
തിരുവനന്തപുരം: ബിജെപി ബന്ധമെന്ന വിവാദത്തിൽ ഇ പി ജയരാജനെ പൂര്‍ണ്ണമായും പിന്തുണച്ച സിപിഎം നിലപാടിൽ പ്രതികരിച്ച് സിപിഐ. സിപിഎമ്മിന്റെ തെറ്റും ശരിയും തീരുമാനിക്കേണ്ടത് സിപിഎമ്മാണെന്നും സിപിഐ നിലപാട് എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ദല്ലാൾമാരെ അകറ്റി നിർത്തണമെന്നത് നിർബന്ധമാണ്. ഇത്തരം വിഷയങ്ങളിൽ ജാഗ്രത പാലിക്കമെന്നത് ഇടതുപാർട്ടികളുടെ പൊതു നിലപാടാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
ബിജെപി ബന്ധ വിവാദത്തിൽ ഇപി ജയരാജനെ പൂര്‍ണ്ണമായും പിന്തുണക്കുകയാണ് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് പിന്നാലെയാണ് സിപിഐ നിലപാട് വ്യക്തമാക്കിയത്. പ്രകാശ് ജാവ്ദേക്കറെ കണ്ടതിൽ തെറ്റില്ലെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. അനാവശ്യ വിവാദം ഉന്നയിച്ച ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ ഇപി നിയമ നടപടി സ്വീകരിക്കും. ബിജെപിക്കെതിരായ പോരാട്ടത്തിന്റെ ചരിത്രം പറഞ്ഞ് വികാരനിര്‍ഭരനായാണ് ജയരാജൻ പാര്‍ട്ടി യോഗത്തിൽ വിശദീകരിച്ചത്.
ജാവ്ദേക്കറുമായുളള കൂടിക്കാഴ്ചക്ക് അപ്പുറം ടിജി നന്ദകുമാറുമായുള്ള സഹകരണത്തിലും തെരഞ്ഞെടുപ്പ് ദിവസം അതിൽ നൽകിയ വിശദീകരണത്തിലുമായിരുന്നു പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തി. തന്നെയും പാര്‍ട്ടിയെയും കുരുക്കാൻ ഗൂഢാലോചന നടന്നെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റിലും ഇപിയുടെ വാദം. ലക്ഷ്യം ഇടതുമുന്നണിയെ ആക്രമിക്കാനായിരുന്നു. ഏതാനും ദിവസമായി ഉരുണ്ട് കൂടി നിന്ന് വിവാദത്തിൽ വ്യക്തത വരുത്തുന്നതിന് അപ്പുറം ഒന്നും ഉദ്ദേശിച്ചിരുന്നില്ലെന്ന വിശദീകരണം പാര്‍ട്ടി മുഖവിലക്കെടുത്തു. നന്ദകുമാറിനെ പോലുള്ള വിവാദ വ്യക്തികളുമായി സൗഹൃദം അവസാനിപ്പിച്ചെന്നും ഇപി പാര്‍ട്ടിയോഗത്തിൽ പറഞ്ഞു. നിയമനടപടിക്കും അനുവാദം തേടി. ഇപിയുടെ നടപടികളിലും അടിക്കടി ചെന്ന് പെടുന്ന വിവാദങ്ങളിലും പാര്‍ട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. തിരക്കിട്ടൊരു നടപടി ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന പൊതു ധാരണയിലാണ് പ്രശ്നം ഇപ്പോൾ ഒത്തു തീര്‍ന്നത്.
Last Updated Apr 29, 2024, 5:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]