
കോഴിക്കോട്: കോഴിക്കോട് പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവർ ശ്രീകാന്തിനെ വെട്ടിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ. വെള്ളയിൽ സ്വദേശി ധനീഷ് ആണ് അറസ്റ്റിലായത്. പ്രതിയുടെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിലെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ്.
ഇന്നലെ വൈകീട്ട് വെള്ളയിലെ വീട്ടിൽ വെച്ചാണ് പ്രതി ധനീഷ് പിടിയിലായത്. ഹെൽമറ്റ് ധരിച്ച് ഒരാൾ സംഭവസ്ഥലത്ത് നിന്ന് ബൈക്കിൽ പോയെന്ന ദൃക്സാക്ഷി മൊഴിയുടെയും ബീച്ച് റോഡിൽ വിവിധയിടങ്ങളിൽ നിന്നായി ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ഇയാളുടെ അമ്മയോട് കൊല്ലപ്പെട്ട ശ്രീകാന്ത് അപമര്യാദയായി പെരുമാറിയെന്നും തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും കമ്മീഷണർ രാജ്പാൽ മീണ പറഞ്ഞു.
ഇക്കഴിഞ്ഞ 27 ന് പണിക്കർ റോഡരികിൽ നിർത്തിയിട്ടിരുന്ന ശ്രീകാന്തിന്റെ കാർ തീവെച്ച് നശിപ്പിച്ചതും പ്രതി ധനീഷ് തന്നെയാണ്. തൊട്ടടുത്ത ദിവസം ഇതേ സ്ഥലത്ത് ഓട്ടോ നിർത്തിയിട്ട് മദ്യലഹരിയിൽ ഉറങ്ങുന്പോഴാണ് പ്രതി ധനേഷ് ശ്രീകാന്തിനെ വെട്ടിയത്. ആദ്യം ഓട്ടോയ്ക്കുള്ളിൽ വെച്ചും പിന്നീട് ഫുട്പാത്തിൽ നിന്നും മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടുകയായിരുന്നു.
18 ലേറെ വെട്ടുകളായിരുന്നു ശ്രീകാന്തിന്റെ ദേഹത്തുണ്ടായിരുന്നത്. എലത്തൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പ്രഭുരാജ് കൊലക്കേസിലെ പ്രതിയാണ് മരിച്ച ശ്രീകാന്ത്. ഈ കേസുമായി ബന്ധപ്പെട്ട വൈരാഗ്യം കൊലയ്ക്ക് പിന്നിലുണ്ടായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കും. പ്രതിയുമായി പൊലീസ് കൊല നടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Last Updated Apr 30, 2024, 1:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]