം നൽകാനും സാധിക്കും.
നിലവിൽ ഏഴ് അധിക സേവനങ്ങളാണ് ഇങ്ങനെ വേണമെങ്കിൽ മാത്രം എടുത്താൽ മതിയെന്ന സൗകര്യത്തോടെ ഉൾപ്പെടുത്താൻ അവസരം ലഭിക്കേണ്ടത്. പ്രത്യേക സീറ്റുകളുടെ തെരഞ്ഞെടുപ്പ്, കുടിവെള്ളം ഒഴികെയുള്ള ഭക്ഷണ പാനീയങ്ങൾ, എയർലൈൻ ലോഞ്ചുകളുടെ ഉപയോഗം, ചെക്ക് ഇൻ ബാഗേജ് ചാർജ്, കായിക ഉപകരണങ്ങൾ കൊണ്ടുപോകാനുള്ള ചാർജ്, സംഗീത ഉപകരണങ്ങൾ കൊണ്ടുപോകാനുള്ള ചാർജ്, വിലയേറിയ സാധനങ്ങൾ അനുവദനീയമായ പരിധിക്കപ്പുറം കൊണ്ടുപോകുമ്പോൾ അവ ഡിക്ലയർ ചെയ്യാനുള്ള ഫീസ് തുടങ്ങിയവയാണ് ഈ സേവനങ്ങൾ.
ഇത് പ്രകാരം വിമാന കമ്പനികൾക്ക് ഒന്നുകിൽ സൗജന്യമായി ചെക്ക് ഇൻ ലഗേജ് അനുവദിക്കാം, അല്ലെങ്കിൽ പണം നൽകിയാൽ മാത്രം ചെക്ക് ഇൻ ലഗേജ് കൊണ്ടുപോകാം എന്ന നിബന്ധന കൊണ്ടുവരാം. എന്നാൽ ചെക്ക് ഇൻ ലഗേജ് തെരഞ്ഞെടുക്കാതെ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര ചെയ്യാനായി വരുമ്പോൾ ലഗേജ് ഉണ്ടെങ്കിൽ അതിന് അധിക നിരക്ക് ഈടാക്കും. ഈ തുക എത്രയെന്ന് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ യാത്രക്കാരനെ അറിയിക്കണമെന്നും ടിക്കറ്റിൽ അത് രേഖപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഡിജിസിഎയുടെ പുതിയ സർക്കുലർ കൊണ്ട് ടിക്കറ്റ് നിരക്കിൽ കാര്യമായ വ്യത്യാസം വരില്ലെങ്കിലും യാത്രക്കാർക്ക് തങ്ങളുടെ ടിക്കറ്റിനൊപ്പം ആവശ്യമുള്ള സേവനങ്ങൾ മാത്രം ഉൾപ്പെടുത്താനുള്ള സ്വാതന്ത്ര്യം ലഭിക്കും. അതിന് ആനുപാതികമായ കുറവും ടിക്കറ്റിൽ പ്രതിഫലിച്ചേക്കും. അതേസമയം പലപ്പോഴും ടിക്കറ്റിനൊപ്പം ലഭിച്ചിരുന്ന സേവനങ്ങൾ ഓരോന്നും ഇനി അധികമായി തെരഞ്ഞെടുക്കേണ്ടി വരുമ്പോൾ അവ ഉപയോഗിക്കുന്നവർക്ക് അധിക പണം നൽകേണ്ടി വരുമോ എന്ന ആശങ്കയും ഉണ്ട്.
Last Updated Apr 30, 2024, 3:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]